12,000 കോടി രൂപയുടെ കച്ചവടം തുലാസിൽ; രാംലീല മൈതാനത്തെ റാലി മാറ്റണമെന്ന് സോണിയയോട് വ്യാപാരികൾ

ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ആണ് സോണിയയോട് റാലിയുടെ തിയതി മാറ്റണമെന്ന് അഭ്യർത്ഥിച്ചത്

നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടക്കുന്ന ഇൻഡ്യ സഖ്യ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് വ്യാപാരികൾ. 12,000 കോടി രൂപയുടെ കച്ചവടം തുലാസിലാകുമെന്നും ദീപാവലിക്ക് ശേഷം റാലി നടത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ആണ് സോണിയയോട് റാലിയുടെ തിയതി മാറ്റണമെന്ന് അഭ്യർത്ഥിച്ചത്.

തിയതി മാറ്റണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിച്ച പശ്ചാത്തലത്തിലാണ് സംഘടന സോണിയയെ കണ്ടത്. സോണിയാണ് തങ്ങളുടെ അവസാന പ്രതീക്ഷയെന്ന് പറഞ്ഞ വ്യാപാരികൾ റാലിക്ക് ഏകദേശം 10 ലക്ഷത്തോളം ആളുകൾ വരുമെന്നും ഡൽഹിയിലെ മാർക്കറ്റുകൾ നിശ്ചലമാകുമെന്നും പറഞ്ഞു. 10,000 മുതൽ 12,000 കോടി രൂപയുടെ നഷ്ടം ഇത് മൂലം സംഭവിക്കാമെന്നും വ്യാപാരികൾ പറഞ്ഞു. റാലിയെ എതിർക്കുകയല്ല, തങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കണമെന്ന് രാഷ്ട്രീയ നേതാക്കളോട് അഭ്യർത്ഥിക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു.

രാംലീല മൈതാനത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഇരുപതോളം മൊത്ത, ചില്ലറ മാർക്കറ്റുകളാണ് ഉള്ളത്. ചാന്ദ്നി ചൗക്ക്, സദർ ബസാർ, കശ്‌മീരി ബാഗ് തുടങ്ങിയ മാർക്കറ്റുകൾ ഇതിൽ ഉൾപ്പെടും. പ്രതിദിനം 5,000 ട്രാക്കുകളിലും ടെമ്പോകളിലും സാധനങ്ങൾ ഇറക്കുന്ന ഈ മാർക്കറ്റിൽ നിന്ന് കോടികളുടെ വ്യാപാര വിപണനമാണ് നടക്കുന്നത്.

അതേസമയം റാലിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക് കടക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയോടെയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനായി ജന്തർ മന്തർ, പാർലമെന്റ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്കുള്ള റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. റാലിയിൽ സുരക്ഷയൊരുക്കാനായി 3,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അർദ്ധസൈനിക വിഭാഗം അംഗങ്ങളെയും വിന്യസിക്കും. ജനക്കൂട്ടത്തെ നിരീക്ഷിക്കാനായി പരിസരപ്രദേശങ്ങളിലായി 150 ഹൈ ഡെഫിനിഷൻ, എഐ ക്യാമറകൾ ഡൽഹി പൊലീസ് ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. അൻപതിനായിരത്തോളം പേർ സമരത്തിന് എത്തുമെന്നാണ് ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്.

Content Highlights: Traders have urged Sonia Gandhi to postpone the INDIA alliance rally scheduled for November 1 at Ramlila Maidan, warning that business worth ₹12,000 crore could be affected. They have proposed holding the rally after Diwali.

To advertise here,contact us