നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ പേരില്‍ വായ്പ എടുത്തിട്ടുണ്ടോ? അറിയാന്‍ വഴിയുണ്ട്

നിങ്ങളുടെ അറിവില്ലാതെ നടന്ന ഏതെങ്കിലും ഇടപാടുകളോ അന്വേഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും വൈകാതെ ബന്ധപ്പെട്ട ക്രെഡിറ്റ് ബ്യൂറോയെ വിവരം അറിയിക്കണം

ഡിജിറ്റല്‍ യുഗത്തില്‍ സാമ്പത്തിക ഇടപാടുകള്‍ എളുപ്പമായതിനൊപ്പം ചതിക്കുഴികളും വര്‍ധിച്ചിട്ടുണ്ട്. മറ്റൊരാളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വന്‍തുക വായ്പയെടുക്കുന്ന തട്ടിപ്പുകളാണ് ഇപ്പോള്‍ വ്യാപകമാകുന്നത്. ഉടമ അറിയാതെ നടക്കുന്ന ഇത്തരം ഇടപാടുകള്‍ സിബില്‍ സ്‌കോറിനെ തകര്‍ക്കുകയും ഭാവിയില്‍ വായ്പകള്‍ ലഭിക്കുന്നത് തടയുകയും ചെയ്യും. നിങ്ങളുടെ അനുവാദമില്ലാതെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും വായ്പ എടുത്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കുമെന്ന് നോക്കാം.

ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം

പാന്‍ കാര്‍ഡ് ഉപയോഗിച്ച് വായ്പ എടുത്തിട്ടുണ്ടോ എന്നറിയാനുള്ള ആദ്യ വഴി ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക എന്നതാണ്. സിബില്‍, എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ് തുടങ്ങിയ ക്രെഡിറ്റ് ബ്യൂറോകള്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ നിലവിലുള്ളതും കഴിഞ്ഞുപോയതുമായ എല്ലാ വായ്പകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

അന്വേഷണങ്ങള്‍ നിസ്സാരമായി കാണരുത്

നിങ്ങളുടെ പേരില്‍ നിലവില്‍ ലോണ്‍ ഇല്ലെങ്കിലും പാന്‍ കാര്‍ഡ് സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ല. വായ്പയ്ക്കായി ആരെങ്കിലും നിങ്ങളുടെ പാന്‍ വിവരങ്ങള്‍ നല്‍കി അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ ജാഗ്രത പാലിക്കണം. ഇത്തരം അന്വേഷണങ്ങള്‍ പോലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.

സംശയം തോന്നിയാല്‍ റിപ്പോര്‍ട്ട് ചെയ്യുക

നിങ്ങളുടെ അറിവില്ലാതെ നടന്ന ഏതെങ്കിലും ഇടപാടുകളോ അന്വേഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും വൈകാതെ ബന്ധപ്പെട്ട ക്രെഡിറ്റ് ബ്യൂറോയെ വിവരം അറിയിക്കണം. ബാങ്കുകളിലും പരാതി നല്‍കണം. വായ്പ അനുവദിച്ച ബാങ്കിലെ മാനേജര്‍ക്ക് സംഭവത്തെക്കുറിച്ച് വിശദമായ പരാതി എഴുതി നല്‍കുക. പരാതി സ്വീകരിച്ചതിന്റെ രസീത് കൈപ്പറ്റാന്‍ മറക്കരുത്.

പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപരിചിതര്‍ക്ക് കൈമാറുന്നത് അപകടമാണ്. ഓരോ മാസവും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് ഇത്തരം തട്ടിപ്പുകളില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കും. തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എത്തി തട്ടിപ്പിനെക്കുറിച്ച് വിവരിക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇത് ഭാവിയിലുള്ള നിയമനടപടികളില്‍ സഹായകരമാകും. ബാങ്കില്‍നിന്നും പൊലീസില്‍നിന്നും ലഭിച്ച പരാതികളുടെ പകര്‍പ്പും തട്ടിപ്പിന്റെ മറ്റ് രേഖകളും സഹിതം റിസര്‍വ് ബാങ്ക് ഓംബുഡ്സ്മാന് ഇമെയില്‍ അയയ്ക്കുക. നീതി ലഭിക്കാന്‍ ഇത് അത്യാവശ്യമാണ്.

പാന്‍ ദുരുപയോഗം എങ്ങനെയൊഴിവാക്കാം?

ഇന്നത്തെ കാലത്ത് മിക്ക ഇടപാടുകള്‍ക്കും ആധാറും പാനും നിര്‍ബന്ധമാണ്. എന്നാല്‍ അവ കൈമാറുമ്പോള്‍ അതീവ ജാഗ്രത വേണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പിലൂടെ വരുന്ന ലിങ്കുകള്‍, സംശയാസ്പദമായ രീതിയില്‍ പെരുമാറുന്ന ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്ക് പാന്‍ വിവരങ്ങള്‍ കൈമാറരുത്. നിങ്ങളുടെ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഒട്ടും വൈകാതെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുക. അടുത്ത കുറച്ചു മാസങ്ങളില്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കുകയും വേണം.

സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ്വേഡുകള്‍ നല്‍കുക. പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ക്രെഡിറ്റ് അപേക്ഷകള്‍ക്ക് എസ്എംഎസ്, ഇമെയില്‍ അറിയിപ്പുകള്‍ ഉറപ്പായും സജീവമാക്കുക. ചെറിയ അശ്രദ്ധ നിങ്ങളുടെ വര്‍ഷങ്ങളായുള്ള സമ്പാദ്യത്തെയും ക്രെഡിറ്റ് സ്‌കോറിനെയും ബാധിച്ചേക്കാം. ജാഗ്രത തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.

Content Highlights: How to check if someone else has taken a loan using your PAN?

To advertise here,contact us