'ടോക്കൺ ബാക്ക്ഡ് ഡൗൺ പെയ്‌മെന്റ്' ! ക്രിപ്റ്റോ ഉപയോഗിച്ച് ഇനി വീടും വാങ്ങാം, ഇന്ത്യയിലല്ല

ഡിജിറ്റൽ ആസ്തികൾ കൈവശമുള്ള യുവാക്കൾക്കും നിക്ഷേപകർക്കും തങ്ങളുടെ ക്രിപ്റ്റോ സമ്പാദ്യം നിലനിർത്തിക്കൊണ്ടുതന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്താം

ക്രിപ്റ്റോകറൻസി കൈവശമുള്ളവർക്ക് അത് വിൽക്കാതെ തന്നെ വീട് വാങ്ങുന്നതിനായി മുൻകൂർ പണം നൽകാൻ സഹായിക്കുന്ന പുതിയ സംവിധാനം കോയിൻബേസ് അവതരിപ്പിച്ചു. 'ടോക്കൺ ബാക്ക്ഡ് ഡൗൺ പെയ്‌മെന്റ്' എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

ക്രിപ്റ്റോ വിൽക്കേണ്ടതില്ല

സാധാരണയായി ക്രിപ്റ്റോ കൈവശമുള്ളവർ വീട് വാങ്ങാൻ പണം കണ്ടെത്തണമെങ്കിൽ അത് വിറ്റ് ഡോളറോ രൂപയോ ആക്കി മാറ്റണം. ഇതിന് വലിയ നികുതി നൽകേണ്ടി വരും. എന്നാൽ പുതിയ പദ്ധതി പ്രകാരം നിങ്ങളുടെ ക്രിപ്റ്റോ ഒരു 'ഗ്യാരണ്ടി' ആയി വെച്ച് വായ്പ എടുക്കാം. പരമ്പരാഗത ബാങ്ക് വായ്പകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ഈ സംവിധാനത്തിലൂടെ പണം ലഭ്യമാകും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ രേഖകളുടെ പരിശോധന എളുപ്പമാകും.

ആർക്കൊക്കെ പ്രയോജനപ്പെടും?

ഡിജിറ്റൽ ആസ്തികൾ കൈവശമുള്ള യുവാക്കൾക്കും നിക്ഷേപകർക്കും തങ്ങളുടെ ക്രിപ്റ്റോ സമ്പാദ്യം നിലനിർത്തിക്കൊണ്ടുതന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്താൻ ഇത് സഹായിക്കും. ക്രിപ്റ്റോ വിപണിയിലെ വിലക്കയറ്റവും ഇറക്കവും ബാധിക്കാത്ത രീതിയിലുള്ള പ്രത്യേക സ്മാർട്ട് കരാറുകൾ വഴിയാണ് ഈ ഇടപാടുകൾ നടക്കുന്നത്. ഇന്ത്യയിൽ ഈ കാര്യം നടക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് സൂചനകൾ. എന്നാൽ അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഇപ്പോൾ ഇത് നടക്കുന്നുണ്ട്.

വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ കയ്യിലുള്ള ഡിജിറ്റൽ പണം ഒരു ആസ്തിയായി ഉപയോഗിക്കാൻ കഴിയുന്ന കാലമാണ് വരുന്നത്. റിയൽ എസ്റ്റേറ്റ് രംഗവും ക്രിപ്റ്റോ ലോകവും തമ്മിലുള്ള അകലം കുറയ്ക്കാൻ ഈ നീക്കം സഹായിക്കും.

യു എ എയിൽ വീട് വാങ്ങാം

യുഎഇയിൽ റിയൽ എസ്റ്റേറ്റ്, ട്രാവൽ മേഖലകളിൽ ക്രിപ്റ്റോകറൻസി പേയ്‌മെന്റുകൾ വ്യാപകമാകുന്നു. വിർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റിയുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കുന്നതിലൂടെ രാജ്യം ആഗോള ക്രിപ്റ്റോ ഹബ്ബായി മാറുകയാണ്.

ദുബായിലെയും അബുദാബിയിലെയും പ്രമുഖ ബിൽഡർമാർ ഇപ്പോൾ ക്രിപ്റ്റോ പണമായി സ്വീകരിക്കുന്നുണ്ട്. നേരിട്ട് ബിറ്റ്‌കോയിൻ നൽകി ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ വാങ്ങാൻ ഇപ്പോൾ സാധിക്കും.

വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഹോട്ടലുകളിൽ താമസിക്കാനും ക്രിപ്റ്റോ ഉപയോഗിക്കാവുന്ന സംവിധാനം നിലവിലുണ്ട്. ചില പ്രമുഖ എയർലൈനുകൾ ഇതിനോടകം തന്നെ ക്രിപ്റ്റോ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

സാധാരണ പണം ഉപയോഗിക്കുന്നത് പോലെ തന്നെ ക്രിപ്റ്റോ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനും സ്വത്ത് വാങ്ങാനും കഴിയുന്ന ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറിയിരിക്കുന്നു. ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ഈ മുന്നേറ്റം പ്രവാസികൾക്കും ബിസിനസ്സുകാർക്കും വലിയ അവസരങ്ങളാണ് നൽകുന്നത്.

Content Highlight: Coinbase has introduced a new system called “Token-Backed Down Payment,”

To advertise here,contact us