ഗ്രൂപ്പ് ബുക്കിങ്ങുകളിൽ സീറ്റുകൾ ഇനി ഒരുമിച്ച്, പെറ്റ് പോളിസിയിലും മാറ്റം: വിമാനക്കമ്പനികൾക്ക് ഡിജിസിഎ നിർദേശം

ടിക്കറ്റ് ഉണ്ടായിട്ടും വിമാനത്തിൽ കയറ്റാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും

വിമാനയാത്രക്കാരുടെ പരാതികൾക്കും ദുരിതങ്ങൾക്കും അറുതി വരുത്താൻ കർശന നിർദേശങ്ങളുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം. വിമാനങ്ങൾ വൈകുന്നത് മുതൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതുവരെയുള്ള കാര്യങ്ങളിൽ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ മാർ​ഗരേഖ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കി.

ടിക്കറ്റ് ഉണ്ടായിട്ടും വിമാനത്തിൽ കയറ്റാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും. വിമാനങ്ങൾ അപ്രതീക്ഷിതമായി വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നൽകേണ്ട ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ ചട്ടങ്ങൾ കൊണ്ടുവന്നു.

ഒരേ ടിക്കറ്റിൽ (പിഎൻആർ ) പേര് രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ യാത്രക്കാരെ വിമാനത്തിൽ ഒന്നിച്ച് ഇരുത്തണമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്. നിലവിൽ ചില വിമാന കമ്പനികൾ ഒരേ പിഎൻആറിൽ ഉള്ളവർക്ക് ഒരുമിച്ചിരിക്കുന്നതിന് വീണ്ടും പണം ഈടാക്കാറുണ്ട്.

ക്രിക്കറ്റ് കിറ്റുകൾ, ഗിറ്റാർ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്നതിനും വളർത്തുമൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകുന്നതിനും ഇനി മുതൽ വ്യക്തമായ നിയമങ്ങൾ ബാധകമാകും. ഇവ കൈകാര്യം ചെയ്യുന്നതിൽ വിമാനക്കമ്പനികൾക്ക് ഇനി തോന്നിയതുപോലെ പെരുമാറാനാകില്ല.

യാത്രക്കാരുടെ കാത്തിരിപ്പ് വിരസമാകാതിരിക്കാൻ വിമാനത്താവളങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും. വിമാനത്താവളങ്ങളിലെ ഭക്ഷണത്തിന് വലിയ വിലയാണെന്ന പരാതിക്ക് പരിഹാരമായി താങ്ങാനാവുന്ന വിലയിൽ ഭക്ഷണം ലഭിക്കുന്ന കഫേകൾ ആരംഭിക്കും. യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യവും വായനയ്ക്കായി ഡിജിറ്റൽ അല്ലെങ്കിൽ ഫിസിക്കൽ ലൈബ്രറികളിലേക്ക് സൗജന്യ ആക്‌സസും നൽകും.

യാത്രക്കാരെ കേന്ദ്രീകരിച്ച് നേരത്തെ നടപ്പിലാക്കിയ പദ്ധതികളുടെ തുടർച്ചയായാണ് ഈ പുതിയ പരിഷ്കാരങ്ങൾ. യാത്രക്കാർക്ക് അർഹമായ പരിഗണന ഉറപ്പാക്കുന്നതിനും വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളിൽ ഏകീകരണം കൊണ്ടുവരുന്നതിനുമാണ് ഈ ഇടപെടൽ.

Content Highlights: Seat Flyers On Same PNR Next To Each Other, Says Government To Indian Airlines

To advertise here,contact us