ചൂടിനൊപ്പം എസി വിലയും കത്തുന്നു, വേനലിൽ ആശ്വാസം തേടുന്നവർക്ക് തിരിച്ചടി

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഈ സാധനങ്ങൾ വാങ്ങാൻ കൂടുതൽ പണം നൽകേണ്ടി വരുന്നു.

കേരളത്തിൽ വേനൽച്ചൂട് കഠിനമായിക്കൊണ്ടിരിക്കുകയാണ്. വിയർപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷനേടാൻ ഒരു എസി വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നവർക്ക് അല്പം 'ചൂടുള്ള' ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിർമ്മാണച്ചെലവ് കുത്തനെ ഉയർന്നതോടെ പ്രമുഖ എസി കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില 5 ശതമാനം മുതൽ 15 ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.

എണ്ണവിലയിലെ വർധനവ് രാജ്യത്തെ പൊതുവായ പണപ്പെരുപ്പത്തെ വലിയ രീതിയിൽ ബാധിക്കില്ലെന്ന് ധനമന്ത്രി ഉറപ്പുനൽകുന്നുണ്ടെങ്കിലും എസി വിപണിയിലെ സാഹചര്യം വ്യത്യസ്തമാണ്. എന്തുകൊണ്ടാണ് ഈ വില വർധന ഉണ്ടാകുന്നത് എന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിപണിയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം

എസി നിർമ്മാണത്തിന് പ്രധാനമായും വേണ്ട ലോഹമാണ് ചെമ്പ് ഇതിന്റെ അന്താരാഷ്ട്ര വിപണിയിലെ വില വർധിച്ചത് കമ്പനികളെ വില കൂട്ടാൻ നിർബന്ധിതരാക്കുന്നു. കൂടാതെ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.

രൂപയുടെ മൂല്യത്തകർച്ച

ഇന്ത്യയിലെ എസി കമ്പനികൾ പല ഘടകങ്ങളും വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഈ സാധനങ്ങൾ വാങ്ങാൻ കൂടുതൽ പണം നൽകേണ്ടി വരുന്നു.

പുതിയ ഊർജ്ജ മാനദണ്ഡങ്ങൾ

കൂടുതൽ വൈദ്യുതി ലാഭിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ എസികൾ നിർമ്മിക്കണമെന്ന പുതിയ സർക്കാർ നിയമങ്ങൾ പാലിക്കുന്നതിനായി നിർമ്മാണ രീതിയിൽ മാറ്റം വരുത്തേണ്ടി വന്നു. ഇത് നിർമ്മാണച്ചെലവ് കൂട്ടി.

ചരക്ക് കൂലി

സാധനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത ചെലവിലുണ്ടായ വർധനവും വിലക്കയറ്റത്തിന് കാരണമായി.

ചുരുക്കത്തിൽ ചൂട് കൂടുമ്പോൾ എസിക്ക് ആവശ്യക്കാർ ഏറുമെങ്കിലും, നിർമ്മാണച്ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് കമ്പനികൾ ഈ ഭാരം ഉപഭോക്താക്കളിലേക്ക് മാറ്റുന്നത്.

നിങ്ങൾ ഒരു എസി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വില ഇനിയും കൂടുന്നതിന് മുൻപ് വാങ്ങുന്നതാകും ലാഭകരം. ഓരോ വർഷവും വില വർധിപ്പിച്ചതും അതിനുള്ള കാരണവും മനസിലാക്കാം

  • 2021: 5% - 8% കോവിഡ് ലോക്ക്ഡൗൺ മൂലമുള്ള വിതരണ തടസ്സങ്ങൾ, ചരക്ക് കൂലി വർധനവ്.

  • 2022: 10% - 15%- ചെമ്പ് , സ്റ്റീൽ എന്നിവയുടെ വിലക്കയറ്റം, പുതിയ BEE സ്റ്റാർ റേറ്റിംഗ് നിയമങ്ങൾ.

  • 2023: 3% - 5%- ചിപ്പ് ക്ഷാമം, ഇറക്കുമതി ചെലവ് വർധിച്ചത്.

  • 2024: 7% - 10%-കഠിനമായ ചൂട് കാരണം വർധിച്ച ഡിമാൻഡ്, അസംസ്‌കൃത വസ്തുക്കളുടെ കുറവ്.
  • 2026 (പ്രതീക്ഷിക്കുന്നത്)5% - 15%പുതിയ BEE 2026 മാനദണ്ഡങ്ങൾ, ചെമ്പ് വിലയിലെ കുതിച്ചുചാട്ടം

  • 2025: 2%- 5%-രൂപയുടെ മൂല്യത്തകർച്ച, ലോജിസ്റ്റിക്സ് ചെലവുകൾ.

Content Highlights : AC prices to rise 5% to 15% as expensive copper, weak rupee push costs

To advertise here,contact us