നഷ്ടം ലാഭമാക്കാം; ആദായ നികുതി കുറയ്ക്കാൻ 'ടാക്സ് ഹാർവെസ്റ്റിങ്'

ഓഹരി വിപണിയിലെ നിങ്ങളുടെ നഷ്ടത്തെ ലാഭവുമായി തട്ടിക്കിഴിച്ച് നികുതി ലാഭിക്കുന്ന രീതിയാണിത്

സാമ്പത്തിക വർഷം അവസാനിക്കാറാകുമ്പോൾ നിക്ഷേപകർക്കിടയിൽ ഏറ്റവുമധികം കേൾക്കുന്ന വാക്കാണ് 'ടാക്സ് ഹാർവെസ്റ്റിങ്'. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുന്നതോടൊപ്പം, ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ നിങ്ങളുടെ ആദായ നികുതി ബാധ്യത ഗണ്യമായി കുറയ്ക്കാൻ ഈ രീതി സഹായിക്കും. ലളിതമായി പറഞ്ഞാൽ, ഓഹരി വിപണിയിലെ നിങ്ങളുടെ നഷ്ടത്തെ ലാഭവുമായി തട്ടിക്കിഴിച്ച് നികുതി ലാഭിക്കുന്ന രീതിയാണിത്.

എങ്ങനെ നടത്താം?

നിങ്ങൾ ഈ വർഷം ഓഹരികളിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിച്ച് 2 ലക്ഷം രൂപ ലാഭമുണ്ടാക്കി എന്ന് കരുതുക. ഇതിന് നിങ്ങൾ ആദായ നികുതി നൽകണം. അതേസമയം, നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ചില ഓഹരികൾ നിലവിൽ 50,000 രൂപ നഷ്ടത്തിലാണെന്നും കരുതുക. നിങ്ങൾ അത് വിൽക്കാതെ കൈവശം വെച്ചിരിക്കുകയാണ്. ഇവിടെയാണ് ടാക്സ് ഹാർവെസ്റ്റിങ് വരുന്നത്. നഷ്ടത്തിലുള്ള ആ ഓഹരികൾ നിങ്ങൾ ഇപ്പോൾ വിൽക്കുന്നു. അപ്പോൾ ആ 50,000 രൂപ നിങ്ങളുടെ 'യഥാർഥ നഷ്ടമായി' മാറുന്നു.

ഇനി നിങ്ങളുടെ മൊത്തം ലാഭം കണക്കാക്കുമ്പോൾ 2 ലക്ഷത്തിൽനിന്ന് ഈ 50,000 കുറയ്ക്കും. അതായത്, നിങ്ങൾ 1.5 ലക്ഷം രൂപയ്ക്ക് മാത്രം നികുതി നൽകിയാൽ മതി. നഷ്ടത്തിന് വിറ്റ അതേ ഓഹരികൾ വേണമെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ നിങ്ങൾക്ക് തിരികെ വാങ്ങാം. പക്ഷേ, റെക്കോർഡിൽ ആ നഷ്ടം കാണിക്കുന്നത് വഴി നികുതി ഇളവ് ലഭിക്കുന്നു.

ഒരു വർഷത്തിന് മുകളിൽ കൈവശംവെച്ച ഓഹരികളിൽനിന്നുള്ള ലാഭം ഒരുലക്ഷം രൂപ വരെ നികുതി രഹിതമാണ്. ഈ പരിധി പ്രയോജനപ്പെടുത്താൻ പലരും ലാഭത്തിലുള്ള ഓഹരികൾ വിറ്റ് ഉടൻ തന്നെ തിരികെ വാങ്ങാറുണ്ട്. ചുരുക്കത്തിൽ നിങ്ങളുടെ പോർട്ട്‌ഫോളിയോയിലെ നഷ്ടത്തിലുള്ള നിക്ഷേപങ്ങളെ പുറത്തെടുത്ത്, അതുവഴി നികുതി ഭാരം കുറയ്ക്കുന്ന രീതിയാണ് ടാക്സ് ഹാർവെസ്റ്റിങ്. ഇതിലൂടെ നഷ്ടത്തിനേയും ലാഭമാക്കി മാറ്റാം.

Content Highlights: Mutual fund losses? Here’s how to convert them into tax savings

To advertise here,contact us