സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മുന്നേറ്റം. 22 കാരറ്റ് സ്വർണം പവന് 760 രൂപയുടെ വർധനയോടെ 1,06,040 രൂപയും ഗ്രാമിന് 95 രൂപ വർധിച്ച് 13,255 രൂപയിലുമെത്തി. നവംബർ ഒന്നാം തിയതി ആയിരുന്നു സ്വർണ വില മാസങ്ങൾക്ക് ശേഷം 1,01,840 എന്ന താഴ്ന്ന നില തൊട്ടത്.തൊട്ടുപിന്നാലെ നവംബർ 5 ന് 1,07,080 രൂപ എന്ന ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലയും റിപ്പോർട്ട് ചെയ്തു. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര സ്വർണ വിലയിലും പ്രതിഫലിച്ചത്. നിൽവിൽ ട്രോയ് ഔൺസിന് 4,100 ഡോളർ കടന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നത്തെ കുതിപ്പോടെ സ്വർണ വില വീണ്ടും 1,06,000 ത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഗ്രാമിന് 205 രൂപയിലും 10 ഗ്രാമിന് 2,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ജനുവരിയിലെ റെക്കോർഡ് നിലവാരത്തിൽ നിന്ന് ഏകദേശം 24 ശതമാനം ഇടിഞ്ഞിട്ടും ഇന്ത്യയിൽ വില കുറഞ്ഞത് 20 ശതമാനം മാത്രമാണ്. ഇറക്കുമതി തീരുവയിലെ വർധനയും രൂപയുടെ മൂല്യത്തകർച്ചയുമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവിന്റെ ആഘാതം കുറച്ച പ്രധാന ഘടകങ്ങൾ. 2026 മേയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതും ഇറക്കുമതി ചെലവ് വർധിപ്പിച്ചു.
ഇന്ത്യൻ വിപണിയിൽ സ്വർണവില ആഗോള നിരക്കിനെ മാത്രം ആശ്രയിച്ചല്ല നിശ്ചയിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ, ജിഎസ്ടി, ആഭ്യന്തര വിപണിയിലെ പ്രീമിയം എന്നിവയും വിലയെ സ്വാധീനിക്കുന്നു. ജനുവരിയിൽ ആഭ്യന്തര വിപണിയിൽ ഉയർന്നുനിന്നിരുന്ന അധിക വില പിന്നീട് കുറഞ്ഞതും ഇന്ത്യയിൽ സ്വർണവില താഴാൻ കാരണമായി. അതിനാൽ രാജ്യാന്തര വിപണിയിൽ വില താഴുമ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾക്ക് അതേ അനുപാതത്തിലുള്ള ആശ്വാസം ലഭിക്കുന്നില്ല.
Content Highlights: Despite expectations of a price correction, gold has bounced back sharply in Kerala, with the price of 22-carat gold rising by ₹760 per sovereign in a single day to cross the ₹1.06 lakh mark once again.