ഐഫോൺ ഫോൾഡിന് വില 2 ലക്ഷത്തിനു മുകളിൽ; ഒരുങ്ങുന്നത് വമ്പൻ സ്പെക്സിൽ

ആപ്പിളിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് 2026 സെപ്റ്റംബറിൽ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുമെന്നാണ് ടെക് വിദ​ഗ്ധർ പ്രതീക്ഷിക്കുന്നത്

ആപ്പിൾ ഉപയോക്താക്കൾ കാത്തിരിക്കുന്ന ഫോൾഡബിൾ ഫോൺ ഇക്കൊല്ലം പുറത്തിറങ്ങുമെന്ന് സൂചന. ആപ്പിളിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് 2026 സെപ്റ്റംബറിൽ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുമെന്നാണ് ടെക് വിദ​ഗ്ധർ പ്രതീക്ഷിക്കുന്നത്. 'ഐഫോൺ ഫോൾഡ്' എന്നാണ് ഇതിന് പേര് നൽകിയിട്ടുള്ളത്. ഐഫോൺ 18 സീരീസ് മോഡലുകൾക്കൊപ്പമാകും കമ്പനി ഫോൾഡബിൾ സെ​ഗ്മെന്റിലുള്ള തങ്ങളുടെ ആദ്യ ഫോൺ പുറത്തിറക്കുകയെന്ന് ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സാംസങ് ഗാലക്‌സി സെഡ് ഫോൾഡ് പോലെ പുസ്തകം തുറക്കുന്ന രീതിയിലുള്ള ഡിസൈൻ ആയിരിക്കും ഇതിനെന്ന് കരുതപ്പെടുന്നു. എന്നാൽ സാംസങ്, ഗൂഗിൾ ഫോണുകളേക്കാൾ വീതിയേറിയ ഡിസൈൻ ഐഫോണിന്. ദീർഘകാലം ഈടുനിൽക്കുന്നതിനായി ടൈറ്റാനിയം അലോയ് കേസിംഗും സ്റ്റെയിൻലെസ് സ്റ്റീൽ, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചുള്ള ഹിഞ്ചും ആയിരിക്കും ഇതിൽ ഉപയോഗിക്കുക.

ഫോൾഡബിൾ ഫോണുകളുടെ പ്രധാന വെല്ലുവിളിയായ സ്ക്രീനിലെ മടക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഡിസ്പ്ലേയാണ് ആപ്പിൾ വികസിപ്പിക്കുന്നത്. ഉള്ളിൽ 7.8 ഇഞ്ച് വലിപ്പമുള്ള ഫോൾഡബിൾ ഒഎൽഇഡി സ്ക്രീനും പുറത്ത് 5.5 ഇഞ്ചിന്റെ പാനലും ഉണ്ടാകും. മടക്കുമ്പോൾ ഫോൺ ഒതുക്കമുള്ളതാകും. രണ്ട് സ്‌ക്രീനുകളിലും പഞ്ച്-ഹോൾ സെൽഫി ക്യാമറകൾ ഉണ്ടായിരിക്കും. ഡിസൈൻ കനം കുറയ്ക്കുന്നതിനായി ഫേസ്-ഐഡി ഒഴിവാക്കി, പവർ ബട്ടണിൽ ടച്ച്-ഐഡി നൽകാനാണ് സാധ്യത.

വരാനിരിക്കുന്ന ഏറ്റവും പുതിയ എ20 പ്രോ ചിപ്‌സെറ്റായിരിക്കും ഫോൾഡബിൾ ഐഫോണിൽ ഉപയോഗിക്കുക. 12GB റാം ഫോണിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 256 ജിബി, 512 ജിബി, 1 ടിബി എന്നീ സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാകും.

ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയായിരിക്കും പുതിയ മോഡലിൽ ഉപയോഗിക്കുക. 5,500 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിൾ ഉൽപന്നങ്ങൾ സാധാരണയായി പ്രീമിയം വിലയിലാണ് വരുന്നത്. ഫോൾഡബിൾ ഫോണും പ്രതീക്ഷിക്കുന്നത് വിലയേറിയ സെ​ഗ്മെന്റിലാണ്. യു.എസിൽ ഏകദേശം 2,400 ഡോളർ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ആനുപാതികമായി ഏകദേശം 2,15,000 രൂപ മുതൽ ആയിരിക്കും ഇന്ത്യയിലെ വില ആരംഭിക്കാൻ സാധ്യത. സാംസങ് ഗാലക്സി സെഡ് ഫോൾഡ് 7നേക്കാൾ (ഏകദേശം 1,74,999 രൂപ) ഉയർന്ന നിരക്കാണിത്.

നിലവിൽ സാംസങ്, വൺപ്ലസ്, മോട്ടറോള, വിവോ ബ്രാൻഡുകൾ ആധിപത്യം പുലർത്തുന്ന ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ആപ്പിൾ വരുന്നതോടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Apple’s first foldable iPhone tipped for 2026 launch: Expected India price, design and features

To advertise here,contact us