ഇറാനിൽ തുടരുന്ന ആഭ്യന്തര കലഹങ്ങളും മധ്യേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷവും ആഗോള വസ്ത്ര നിർമ്മാണ-വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുദ്ധത്തെ തുടർന്ന് ഊർജ്ജ-ചരക്കുനീക്ക ചെലവുകൾ കുത്തനെ ഉയർന്നത് വസ്ത്ര ഉൽപ്പാദന മേഖലയെ സാരമായി ബാധിച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതോടെ വസ്ത്രങ്ങളുടെ നിർമ്മാണ ചെലവ് ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. ഇത് ലോകമെമ്പാടുമുള്ള പ്രമുഖ റീട്ടെയിൽ ബ്രാൻഡുകളെയും വസ്ത്ര നിർമ്മാതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പോളിസ്റ്റർ തുണിത്തരങ്ങളുടെ വില ക്രൂഡ് ഓയിൽ വിപണിയിലെ വിലക്കയറ്റം മൂലം ചൈനയിൽ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. കൂടാതെ എൽ നിനോ പ്രതിഭാസം വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയും വളങ്ങളുടെ ദൗർലഭ്യവും കാരണം പരുത്തിയുടെ (കോട്ടൺ) വിലയും രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ചരിത്രത്തിലാദ്യമായി പോളിസ്റ്റർ, പരുത്തി എന്നീ രണ്ട് പ്രധാന നാരുകൾക്കും ഒരേസമയം വില കൂടുന്നത് നിർമ്മാതാക്കൾക്ക് മറ്റ് ബദൽ മാർഗ്ഗങ്ങൾ തേടുന്നതിനും തടസ്സമാകുന്നു. ഡൈകൾ, രാസവസ്തുക്കൾ, എണ്ണ, വാതകം തുടങ്ങി വസ്ത്ര നിർമ്മാണത്തിന് ആവശ്യമായ എല്ലാ അനുബന്ധ സാമഗ്രികൾക്കും വില വർദ്ധിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ പ്രമുഖ വസ്ത്ര നിർമ്മാണ ഫാക്ടറിയായ പ്ലമ്മി ഫാഷൻസ് പോലുള്ള സ്ഥാപനങ്ങളിൽ ഓർഡറുകൾ പകുതിയോളം കുറയുകയും പല മെഷീനുകളും മാസങ്ങളായി നിശ്ചലമാവുകയും ചെയ്തിരിക്കുകയാണ്. വില കുറയുമെന്ന പ്രതീക്ഷയിൽ വൻകിട ബയർമാർ ഓർഡറുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതാണ് ഇതിന് കാരണം. വസ്ത്ര നിർമ്മാണത്തിൽ അസംസ്കൃത വസ്തുക്കൾക്ക് മാത്രം 60% ചെലവ് വരുമ്പോൾ ഫാക്ടറികളുടെ ലാഭവിഹിതം വെറും 2% മുതൽ 3% വരെ മാത്രമാണ്. എന്നാൽ വിപണിയിലെ കടുത്ത മത്സരം കാരണം ഈ അധിക ചെലവ് ബയർമാരിലേക്ക് കൈമാറാൻ നിർമ്മാതാക്കൾക്ക് സാധിക്കുന്നില്ല.
ഈ പ്രതിസന്ധി ഏഷ്യയിലെ പ്രധാന വസ്ത്ര കയറ്റുമതി രാജ്യങ്ങളായ ഇന്ത്യയെയും ബംഗ്ലാദേശിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ആഗോള വസ്ത്ര വ്യാപാരത്തിന്റെ 4 ശതമാനത്തോളം കൈയാളുന്ന ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് ജൂലൈയിൽ 4.5% ഇടിവ് രേഖപ്പെടുത്തി. സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ ആകെ കയറ്റുമതിയിൽ 10.5% കുറവുണ്ടായി. പ്രതിവർഷം മധ്യേഷ്യയിലേക്ക് 800 മില്യൺ ഡോളറിന്റെ വസ്ത്രങ്ങൾ കയറ്റി അയക്കുന്ന ബംഗ്ലാദേശിന്റെ വ്യാപാരം നിലവിൽ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സ്വീഡിഷ് ബ്രാൻഡായ ആസ്കറ്റ് പോലുള്ള കമ്പനികൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ വസ്ത്രങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായി. വരും ദിവസങ്ങളിൽ വസ്ത്രങ്ങളുടെ വിലയിൽ 10% മുതൽ 20% വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കൾ വസ്ത്രങ്ങൾ വാങ്ങുന്നത് ഒഴിവാക്കുമോ എന്ന ആശങ്കയിലാണ് റീട്ടെയിലർമാർ. മധ്യേഷ്യയിലെ യുദ്ധം അവസാനിക്കുകയും വിപണി സാധാരണ നിലയിലാവുകയും ചെയ്യാതെ ടെക്സ്റ്റൈൽ മേഖലയിലെ പ്രതിസന്ധി മാറില്ലെന്നാണ് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നത്.
Content Highlights: Conflict in the Middle East and Central Asia is disrupting the global textile supply chain. Polyester and cotton prices have risen, increasing garment production costs. Bangladesh and India’s apparel sectors are facing weaker orders and export pressures.