ബിറ്റ്‌കോയിൻ കൈവിട്ട് വമ്പന്മാർ; വിപണിയിലെ 50% ഇടിവിന് യഥാർഥ കാരണക്കാർ ഇവർ

ലോകം ഒരു യുദ്ധത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും നീങ്ങുമ്പോൾ, 'ഡിജിറ്റൽ സ്വർണം' എന്ന് വിശേഷിപ്പിക്കപ്പെട്ട ബിറ്റ്‌കോയിൻ എന്തുകൊണ്ട് ഇത്ര ദയനീയമായി തകർന്നു?

കഴിഞ്ഞ ഒക്ടോബറിൽ ഏകദേശം 1,26,000 ഡോളർ എന്ന റെക്കോർഡ് ഉയരത്തിൽ നിൽക്കുമ്പോൾ ബിറ്റ്‌കോയിൻ വാങ്ങിയവർ സ്വപ്നം കണ്ടത് അത് ലക്ഷങ്ങൾ കടക്കുമെന്നാണ്. എന്നാൽ വെറും നാലു മാസത്തിനിപ്പുറം, ആ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് വില 50 ശതമാനത്തോളം ഇടിഞ്ഞിരിക്കുന്നു. ലോകം ഒരു യുദ്ധത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും നീങ്ങുമ്പോൾ, 'ഡിജിറ്റൽ സ്വർണം' എന്ന് വിശേഷിപ്പിക്കപ്പെട്ട ബിറ്റ്‌കോയിൻ എന്തുകൊണ്ട് ഇത്ര ദയനീയമായി തകർന്നു?

പ്രശസ്ത സാമ്പത്തിക വിദഗ്ധനായ റിക്ക് എഡൽമാൻ ഈ തകർച്ചയെ വെറുമൊരു വീഴ്ചയായിട്ടല്ല, മറിച്ച് വിപണിയിലെ 'അനാവശ്യ കൊഴുപ്പ്' നീക്കം ചെയ്യുന്ന ഒരു ശുദ്ധീകരണ പ്രക്രിയയായിട്ടാണ് കാണുന്നത്. മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളും വലിയ കമ്പനികളുടെ വൻതോതിലുള്ള വിൽപനയും ഈ തകർച്ചയ്ക്ക് വേഗം കൂട്ടിയതെങ്ങനെയെന്നും, ഇത്രയേറെ വീണിട്ടും ബിറ്റ്‌കോയിൻ എങ്ങനെ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും നമുക്ക് നോക്കാം.

ബിറ്റ്‌കോയിൻ മൈനിങ് കമ്പനികൾ

ബിറ്റ്‌കോയിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വലിയ കമ്പനികൾ പ്രതിസന്ധി ഘട്ടത്തിൽ വലിയ തോതിൽ ബിറ്റ്‌കോയിൻ വിറ്റഴിച്ചു. മൈനിങ് രംഗത്തെ ഭീമന്മാരായ ബിറ്റ് ഡീർ അവരുടെ കൈവശമുള്ള ബിറ്റ്‌കോയിൻ പൂർണമായും വിറ്റഴിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പുതിയ പരീക്ഷണങ്ങൾക്കും ഡേറ്റാ സെന്ററുകൾ നിർമിക്കാനുമുള്ള പണം കണ്ടെത്താനുമാണ് അവർ ഈ വഴി തിരഞ്ഞെടുത്തത്. ചെലവ് വർധിച്ചതും ബിറ്റ്‌കോയിൻ മൂല്യം കുറഞ്ഞതും കാരണം ലാഭകരമല്ലാത്ത അവസ്ഥ വന്നപ്പോൾ പല മൈനിങ് കമ്പനികളും തങ്ങളുടെ സ്റ്റോക്ക് വിപണിയിലിറക്കി.

വളർത്തിയവർ തന്നെ തകർക്കുന്നു

2024-ൽ ബിറ്റ്‌കോയിൻ കുതിപ്പിന് കാരണമായ വലിയ ഫണ്ടുകൾ ഇപ്പോൾ തകർച്ചയ്ക്കും കാരണമാകുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബിറ്റ്‌കോയിൻ ഫണ്ടുകളിൽ ഒന്നായ ഗ്രേസ്കെയിൽ കഴിഞ്ഞ മാസങ്ങളിൽ ലക്ഷക്കണക്കിന് ബിറ്റ്‌കോയിനുകളാണ് വിറ്റഴിച്ചത്. നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചപ്പോൾ, അവർക്ക് പണം നൽകാനായി ഗ്രേസ്കെയിലിന് ബിറ്റ്‌കോയിൻ വിൽക്കേണ്ടി വന്നു.ഫെഡിലിറ്റി, ബ്ലാക്ക്‌റോക്ക് കമ്പനികളുടെ ഇടിഎഫുകളിൽനിന്നും വലിയ തോതിൽ പണം പിൻവലിക്കപ്പെട്ടത് വിപണിയിൽ സമ്മർദമുണ്ടാക്കി.

