വിദേശ ഓഹരി വിപണികളില്‍ നിക്ഷേപം നടത്താന്‍ കൊതിക്കുന്ന ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സുവര്‍ണ്ണാവസരം. ലോകത്തെ മുപ്പതോളം പ്രമുഖ ഓഹരി വിപണികളിലേക്ക് ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം നല്കുന്ന പുതിയ പദ്ധതി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അവതരിപ്പിച്ചു. അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ ഈ സേവനം പൂര്‍ണ്ണതോതില്‍ ലഭ്യമാകുമെന്ന് എന്‍എസ്ഇ ഐഎക്സ് എംഡിയും സിഇഒയുമായ വി ബാലസുബ്രഹ്മണ്യന് വ്യക്തമാക്കി.
വാള് സ്ട്രീറ്റില്‍ നിക്ഷേപിക്കാം
നിലവില്‍ അമേരിക്കന്‍ വിപണികളിലെ ഓഹരികള്‍ വാങ്ങാനുള്ള സൗകര്യം 'ഗ്ലോബല്‍ ആക്സസ്' പ്ലാറ്റ്ഫോമിലൂടെ ആരംഭിച്ചുകഴിഞ്ഞു. ഇതിനുപിന്നാലെ ബ്രിട്ടന്, ജപ്പാന്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ മുപ്പതോളം വിപണികളിലേക്കും നിക്ഷേപം വ്യാപിപ്പിക്കാനാണ് ലക്ഷ്യം. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി കേന്ദ്രീകരിച്ചാണ് ഈ ആഗോള നിക്ഷേപ ജാലകം തുറക്കുന്നത്.
ഒരു മുഴുവന്‍ ഓഹരി വാങ്ങാന്‍ പണമില്ലെങ്കിലും വിഷമിക്കേണ്ട. ആപ്പിള്‍ പോലെയുള്ള വമ്പന്‍ കമ്പനികളുടെ ഓഹരിയുടെ ഒരു ചെറിയ ഭാഗം പോലും നിങ്ങള്‍ക്ക് സ്വന്തമാക്കാം. വെറും 5 ഡോളര്‍ ഉണ്ടെങ്കില്‍ പോലും നിക്ഷേപം തുടങ്ങാം.
വെറും 30 സെക്കന്‍ഡിനുള്ളില്‍ വീഡിയോ കെവൈസി വഴി അക്കൗണ്ട് തുടങ്ങാനാവും. ആധാര്‍, പാന്‍ കാര്‍ഡുകള്‍ മാത്രം മതി. തുടക്കത്തില്‍ പ്രത്യേക വിദേശ ഡീമാറ്റ് അക്കൗണ്ടുകള്‍ ഇല്ലാതെ തന്നെ ഇടപാടുകള്‍ നടത്താം. ഗിഫ്റ്റ് സിറ്റി വഴി നിക്ഷേപിക്കുന്നത് വഴി സ്റ്റാമ്പ് ഡ്യൂട്ടി, സെക്യൂരിറ്റീസ് ട്രാന്സാക്ഷന് ടാക്സ് തുടങ്ങിയവ ഒഴിവാക്കി വലിയ ലാഭമുണ്ടാക്കാനാവും.
നിക്ഷേപ പരിധി
റിസര്‍വ് ബാങ്കിന്റെ എല്‍ആര്‍എസ് ചട്ടപ്രകാരം ഒരു സാമ്പത്തിക വര്‍ഷം ഒരാള്‍ക്ക് ഏകദേശം 2 കോടി രൂപ വരെ വിദേശത്ത് നിക്ഷേപിക്കാം. ഇന്ത്യന്‍ രൂപ ബാങ്ക് അക്കൗണ്ട് വഴി നല്കിയാല് അത് ഡോളറായി മാറി വിദേശ വിപണിയില്‍ നിക്ഷേപിക്കപ്പെടും.
വിദേശ കമ്പനികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള മലയാളികളായ ടെക്കികള്‍ക്കും പ്രവാസികള്‍ക്കും ഈ നീക്കം വലിയ അനുഗ്രഹമാകും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് ആഗോള കമ്പനികളുടെ ലാഭവിഹിതം കൈപ്പറ്റാന്‍ ഇനി സാധാരണക്കാര്‍ക്കും സാധിക്കും.
Content Highlights: NSE is set to launch a new platform allowing Indian investors direct access to nearly 30 global stock markets within the next 3–6 months