2030-ാടെ അതിവേഗ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. ജപ്പാനിലെ അടുത്ത തലമുറ E-10 ട്രെയിനിനോട് കിടപിടിക്കുന്ന ട്രെയിനുകളാകും ഇന്ത്യ നിർമിക്കുക. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽവേ ഇടനാഴിയുടെ ഭാഗമായിട്ടായിരിക്കും ബുള്ളറ്റ് ട്രെയിൻ നിർമിക്കുക.
ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. 2015 ൽ ഒരു ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രം അനുവദിച്ചിരുന്നത്. അതാണിപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. 2030-ാടെ ജപ്പാനും അടുത്ത തലമുറ E-10 ബുള്ളറ്റ് ട്രെയിൻ നിർമിക്കും. അതേ വർഷം തന്നെ ഇന്ത്യ നിർമിച്ച E-10 ബുള്ളറ്റ് ട്രെയിൻ പുറത്തിറക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
തദ്ദേശീയമായി നിർമ്മിച്ച B28 അതിവേഗ ട്രെയിനുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും സ്വന്തമായി ഭാരത് ട്രെയിൻ നിയന്ത്രണ സംവിധാനവും (BTCS) ഇന്ത്യ വികസിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. സ്പീഡ്, ട്രെയിൻ നിയന്ത്രണ സംവിധാനം, സുരക്ഷ എന്നിവയെല്ലാം നിർവഹിക്കാവുന്ന ചൈനയുടെ സിടിസിഎസ് മാതൃകയിലാണ് ഇന്ത്യ തദ്ദേശീയമായ സംവിധാനം വികസിപ്പിക്കുക.
അതേസമയം, പദ്ധതിയുടെ നിർമാണച്ചെലവ് വർധിച്ചതിലും റെയിൽവേ മന്ത്രാലയം വിശദീകരണം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഭൂമി ഏറ്റെടുക്കാനുണ്ടായ കാലതാമസം ജപ്പാനിൽ നിന്ന് ട്രെയിൻ സെറ്റ് ലഭിക്കാൻ ഉണ്ടായ താമസം എന്നിവയാണ് ചിലവ് വർധിക്കാൻ കാരണം. 2030-ാടെ പദ്ധതി പൂർത്തിയാകുമെന്നും ആദ്യ ഘട്ടം 2027 ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാകുമെന്നും റെയിൽവേ മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു.
പദ്ധതിക്കായുള്ള ബജറ്റ് വിഹിതത്തിൽ നിന്നായിരിക്കും അധിക ധനസഹായവും ലഭ്യമാകുക എന്നാണ് അധികൃതർ സൂചപ്പിക്കുന്നത്. നിലവിൽ പദ്ധതിക്ക് ആവശ്യമായ 1.1 ലക്ഷം കോടി രൂപ ലഭ്യമായത് ബജറ്റ് വിഹിതത്തിൽ നിന്നും ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയിൽ നിന്നുമാണ്.അതിവേഗ ട്രെയിനുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് റെയിൽവേ പറഞ്ഞിട്ടുണ്ടെന്നും ഇവയിൽ ഓരോന്നിനും ഏകദേശം 390 കോടി മുതൽ 400 കോടി രൂപ വരെ ചിലവാകുമെന്നും അധികൃതർ പറഞ്ഞു.
Content Highlights: India has announced an ambitious plan to build its own indigenous high-speed bullet train by 2030. Designed to match Japan’s next-generation E-10 trains, these high-speed bullet trains will be deployed as part of the Mumbai-Ahmedabad High-Speed Rail corridor.