സെറോദയിൽ ട്രേഡിംഗ് ഇനി ചെലവേറും, 20 രൂപയുടെ ഫീസ് 40 ആക്കി ഉയർത്തി

ഇൻട്രാഡേ ട്രേഡുകൾ സെബി നിയമങ്ങൾക്കുള്ളിലാണെന്ന് ഉറപ്പുവരുത്താത്ത പക്ഷം ഓരോ ഇടപാടിനും ഇരട്ടി തുക നൽകേണ്ടി വരും

രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെറോദ ഇൻട്രാഡേ ഡെറിവേറ്റീവ് ഇടപാടുകൾക്കുള്ള ഫീസ് കുത്തനെ കൂട്ടി. ഏപ്രിൽ ഒന്ന് മുതൽ തിരഞ്ഞെടുത്ത ചില ട്രേഡുകൾക്ക് നിലവിലുള്ള 20 രൂപയ്ക്ക് പകരം 40 രൂപ വീതം ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. എന്നാൽ എല്ലാ വ്യാപാരികൾക്കും ഈ വർധനവ് ബാധകമല്ലെന്നതാണ് ആശ്വാസകരമായ വാർത്ത.

വ്യവസ്ഥകൾ പാലിക്കാത്തവർക്ക്

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്കും കൃത്യമായ മാർജിൻ വ്യവസ്ഥകൾ പാലിക്കാത്തവർക്കും മാത്രമാണ് ഈ അധിക ഫീസ് ബാധകമാകുന്നത്. നിയമങ്ങൾ അനുസരിച്ച് വ്യാപാരം നടത്തുന്നവർക്ക് പഴയ നിരക്കായ 20 രൂപയിൽ തന്നെ തുടരാം.

സുതാര്യതക്ക് പ്രധാന്യം

ഓഹരി വിപണിയിലെ സുതാര്യത ഉറപ്പാക്കാനും റിസ്ക് കുറയ്ക്കാനും സെബി കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ പാലിക്കാതെ ട്രേഡിംഗ് നടത്തുന്നവരെ നിരുത്സാഹപ്പെടുത്താനാണ് സെറോദ ഫീസ് ഇരട്ടിയാക്കുന്നത്.

ഇൻട്രാഡേ ട്രേഡുകൾ സെബി നിയമങ്ങൾക്കുള്ളിലാണെന്ന് ഉറപ്പുവരുത്താത്ത പക്ഷം ഓരോ ഇടപാടിനും ഇരട്ടി തുക ഫീസായി നൽകേണ്ടി വരും. ഇത് ചെറുകിട വ്യാപാരികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചേക്കാം.

Content Highlights : Zerodha doubles intraday F&O brokerage to ₹40 for select traders from April 1: Check details

To advertise here,contact us