വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ ഇത്ര കുറഞ്ഞ നിരക്കോ? എന്നാൽ ഒന്ന് യാത്ര ചെയ്തിട്ട് തന്നെ കാര്യം

ടിക്കറ്റ് നിരക്കിന്റെ കൂടെത്തന്നെ ഭക്ഷണത്തിനുള്ള തുകയും സാധാരണയായി ഉൾപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ യാത്രക്കാർക്ക് താല്പര്യമില്ലെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഭക്ഷണം വേണ്ട എന്ന് വെക്കാനും അതിനനുസരിച്ചുള്ള തുക കുറയ്ക്കാനും സാധിക്കും

ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ്, കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ആധുനിക സൗകര്യങ്ങളുള്ള ട്രെയിനാണ്. വന്ദേ ഭാരത് ഒരു പ്രീമിയം ട്രെയിനായതുകൊണ്ട് തന്നെ സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനുകളേക്കാൾ നിരക്ക് അല്പം കൂടുതലായിരിക്കും. ഇതിൽ ചെയർ കാർ , എക്സിക്യൂട്ടീവ് ക്ലാസ് എന്നിങ്ങനെ രണ്ട് തരം സീറ്റുകളാണുള്ളത്. ഇതിൽ എക്സിക്യൂട്ടീവ് ക്ലാസിന് നിരക്ക് കൂടുതലാണ്.

ടിക്കറ്റ് നിരക്കിന്റെ കൂടെത്തന്നെ ഭക്ഷണത്തിനുള്ള തുകയും സാധാരണയായി ഉൾപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ യാത്രക്കാർക്ക് താല്പര്യമില്ലെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഭക്ഷണം വേണ്ട എന്ന് വെക്കാനും അതിനനുസരിച്ചുള്ള തുക കുറയ്ക്കാനും സാധിക്കും.

ഓരോ റൂട്ടിലെയും ദൂരം, സ്റ്റോപ്പുകൾ എന്നിവ അനുസരിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. കൂടാതെ വന്ദേ ഭാരതിന്റെ പുതിയ സ്ലീപ്പറുകളിൽ കിലോമീറ്ററിന് ഏകദേശം 2.40 രൂപ മുതൽ 3.80 രൂപ വരെയാണ് അടിസ്ഥാന നിരക്കായി കണക്കാക്കുന്നത്.

ചൈന, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സമാനമായ ഹൈ-സ്പീഡ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരതിലെ യാത്രാ നിരക്ക് വളരെ കുറവാണെന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്. ചുരുക്കത്തിൽ, വേഗതയേറിയ യാത്രയും ആധുനിക സൗകര്യങ്ങളും ആഗ്രഹിക്കുന്നവർക്ക് അല്പം കൂടുതൽ തുക നൽകിയാലും ലാഭകരമായ ഒരു യാത്രാ അനുഭവമാണ് വന്ദേ ഭാരത് നൽകുന്നത്.

ടിക്കറ്റ് നിരക്കിലെ വൻ ഇളവ്

ഇന്ത്യൻ റെയിൽവേ ഓരോ ടിക്കറ്റിലും വലിയ തോതിൽ സബ്സിഡി നൽകുന്നുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 60,239 കോടി രൂപയാണ് ഇളവായി നൽകിയത്. അതായത്, ഒരു ടിക്കറ്റിന്റെ ശരാശരി 43% തുക റെയിൽവേ തന്നെ വഹിക്കുന്നു. യാത്രക്കാരൻ ടിക്കറ്റിന് 100 രൂപ ചിലവാക്കുന്നുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ ചിലവ് 157 രൂപയോളമാണ്.

ആർക്കൊക്കെയാണ് മുൻഗണന?

മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾ എന്നിവർക്ക് ബുക്കിംഗ് സമയത്ത് പ്രത്യേക മുൻഗണന നൽകും. മെയിൽ-എക്സ്പ്രസ് ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസിൽ 4 ബർത്തുകളും, 3AC,3E കോച്ചുകളിൽ 4 ബർത്തുകളും ഇവർക്കായി നീക്കിവെച്ചിട്ടുണ്ട്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ

പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2026 ജനുവരി മുതൽ സർവീസ് ആരംഭിച്ചു. ലോകരാജ്യങ്ങളിലെ ഇത്തരം ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ നിരക്ക് കുറവാണ്. 3AC ക്ലാസിൽ കിലോമീറ്ററിന് ശരാശരി 2.40 രൂപയാണ് അടിസ്ഥാന നിരക്ക്.

കവച് ട്രെയിൻ സുരക്ഷാ സംവിധാനം, കുലുക്കം കുറഞ്ഞ യാത്ര, സിസിടിവി ക്യാമറകൾ, മികച്ച തീപിടുത്ത പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇതിലുണ്ട്.

ഒന്നും മറച്ചു വെക്കുന്നില്ല

ടിക്കറ്റ് നിരക്കുകൾ ഒരു രഹസ്യമല്ലെന്നും എല്ലാം പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റിൽ ബേസ് ഫെയർ, റിസർവേഷൻ ചാർജ്, ജിഎസ്ടി തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് വന്ദേ ഭാരത് ശ്രമിക്കുന്നത് . കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റ് നിരക്കുകൾ താഴെ നൽകുന്നു. ഭക്ഷണ സൗകര്യം ഉൾപ്പെടുത്തുന്നതിനനുസരിച്ച് നിരക്കുകളിൽ ചെറിയ മാറ്റമുണ്ടാകാം.നിലവിൽ രണ്ട് വന്ദേ ഭാരത് സർവീസുകളാണ് ഈ റൂട്ടിലുള്ളത്.

ഭക്ഷണമില്ലാതെ AC ചെയർ കാർ 445 - 500രൂപ . ഭക്ഷണത്തോടൊപ്പം 765 രൂപ.എക്സിക്യൂട്ടീവ് ക്ലാസ് 850 - 950 രൂപ. ഭക്ഷണത്തോടൊപ്പം 1,200 - 1,465 രൂപ.

Content Highlights: Vande Bharat Express offers fast travel and modern amenities with two seating options, Chair Car and Executive Class

To advertise here,contact us