സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് മാത്രം. പവന് 120 രൂപ മാത്രമാണ് കുറഞ്ഞത്. 1,14,160രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ₹14,270 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ചെയ്തത്. ഒരു പവന് 128 രൂപയാണ് കുറഞ്ഞത്. 1,24,544 രൂപയാണ് വില. ഒരു ഗ്രാമിന് 16 രൂപയാണ് കുറഞ്ഞത്. 15,568 രൂപയാണ് വില.
അതേസമയം, സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ഫീസിൽ കേന്ദ്ര സർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) വരുത്തിയ വൻ വർധനവിനെതിരെ സ്വർണ വ്യാപാര രംഗത്ത് ശക്തമായ പ്രതിഷേധം. ഒരു സ്വർണാഭരണത്തിന് നിലവിലുണ്ടായിരുന്ന 45 രൂപ എന്ന ഹാൾമാർക്കിംഗ് ചാർജ്ജ് ഒറ്റയടിക്ക് 67 ശതമാനം വർധിപ്പിച്ച് 75 രൂപയാക്കിയതാണ് വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഈ നിരക്ക് വർധനവ് ഉടനടി പുനഃപരിശോധിക്കണമെന്നും ജ്വല്ലറി വ്യാപാരികളുമായി ചർച്ച നടത്തുന്നത് വരെ പഴയ നിരക്ക് തന്നെ തുടരണമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (GJC) സർക്കാരിനോടും ബിഐഎസിനോടും ആവശ്യപ്പെട്ടു.
2026 സെപ്റ്റംബർ 14-ന് പുറത്തിറക്കിയ 'ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ഹാൾമാർക്കിംഗ്) ഭേദഗതി ചട്ടങ്ങൾ, 2026' പ്രകാരമാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തിയത്. ഇതനുസരിച്ച് ജ്വല്ലറികൾ അസ്സെയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകൾക്ക് (AHCs) നൽകേണ്ട ഫീസാണ് ഓരോ ആഭരണത്തിനും 75 രൂപയായി ഉയർത്തിയിരിക്കുന്നത്.
സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ സംരക്ഷണത്തിനും ഹാൾമാർക്കിംഗ് അനിവാര്യമാണെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നും എന്നാൽ നിർബന്ധിത നിബന്ധനകളുടെ പേരിലുള്ള അമിത ഫീസ് വർധനവ് അംഗീകരിക്കാനാകില്ലെന്നും ജിജെസി വ്യക്തമാക്കി.
ഹാൾമാർക്കിംഗ് ചട്ടങ്ങൾ കൃത്യമായി പാലിക്കുന്ന വ്യാപാരികൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാകും. പ്രത്യേകിച്ച് ഭാരം കുറഞ്ഞ ലൈറ്റ് വെയിറ്റ് ആഭരണങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ഭാരം പരിഗണിക്കാതെ ഓരോ ആഭരണത്തിനും ഒരേ നിരക്കിൽ ഫീസ് ഈടാക്കുമ്പോൾ, ചെറിയ ആഭരണങ്ങളുടെ വിലയിൽ ഈ നിരക്ക് വർധന വലിയ ശതമാനമായി മാറും. സ്വർണവില ഇതിനകം തന്നെ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം അധിക ചെലവുകൾ ഒടുവിൽ ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
Content Highlights: Kerala gold price recorded a slight decline today. The price of one sovereign fell by Rs 120 to Rs 1,14,160, while the price per gram decreased by Rs 15 to Rs 14,270.