ലോകം മുഴുവൻ ഡിജിറ്റൽ വിപ്ലവത്തിന് പിന്നാലെ പായുമ്പോൾ, സാക്ഷാൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ തന്റെ പോക്കറ്റിൽ ഒരു ബിറ്റ്കോയിൻ പോലും സൂക്ഷിക്കാത്തത് എന്തുകൊണ്ടായിരിക്കും?
ഇലോൺ മസ്കിനെപ്പോലുള്ള ശതകോടീശ്വരന്മാർ ക്രിപ്റ്റോകറൻസിക്ക് വേണ്ടി വാദിക്കുകയും സോഷ്യൽ മീഡിയയിൽ അതിനെ പുകഴ്ത്തുകയും ചെയ്യുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ ബിൽ ഗേറ്റ്സ് തികച്ചും വ്യത്യസ്തമായ പാതയിലാണ്. 'എന്റെ കയ്യിൽ ഒരു ക്രിപ്റ്റോ നാണയം പോലുമില്ല' എന്ന് അദ്ദേഹം തുറന്നു പറയുമ്പോൾ അത് നിക്ഷേപകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
വെറും ഡിജിറ്റൽ കോഡുകൾ മാത്രമായ ക്രിപ്റ്റോയേക്കാൾ, എന്തെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയുന്ന മേഖലകളിൽ നിക്ഷേപിക്കാനാണ് തനിക്ക് താൽര്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ക്രിപ്റ്റോയെ ഇത്രയധികം ഭയപ്പെടുന്നത്? നിക്ഷേപകർക്ക് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ് എന്താണ്?
രണ്ട് പക്ഷങ്ങൾ
ഈ വിഷയത്തിൽ ലോകകോടീശ്വരന്മാർ രണ്ട് തട്ടിലാണ്. ടെസ്ല തലവൻ ഇലോൺ മസ്ക്, മൈക്കൽ സെയ്ലർ എന്നിവർ ക്രിപ്റ്റോകറൻസി നല്ലതാണെന്നും ഭാവിയിൽ ഇതിന് വലിയ സാധ്യതയുണ്ടെന്നും വിശ്വസിക്കുന്നവരാണ്. ഇവർ ഇതിൽ വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്യാറുണ്ട്.
എന്നാൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഇതിൽ ഒട്ടും വിശ്വസിക്കുന്നില്ല. റെഡ്ഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പക്കൽ ഒരു രൂപയുടെ പോലും ക്രിപ്റ്റോ നിക്ഷേപമില്ലെന്ന് അദ്ദേഹം പറയുന്നു. ക്രിപ്റ്റോ കറൻസിക്ക് സ്വന്തമായി ഒരു മൂല്യവുമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
വെറും ഡിജിറ്റൽ കോഡുകൾ
നമ്മൾ ഒരു കമ്പനിയിലോ കൃഷിഭൂമിയിലോ നിക്ഷേപിച്ചാൽ അവിടെ എന്തെങ്കിലും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഒരു കമ്പനി നല്ല ഫോണുകൾ ഉണ്ടാക്കുന്നു, അല്ലെങ്കിൽ ഭൂമിയിൽനിന്ന് വിളവ് ലഭിക്കുന്നു. ഇതിനെയാണ് 'മൂല്യമുള്ള നിക്ഷേപം' എന്ന് വിളിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ക്രിപ്റ്റോ എന്നത് വെറും ഡിജിറ്റൽ കോഡുകൾ മാത്രമാണ്. ഒന്നും ഉൽപാദിപ്പിക്കുന്നില്ല. ക്രിപ്റ്റോയുടെ വില കൂടുന്നത് മറ്റാരെങ്കിലും ഇത് കൂടുതൽ വിലയ്ക്ക് വാങ്ങാൻ തയ്യാറാകുമ്പോൾ മാത്രമാണ്. അതുകൊണ്ടുതന്നെ ഇത് അപകടം പിടിച്ചതാണെന്ന് അദ്ദേഹം കരുതുന്നു. ക്രിപ്റ്റോ കറൻസിയുടെ ഏറ്റവും വലിയ പ്രത്യേകത അത് അജ്ഞാതമാണ് എന്നതാണ്. പണം ആർക്ക് പോകുന്നു, എവിടെനിന്ന് വരുന്നു എന്ന് കണ്ടുപിടിക്കാൻ പ്രയാസമാണ്.
