സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 960 രൂപയുടെ ഇടിവോടെ 1,01,560 രൂപയിലും ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,695 രൂപയിലുമെത്തി. ഒരു പവന്റെ വില ഒരു ലക്ഷം രൂപയെന്ന നിർണായക നിലവാരത്തിന് തൊട്ടടുത്തെത്തിയതോടെ സ്വർണം വാങ്ങാനിരിക്കുന്നവർ വിപണിയിലെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ്.
ഇക്കഴിഞ്ഞ നംവബർ അഞ്ചാം തിയതിയാണ് സ്വർണ വില വില 1,07,080 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നില തൊട്ടത്. അവിടെ നിന്നും ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് 5,520 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെവിലത്തകർച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിലവിൽ 4,000 ഡോളർ എന്ന നിർണായക ലെവലിൽ നിന്നും സ്വർണം ഇടിവ് നേരിടുകയാണ്. ഒരു ഘട്ടത്തിൽ അന്താരാഷ്ട്ര വിപണിയിൽ വില 3,850 ഡോളറിലേക്ക് താഴ്ന്നിരുന്നു.
അമേരിക്കയിലെ പണപ്പെരുപ്പ ആശങ്കകളും പലിശനിരക്ക് ഉയരാനുള്ള സാധ്യതകളുമാണ് ആഗോള സ്വർണവിലയെ പ്രധാനമായും സമ്മർദത്തിലാക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയിൽ ഡോളറിന്റെ മൂല്യവും ട്രഷറി ബോണ്ട് ആദായവും ഉയർന്നത് സ്വർണത്തിന്റെ നിക്ഷേപ ആകർഷണത്തെ ബാധിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും വിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്. സ്വർണവിലയിലെ ഇപ്പോഴത്തെ ഇടിവ് തുടരുകയാണെങ്കിൽ ഒരു പവന്റെ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാധ്യതയാണ് വിപണി ഉറ്റുനോക്കുന്നത്.
നിലവിൽ 1,01,560 രൂപയാണ് ഒരു പവന്റെ വില. ഒരു ലക്ഷം രൂപയെന്ന നിലവാരത്തിന് താഴെയെത്താൻ ഇനി 1,560 രൂപയുടെ കുറവ് കൂടി ഉണ്ടായാൽ മതി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വീണ്ടും താഴുകയും ഔൺസിന് 3,850 ഡോളർ എന്ന പിന്തുണനിലവാരം തകരുകയും ചെയ്താൽ 3,700 ഡോളറിലേക്ക് വില താഴാൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ. അങ്ങനെയെങ്കിൽ അതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും ഉണ്ടയേക്കും.
എന്നാൽ ആഗോള സാമ്പത്തിക സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണത്തിന്റെ നിക്ഷേപ ആവശ്യകതയിലുണ്ടാകുന്ന വർധനയും വിലയിൽ തിരിച്ചുവരവിന് കാരണമായേക്കാം. സ്വർണത്തിനു പുറമെ വെള്ളിവിലയിലും ഇടിവാണ് കാണുന്നത്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് വെള്ളിയുടെ വില 195 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ വെള്ളിയുടെ വില ഔൺസിന് 50.46 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. ഏകദേശം മൂന്ന് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
Content Highlights: Kerala Gold Price Today: Major Crash in Gold Rates as Sovereign Falls by ₹960; Will Prices Drop Below the ₹1 Lakh Mark?