കുറഞ്ഞ ശമ്പളം 46,000 രൂപയാകുമോ? ശമ്പള പരിഷ്‌കരണത്തിന് നിങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം

ഫിറ്റ്മെന്റ് ഫാക്ടറില്‍ മാറ്റം വരുന്നതോടെ അടിസ്ഥാന ശമ്പളത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായേക്കാം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുതുതായി രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഏവരുടെയും പ്രതീക്ഷ. ഫിറ്റ്മെന്റ് ഫാക്ടറില്‍ മാറ്റം വരുന്നതോടെ അടിസ്ഥാന ശമ്പളത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായേക്കാം. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, ഓള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍, പ്രതിരോധ സേനാംഗങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ജീവനക്കാര്‍, കോടതി ജീവനക്കാര്‍, റെഗുലേറ്ററി ബോഡി അംഗങ്ങള്‍, പെന്‍ഷന്‍കാര്‍, സര്‍വീസ് സംഘടനകള്‍/ യൂനിയനുകള്‍ എന്നിവര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ 30 ആണ് അവസാന തീയതി.

എങ്ങനെ സമര്‍പ്പിക്കാം?

നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ വഴി 8cpc.gov.in, innovateindia.mygov.in എന്നിവ വഴി അറിയിക്കാം. ഇതിനായി ഉപയോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ഒടിപി വഴി വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും. ശമ്പള ഘടന, ഫിറ്റ്മെന്റ് ഫാക്ടര്‍, അലവന്‍സുകള്‍, പെന്‍ഷന്‍ പരിഷ്‌കരണം, സര്‍വീസ് കണ്ടീഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം. തപാല്‍ വഴിയോ ഇമെയില്‍ വഴിയോ അയക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

കുറഞ്ഞ ശമ്പളം 46,000 രൂപ?

സാധാരണയായി ഓരോ പത്ത് വര്‍ഷത്തിലുമാണ് കേന്ദ്ര സര്‍ക്കാര്‍ ശമ്പള കമ്മീഷനെ നിയമിക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ 2026 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് സാധ്യത. ഏകദേശം ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഗുണകരമാകും. അടിസ്ഥാന ശമ്പളം 46,000 രൂപയിലേക്ക് ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശമ്പളത്തില്‍ 25 മുതല്‍ 35% വരെ വര്‍ധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ഇതില്‍ വ്യക്തത വരികയുള്ളൂ.

2016ല്‍ നടപ്പാക്കിയ ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയില്‍നിന്ന് 18,000 രൂപയായി ഉയര്‍ത്തി. പരമാവധി അടിസ്ഥാന ശമ്പളം പ്രതിമാസം 2.5 ലക്ഷം രൂപയായും നിശ്ചയിച്ചു. അടുത്ത പരിഷ്‌കരണത്തിന് ഉയര്‍ന്ന ഫിറ്റ്‌മെന്റ് ഫാക്ടര്‍ സ്വീകരിച്ചാല്‍, ശമ്പളത്തില്‍ വലിയ മാറ്റം വരുമെന്ന് വിശകലന വിദഗ്ധര്‍ കണക്കാക്കുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്താല്‍ മാത്രമേ പുതിയ ശമ്പള ഘടനയ്ക്കുള്ള സാമ്പത്തിക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയുള്ളൂ.

Content Highlights: Will Minimum Pay Rise To Rs 46000? 8th Pay Commission Opens Online Portal for Suggestions

To advertise here,contact us