വിലയൊന്ന് താഴ്ന്നു, ജ്വല്ലറികളിലെ തിരക്കും കൂടി; ദീപാവലി സീസണില്‍ വാങ്ങിക്കൂട്ടിയത് 72,000 കോടിയുടെ സ്വർണ്ണം

2023-ൽ 10 ഗ്രാമിന് 60,000 രൂപയായിരുന്ന വില 2024-ൽ 80,000 രൂപയായും 2025-ൽ 1.15-1.20 ലക്ഷം രൂപയായും ഉയർന്നിരുന്നു

3 min read|12 Nov 2026, 06:17 pm

വില കുറഞ്ഞ തോടെ ധൻതേരസ്-ദീപാവലി സീസണിൽ രാജ്യത്ത് സ്വർണ്ണ, വെള്ളി വിൽപ്പനയിൽ വൻ കുതിപ്പ്. ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷന്റെ (IBJA) കണക്കുകൾ പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് സ്വർണ്ണത്തിന്റെ ഡിമാൻഡിൽ 30 ശതമാനത്തിന്റെയും വെള്ളിയുടെ വിൽപ്പനയിൽ 10 ശതമാനത്തിന്റെയും വർദ്ധനവുണ്ടായി. ഉത്സവ സീസണിൽ മാത്രം ഇന്ത്യക്കാർ 72,000 കോടി രൂപ വിലമതിക്കുന്ന 52 ടൺ സ്വർണ്ണവും 5,400 കോടി രൂപയുടെ 300 ടൺ വെള്ളിയുമാണ് വാങ്ങിക്കൂട്ടിയത്.

പത്ത് ഗ്രാമിന് 1.8 ലക്ഷം രൂപ എന്ന റെക്കോർഡ് ഉയരത്തിൽ നിന്നും 1.42 ലക്ഷം രൂപയിലേക്ക് സ്വർണ്ണവില ഇടിഞ്ഞതാണ് ഉപഭോക്താക്കളെ വീണ്ടും ജ്വല്ലറികളിലേക്ക് എത്തിച്ചത്. ഇതിനുപുറമെ നവംബർ പകുതിയോടെ ആരംഭിക്കുന്ന വിവാഹ സീസണിന് മുന്നോടിയായുള്ള മുൻകൂർ പർച്ചേസുകളും വിൽപ്പനയ്ക്ക് കരുത്തേകി. ശമ്പളവും ഉത്സവ ബോണസും ലഭിക്കുന്ന മാസത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ (നവംബർ 6, 8 തീയതികളിൽ) ധൻതേരസും ദീപാവലിയും എത്തിയത് വിപണിയിൽ മികച്ച പണമൊഴുക്കിന് കാരണമായെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ രാജേഷ് റോക്ഡെ വ്യക്തമാക്കുന്നു.

ഉയർന്ന വിലയും ഇറക്കുമതി തീരുവ വർദ്ധനവും മൂലം നടപ്പ് സാമ്പത്തിക വർഷം സെപ്റ്റംബർ വരെ സ്വർണ്ണ വിൽപ്പനയിൽ 50 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. എന്നാൽ വില കുറഞ്ഞതോടെയും, ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില താഴ്ന്നതിനാൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലും ഉപഭോക്താക്കൾ കൂട്ടത്തോടെ സ്വർണ്ണം വാങ്ങാൻ മുന്നോട്ടുവരികയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്വർണ്ണവിലയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023-ൽ 10 ഗ്രാമിന് 60,000 രൂപയായിരുന്ന വില 2024-ൽ 80,000 രൂപയായും 2025-ൽ 1.15-1.20 ലക്ഷം രൂപയായും ഉയർന്നിരുന്നു.

സ്വർണ്ണത്തിനും വെള്ളിക്കും പുറമെ പ്രകൃതിദത്ത വജ്രങ്ങളുടെ (Natural Diamonds) വിൽപ്പനയിലും വലിയ ഉണർവുണ്ടായി. പ്രമുഖ ജുവലറി ശൃംഖലയായ സി. കൃഷ്ണയ്യ ചെട്ടി ജുവലേഴ്സിന്റെ കണക്കുകൾ പ്രകാരം, ധൻതേരസ് ദിനത്തിൽ മാത്രം വജ്ര വിൽപ്പനയിൽ 250 ശതമാനത്തിന്റെയും ദീപാവലി സീസണിൽ 47 ശതമാനത്തിന്റെയും വർദ്ധനവ് രേഖപ്പെടുത്തി. ലാബ്-ഗ്രോൺ ഡയമണ്ടുകളുടെ മത്സരവും ആഗോള ഉപരോധങ്ങളും നിലനിൽക്കുമ്പോഴും, കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വജ്ര വിൽപ്പനയാണ് ഈ സീസണിൽ നടന്നതെന്നും വിപണിയിലെ ശുഭപ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ടെന്നും ജുവലറി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Indians purchased around 52 tonnes of gold worth ₹72,000 crore during the 2026 Dhanteras-Diwali period, according to the India Bullion and Jewellers Association (IBJA). Gold buying volumes increased 30% compared with last year, while silver purchases rose 10%. The recent correction in gold prices and advance buying ahead of the wedding season helped drive demand

To advertise here,contact us