അയവില്ലാതെ തുടരുന്ന യുദ്ധവും ആഗോള സാഹചര്യങ്ങളിലെ അനിശ്ചിതത്വവും ഇന്ത്യൻ ഓഹരി വിപണിയെ ശക്തമായി ബാധിച്ചു. തുടർച്ചയായ മൂന്നാം ദിവസവും വിപണി ഇടിവിലായപ്പോൾ സെൻസെക്സ് 1,400 പോയിന്റിലധികം താഴ്ന്നു. നിഫ്റ്റി 23,100 നിലവാരത്തിൽ എത്തി. ഫിനാൻഷ്യൽ ഓഹരികളിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതോടെ ബാങ്ക് നിഫ്റ്റി 1200 ലധികം പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയുടെ ഓഹരികൾ 2.3% മുതൽ 2.7% വരെ ഇടിവും റിപ്പോർട്ട് ചെയ്തു . കൂടാതെ സ്വകാര്യ ബാങ്കിങ് ഓഹരികളിൽ ഇൻഡസ്ഇൻഡ് ബാങ്ക് ഏകദേശം 2.6% ഇടിഞ്ഞ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തി.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനൊപ്പം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനടുത്തേക്ക് ഉയർന്നത് വിപണിയെ സമ്മർദത്തിലാക്കിയിട്ടുണ്ട് . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതി ചെലവ് വർധിക്കുമെന്നത് തന്നെയാണ് നിക്ഷേപകരിൽ ആശങ്കയ്ക്ക് ഇടയാക്കിയത്.
2024 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവ് റിപോർട്ട് ചെയ്ത സൂചികകൾ വീണ്ടെടുക്കലിന്റെ സൂചനകൾ പ്രകടമാക്കാത്തതും അനിശ്ചിതത്വം വർധിപ്പിക്കുകയാണ്. ഈ ആഴ്ചയിൽ ഇതുവരെ സെൻസെക്സ് 4.5 ശതമാനവും നിഫ്റ്റി 4.8 ശതമാനവും ഇടിഞ്ഞു.എൻഎസ്ഇ യിലെ 16 പ്രധാന സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
ലാർസൻ ആൻഡ് ട്യൂബ്രോ, ടാറ്റ സ്റ്റീൽ, ഇന്റർഗ്ലോബ് ഏവിയേഷൻ, അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര എന്നിവ മൂന്നു മുതൽ ആറര ശതമാനത്തിലധികം ഇടിവ് നേരിട്ടപ്പോൾ ,പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി ലിമിറ്റഡ്, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ രണ്ടര ശതമാനം വരെ മുന്നേറ്റവും പ്രകാമാക്കി.ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങൾ പരിശോധിക്കാം.
ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പ്
പശ്ചിമേഷ്യൻ സംഘർഷം ശക്തമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ഇറാൻ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിൽ തടസം ഉണ്ടാകുമെന്ന ആശങ്ക ഏറി. ഇതിനു പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 100 ഡോളറിന് സമീപം വരെ ഉയർന്നു. വ്യാഴാഴ്ച ശക്തമായ ഉയർച്ച രേഖപ്പെടുത്തിയ എണ്ണവില വെള്ളിയാഴ്ചയും 100.5 ഡോളറിന് സമീപം വ്യാപാരം തുടരുകയായിരുന്നു.
ആഗോള വിപണികളിലെ ദുർബലത
സംഘർഷം ശക്തമായതോടെ ആഗോള ഓഹരി വിപണികളും സമ്മർദത്തിലായി. ഏഷ്യൻ വിപണികളായ കോസ്പി, നിക്കേ 225, എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹാംഗ് സെങ് സൂചിക എന്നിവ ഇടിവിലാണ് വ്യാപാരം നടന്നത്. അമേരിക്കൻ വിപണികളിലും ശക്തമായ ഇടിവ് രേഖപ്പെടുത്തി. ഡൗ ജോൺസ്, എസ് & പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് എന്നിവ താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു.
അനിശ്ചിതത്വം തുടരുന്നതിനാൽ ആഗോള വിപണികൾ ദുർബലമാണെന്നും അസംസ്കൃത എണ്ണ വില 100 ഡോളറിന് സമീപം തുടരുന്നതിനാൽ വിപണിയിൽ ഉടൻ തിരിച്ചുവരവ് പ്രതീക്ഷിക്കാൻ കഴിയില്ലെന്നുമാണ് ജിയോജിത് ഇൻവെസ്റ്റ്മെൻ്റ് ചീഫ് ഇൻവെസ്റ്റ്മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി.കെ.വിജയകുമാർ പറയുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ സ്ഥിരമായ വിൽപ്പന പിന്തുടരുന്നതിനാൽ, വൻകിട കമ്പനികൾ പോലും സമ്മർദ്ദത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ
ആഭ്യന്തര വിപണിയിൽ വിദേശ സ്ഥാപന നിക്ഷേപകർ വിൽപ്പന തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 7,049.87 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. മാർച്ചിൽ ഇതുവരെ വിദേശ നിക്ഷേപകർ 39,000 കോടി രൂപയിലധികം മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചു.
രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ
ഇന്ത്യൻ രൂപ ദുർബലമായി തുടരുകയാണ്. യുഎസ് ഡോളറിനെതിരെ രൂപ 12 പൈസ ഇടിഞ്ഞ് 92.37 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി. ദുർബലമായ രൂപ ഇറക്കുമതി ചെലവുകൾ, പ്രത്യേകിച്ച് ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കും, ഇത് പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്ക് കാരണമാകും.
ഫെഡ് നയ തീരുമാനം കാത്ത് വിപണി
നിക്ഷേപകർ ഇപ്പോൾ ഫെഡറൽ റിസർവിന്റെ പണനയ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. മാർച്ച് 17-നാണ് നിർണായക ഫെഡ് യോഗം നടക്കാനിരിക്കുന്നത്. പലിശ നിരക്കുകളിൽ തൽസ്ഥിതി തുടരുമെന്ന അനുമാനങ്ങൾ നിലനിക്കുമ്പോഴും ഫെഡിന്റെ നിലപടുകൾ നിർണായകമാകും. തുടരുന്ന വില്പന സമ്മർദ്ധം ആശങ്ക സൃഷ്ടിക്കുമ്പോൾ നിക്ഷേപകർ ജാഗ്രതാ സമീപനം തുടരണമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
Diclaimer : ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ ലാഭ - നഷ്ട സാധ്യതകൾക്ക് വിധേയമാണ്. വിശദമായ പഠനത്തിനും വിലയിരുത്തലുകൾക്കും ശേഷം മാത്രം നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുക.
Content Highlights : Stock Market Crash: Worst week in nearly four years wipes out ₹20 lakh crore in investor wealth