വീഴ്ചക്ക് ആക്കം കൂട്ടി 'തിമിംഗലങ്ങൾ'

വലിയ അളവിൽ ബിറ്റ്‌കോയിൻ കൈവശം വെച്ചിരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് 'തിമിംഗലങ്ങൾ' എന്ന് വിളിക്കുന്നത്. ഇറാൻ-ഇസ്രായേൽ യുദ്ധം കടുക്കുമെന്ന് കണ്ടതോടെ, വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഭയന്ന് പല വലിയ വാലറ്റുകളിൽനിന്നും ബിറ്റ്‌കോയിൻ എക്സ്ചേഞ്ചുകളിലേക്ക് മാറ്റുകയും വിൽക്കുകയും ചെയ്തു. അടുത്ത കാലത്ത് ജർമൻ സർക്കാർ തങ്ങളുടെ പക്കലുണ്ടായിരുന്ന (നിയമവിരുദ്ധമായി പിടിച്ചെടുത്ത) കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ബിറ്റ്‌കോയിൻ വിപണിയിൽ വിറ്റഴിച്ചത് വില താഴാൻ കാരണമായ ഒരു പ്രധാന ഘടകമാണ്.

യുദ്ധം കാരണം വിപണി ഇനിയും തകരുമെന്ന പേടിയിലായിരുന്നു അവർ വിറ്റഴിച്ചത്. ബിസിനസ് ആവശ്യങ്ങൾക്കും, കടം വീട്ടാനും വേണ്ടി പെട്ടെന്ന് പണം കണ്ടെത്താനും ബിറ്റ് കോയിൻ വില്പന നടത്തിയവർ ഉണ്ട്. അതുപോലെ നേരത്തെ കുറഞ്ഞ വിലയ്ക്ക് വാങ്ങിയവർ, വില വീണ്ടും താഴുന്നതിന് മുൻപ് ലാഭം എടുത്തു മാറാൻ ശ്രമിച്ചു. ഇത്രയും വലിയ വിൽപന നടന്നിട്ടും മൈക്രോ സ്ട്രാറ്റജി പോലുള്ള ചില കമ്പനികൾ ഇപ്പോഴും ബിറ്റ്‌കോയിൻ വിൽക്കാതെ മുറുകെ പിടിക്കുന്നുണ്ട്.

ചുരുക്കത്തിൽ, ലോകം ഇന്ന് ഒരു ഇരട്ട പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഒരു വശത്ത് ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യം നിത്യജീവിതത്തിലെ ഇന്ധനവിലയെയും ഭക്ഷണച്ചെലവിനെയും ബാധിക്കുമ്പോൾ, മറുവശത്ത് ബിറ്റ്‌കോയിൻ അടക്കമുള്ള സാമ്പത്തിക വിപണികൾ അനിശ്ചിതത്വത്തിന്റെ ആഴക്കടലിലാണ്.

റിക്ക് എഡൽമാനെപ്പോലുള്ള വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് പോലെ, വിപണിയിലെ ഈ 50% ഇടിവ് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഭയപ്പെടേണ്ട ഒരു 'അന്ത്യമല്ല', മറിച്ച് വിപണിയിലെ താൽക്കാലികമായ ഒരു തിരുത്തൽ മാത്രമാണ്. ബിറ്റ്‌കോയിൻ ഉപേക്ഷിക്കുന്ന വമ്പൻ കമ്പനികൾ മറ്റൊരു വലിയ സാങ്കേതിക വിപ്ലവമായ AI-ലേക്ക് പണം മാറ്റുമ്പോൾ, ക്രിപ്‌റ്റോ ലോകം കൂടുതൽ പക്വതയാർന്ന പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

യുദ്ധം അവസാനിക്കുകയും ഊർജ്ജ വിപണി ശാന്തമാവുകയും ചെയ്യുമ്പോൾ, ഈ തകർച്ചയെ അതിജീവിക്കുന്ന നിക്ഷേപങ്ങൾക്കായിരിക്കും വരുംകാലത്ത് കരുത്തുണ്ടാവുക. അതുകൊണ്ടുതന്നെ, പരിഭ്രാന്തരായി തീരുമാനങ്ങൾ എടുക്കുന്നതിന് പകരം, മാറുന്ന ആഗോള സാഹചര്യങ്ങളെ കരുതലോടെ നിരീക്ഷിക്കുക എന്നതാണ് നിലവിലെ പോംവഴി.

Content Highlights: ‘Crypto winter’: Why is Bitcoin crashing?

To advertise here,contact us