25,000 രൂപ വേണ്ട, 5,000 മതി! ബെംഗളൂരുവിലെ ഈ 'റിതേഷ് മോഡൽ' ശരിയോ തെറ്റോ?

25,000 രൂപയുടെ മികച്ച ഓഫർ വേണ്ടെന്നുവെച്ച് വെറും 5,000 രൂപയ്ക്ക് ഇന്റേൺഷിപ്പിന് ചേർന്ന റിതേഷ് എന്ന വിദ്യാർത്ഥിയുടെ കഥ ഐടി നഗരമായ ബെംഗളൂരുവിൽ വലിയൊരു സംവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്

നമ്മളിൽ മിക്കവരും ജോലി തിരഞ്ഞെടുക്കുന്നത് കൈയ്യിൽ കിട്ടുന്ന ശമ്പളം നോക്കിയാണ്. എന്നാൽ, കരിയറിന്റെ തുടക്കത്തിൽ പണത്തേക്കാൾ കൂടുതൽ പ്രാധാന്യം അറിവ് നേടുന്നതിനാണ് എന്ന് വിശ്വസിക്കുന്ന ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 25,000 രൂപയുടെ മികച്ച ഓഫർ വേണ്ടെന്നുവെച്ച് വെറും 5,000 രൂപയ്ക്ക് ഇന്റേൺഷിപ്പിന് ചേർന്ന റിതേഷ് എന്ന വിദ്യാർത്ഥിയുടെ കഥ ഐടി നഗരമായ ബെംഗളൂരുവിൽ വലിയൊരു സംവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് കഠിനാധ്വാനത്തിന്റെ വിജയമാണോ അതോ സ്റ്റാർട്ടപ്പുകൾ നടത്തുന്ന ചൂഷണമാണോ?

പണമാണോ അതോ പഠനമാണോ വലുത് ?

റിതേഷ് എന്ന യുവാവിന് ഒരേസമയം രണ്ട് ഇന്റേൺഷിപ്പ് ഓഫറുകൾ ലഭിച്ചു. ഒരു കമ്പനിയിൽ നിന്ന് മാസത്തിൽ 25,000 രൂപ ശമ്പളം ലഭിക്കുന്ന ഓഫർ. മറ്റൊരു ചെറിയ സ്റ്റാർട്ടപ്പിൽ നിന്ന് വെറും 5,000 രൂപ മാത്രം ലഭിക്കുന്ന ഓഫർ. ഭൂരിഭാഗം ആളുകളും കൂടുതൽ പണം ലഭിക്കുന്ന ആദ്യത്തെ ഓഫർ സ്വീകരിക്കുമ്പോൾ, റിതേഷ് തിരഞ്ഞെടുത്തത് രണ്ടാമത്തെ കുറഞ്ഞ ശമ്പളമുള്ള ഇന്റേൺഷിപ്പാണ്.

വളർച്ചക്ക് വളം

റിതേഷിന്റെ അഭിപ്രായത്തിൽ, 25,000 രൂപ ലഭിക്കുന്ന കമ്പനിയിൽ പണി കുറവാണ്. കാര്യമായി ഒന്നും പഠിക്കാനുമില്ല. എന്നാൽ 5,000 രൂപ ലഭിക്കുന്ന സ്റ്റാർട്ടപ്പിൽ ജോലി കൂടുതലാണ്. അവിടെ നിന്നാൽ പുതിയ കാര്യങ്ങൾ പഠിക്കാനും കരിയറിൽ വലിയ വളർച്ച നേടാനും സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഈ ചർച്ചയ്ക്ക് തുടക്കമിട്ടത് റിതേഷിനെ ജോലിക്ക് എടുത്ത സ്റ്റാർട്ടപ്പ് സ്ഥാപകൻ പങ്കുവെച്ച പോസ്റ്റാണ്. ഈ പോസ്റ്റ് വന്നതോടെ എക്‌സിൽ ആളുകൾ രണ്ട് തട്ടിലായി. കരിയറിന്റെ തുടക്കത്തിൽ പണത്തേക്കാൾ പ്രധാനം അറിവ് സമ്പാദിക്കുന്നതാണ്. റിതേഷിന്റെ ഈ ത്യാഗം ഭാവിയിൽ അവനെ വലിയ നിലയിൽ എത്തിക്കും എന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു.

"ഇതൊരുതരം ചൂഷണമാണ്. ബെംഗളൂരു പോലെ ചിലവ് കൂടിയ നഗരത്തിൽ 5,000 രൂപ കൊണ്ട് ഒരാൾക്ക് എങ്ങനെ ജീവിക്കാനാകും? പഠിക്കാനുള്ള അവസരം നൽകുന്നു എന്ന് പറഞ്ഞ് കുറഞ്ഞ വേതനത്തിന് ജോലി ചെയ്യിപ്പിക്കുന്നത് തെറ്റാണ്" എന്നാണ് എതിർക്കുന്നവരുടെ പക്ഷം.

റിതേഷിന്റെ തീരുമാനം വ്യക്തിപരമാണെങ്കിലും, ഇത് ഇന്ത്യയിലെ ഐടി മേഖലയിലെ കുറഞ്ഞ വേതനത്തെയും, എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുക എന്ന ചിന്താഗതിയേയും കുറിച്ചുള്ള വലിയൊരു സംവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

Content Highlights: A Bengaluru student, Ritesh, went viral after choosing a ₹5,000 internship instead of a ₹25,000 job, prioritizing learning and experience over salary

To advertise here,contact us