നികുതി വെട്ടിപ്പ്
ശതകോടീശ്വരന്മാർ ക്രിപ്റ്റോയിലേക്ക് പണം മാറ്റിയാൽ അവർ എത്ര സമ്പാദിക്കുന്നു എന്ന് സർക്കാരിന് കൃത്യമായി അറിയാൻ കഴിയില്ല. ഇത് നികുതി വെട്ടിക്കാൻ സഹായിക്കും. സമ്പന്നർ കൂടുതൽ നികുതി നൽകണമെന്ന് വാദിക്കുന്ന ആളാണ് ബിൽ ഗേറ്റ്സ്. ഇങ്ങനെ ആഗ്രഹിക്കുന്ന ഒരാൾക്ക്, നികുതി വെട്ടിക്കാൻ എളുപ്പമുള്ള ക്രിപ്റ്റോ കറൻസിയെ ഒരിക്കലും പിന്തുണയ്ക്കാൻ കഴിയില്ല എന്നത് പ്രധാനമാണ്. ബിൽ ഗേറ്റ്സ് വിശ്വസിക്കുന്നത് പണം എന്നത് രാജ്യത്തിന് ഗുണമുള്ള കാര്യങ്ങളിൽ (കമ്പനികൾ, ആശുപത്രികൾ, കൃഷി) നിക്ഷേപിക്കണം എന്നാണ്.
ക്രിപ്റ്റോയിൽ പണം നിക്ഷേപിക്കുന്നത് ചൂതാട്ടം പോലെയാണെന്ന് അദ്ദേഹം കരുതുന്നു. അത് ആർക്കും ഉപകാരം ചെയ്യുന്നില്ല. സമ്പന്നരുടെ പണം വെറുതെ ഡിജിറ്റൽ കോഡുകളായി കിടക്കുന്നതിന് പകരം, അത് നികുതിയായോ നല്ല നിക്ഷേപമായോ പുറത്തേക്ക് വരണം. എങ്കിൽ മാത്രമേ അത് സാധാരണക്കാരിലേക്ക് എത്തൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
സമ്പത്തിന്റെ ദുരുപയോഗം
കോടീശ്വരന്മാർ ക്രിപ്റ്റോ കറൻസിയെ കുറിച്ച് ട്വീറ്റ് ചെയ്യുമ്പോൾ (ഉദാഹരണത്തിന് ഇലോൺ മസ്ക്), അതിന്റെ വില പെട്ടെന്ന് കൂടും. ഇത് കണ്ട് സാധാരണക്കാർ തങ്ങളുടെ സമ്പാദ്യം അതിൽ നിക്ഷേപിച്ച് നഷ്ടപ്പെടുത്തുന്നു. വലിയ സ്വാധീനമുള്ളവർ ക്രിപ്റ്റോ പോലുള്ള അപകടം പിടിച്ച കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്. അതിനുപകരം അവർ സമൂഹത്തിന് ഗുണകരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കൃത്യമായി നികുതി അടയ്ക്കുകയും വേണം എന്നതാണ് ബിൽ ഗേറ്റ്സിന്റെ നിലപാട്.
ബിൽ ഗേറ്റ്സിനെ സംബന്ധിച്ച് സമ്പത്ത് എന്നത് ലോകത്തെ മാറ്റാനുള്ള ഒരു കരുവാണ്. ക്രിപ്റ്റോ നിക്ഷേപം പണത്തെ ലോകത്തിന്റെ കണ്ണിൽ നിന്ന് ഒളിപ്പിച്ചു വെക്കാനോ അല്ലെങ്കിൽ വെറുതെ കളയാനോ ഉള്ള ഒരു മാർഗമായി അദ്ദേഹം കാണുന്നു. അതുകൊണ്ടാണ് ഇലോൺ മസ്കിനെപ്പോലുള്ളവർ ക്രിപ്റ്റോയെ ഒരു 'പുതിയ കാലത്തെ നിധി'യായി കാണുമ്പോൾ, ബിൽ ഗേറ്റ്സിനെപ്പോലുള്ളവർ അതിനെ 'കാറ്റിൽ പറക്കുന്ന വെറും കടലാസ്' പോലെ കാണുന്നത്. ഒന്നും ഉൽപാദിപ്പിക്കാത്ത ഒന്നിന് പിന്നാലെ പോയി പണം കളയരുത് എന്നാണ് അദ്ദേഹം നൽകുന്ന ഉപദേശം.
Content Highlights: Why Bill Gates Still Refuses to Invest in Crypto