ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിങ് ലിസ്റ്റ് കണ്ട് നിരാശപ്പെടുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. രാജ്യത്തെ ഏഴ് പ്രധാന റെയിൽവേ ഇടനാഴികൾ നാലുവരി പാതകളാക്കി വികസിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പദ്ധതി പൂർത്തിയാകുന്നതോടെ 1,000-ത്തിലധികം അധിക ട്രെയിനുകൾ സർവീസ് നടത്താനാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളിലാണ് പ്രധാനമായും വികസനം നടപ്പാക്കുന്നത്. ഇതിന് പുറമെ ഡൽഹി-ചെന്നൈ, മുംബൈ-കൊൽക്കത്ത, ഡൽഹി-ഗുവാഹത്തി എന്നീ മൂന്ന് പ്രധാന ഡയഗണൽ ഇടനാഴികളും പദ്ധതിയുടെ ഭാഗമാണ്. നിലവിലുള്ള റെയിൽവേ ശൃംഖലയിലെ തിരക്ക് കുറയ്ക്കുകയും യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.
ഏഴ് പ്രധാന ഇടനാഴികളിലും നാല് സമാന്തര ട്രാക്കുകൾ ഒരുക്കുന്നതോടെ യാത്രാ-ചരക്ക് ട്രെയിനുകൾക്ക് കൂടുതൽ സൗകര്യത്തോടെ സർവീസ് നടത്താനാകും. നിലവിലെ ട്രാക്കുകളിലെ തിരക്കും ട്രെയിൻ വൈകലും കുറയ്ക്കുന്നതിനൊപ്പം കൂടുതൽ സ്ഥിരം ട്രെയിൻ സർവീസുകൾ ആരംഭിക്കാനും ഇതിലൂടെ സാധിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ 1,000-ത്തിലധികം പുതിയ സ്ഥിരം ട്രെയിനുകൾ ഓടിക്കാനാകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
കൽക്കരി ഉൾപ്പെടെയുള്ള ചരക്കുനീക്കം വർധിച്ചതും യാത്രക്കാരുടെ തിരക്കും നിലവിലെ റെയിൽവേ ശൃംഖലയിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം പരിഹരിക്കാൻ പുതിയ പാതകൾ നിർമിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 36,000 കിലോമീറ്റർ അധിക റെയിൽവേ ട്രാക്കുകൾ നിർമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഉത്സവകാല തിരക്ക് നിയന്ത്രിക്കുന്നതിനായി ഈ സീസണിൽ 18,000 പ്രത്യേക ട്രെയിനുകളും റെയിൽവേ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12,000 പ്രത്യേക ട്രെയിനുകളായിരുന്നു സർവീസ് നടത്തിയത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ വിവിധ സ്റ്റേഷനുകളിലായി 700-ഓളം AI ക്യാമറകളും 20 സ്റ്റേഷനുകളിൽ പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
പുതിയ ട്രാക്ക് വികസന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വെയിറ്റിങ് ലിസ്റ്റ് കുറയുന്നതിനും ട്രെയിൻ ലഭ്യത വർധിക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
Content Highlights: Indian Railways Announces Major Expansion: 7 Key Corridors to Get Four Tracks, Over 1,000 Additional Trains Planned to Ease Passenger Congestion and Reduce Waiting Lists