E20 പെട്രോൾ നയത്തിൽ കേന്ദ്രത്തിന് മനംമാറ്റമെന്ന് സൂചന. E20 ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുവെന്ന വ്യാപക പരാതിക്ക് പിന്നാലെ E10 പെട്രോൾ തിരിച്ചുകൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ നിർദ്ദേശിച്ചു. ഒരു ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അനന്ത നാഗേശ്വരൻ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
E20 പെട്രോളിനെ പൂർണ്ണമായും തള്ളിക്കളയേണ്ടെന്നും അല്ലാതെതന്നെ E10 പെട്രോൾ കൊണ്ടുവരണമെന്നുമാണ് നിർദ്ദേശം. വിമർശനങ്ങളെ പൂർണമായും തള്ളിക്കളയാനാകില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. കാർബറേറ്ററുകളിൽ പ്രവർത്തിക്കുന്ന 8 കോടിയോളം വരുന്ന പഴയ വാഹനങ്ങൾക്ക് E20 അനുയോജ്യമാകില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നത് നടപ്പാക്കുന്നതിന് മുൻപ് ഭക്ഷണ - ഇന്ധന വിനിമയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും E10 പെട്രോൾ തിരികെകൊണ്ടുവരുന്നത് ജനരോഷം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യയിൽ 75 മുതൽ 80 മില്യൺ ഇരുചക്ര വാഹനങ്ങൾ വരെയുണ്ട് എന്നും അവയെല്ലാം e10 പെട്രോളിന് മാത്രം അനുയോജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൈലേജിന്റെ പ്രശ്നം മാത്രമല്ല, വാഹനത്തിന്റെ എഞ്ചിന് കേടുപാടുകൾ വരാം എന്നത് കാര്യമാണ്. നിലവിൽ ഉള്ള വാഹനങ്ങളെ സംരക്ഷിക്കാൻ കുറഞ്ഞ ബ്ലെൻഡ് ഉള്ള പെട്രോൾ അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, E20 പെട്രോളിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കെ, എഥനോൾ കലരാത്ത പെട്രോൾ ലഭിക്കുന്ന പമ്പുകൾ എളുപ്പത്തിൽ കണ്ടെത്താൻ പുതിയ സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡൽഹി സ്വദേശിയായ ഐടി എൻജിനീയർ ഗൗരവ് താക്കർ. E0 Fuel Finder എന്ന വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് വാഹന ഉടമകൾക്ക് സഹായകരമാകുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഥനോൾ രഹിത പ്രീമിയം പെട്രോൾ ലഭിക്കുന്ന പമ്പുകളുടെ വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ എത്തിക്കുകയാണ് E0 Finder-ന്റെ ലക്ഷ്യം. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഔട്ട്ലെറ്റുകളാണ് നിലവിൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Indian Oil-ന്റെ XP100, BPCL-ന്റെ Speed 100, HPCL-ന്റെ Power 100 തുടങ്ങിയ പ്രീമിയം ഇന്ധനങ്ങൾ ലഭിക്കുന്ന പമ്പുകളുടെ ലൊക്കേഷൻ കണ്ടെത്താൻ ആപ്പ് സഹായിക്കും. നിലവിലെ ലൊക്കേഷൻ അടിസ്ഥാനമാക്കി സമീപത്തെ പമ്പുകൾ തിരയാനും മാപ്പിലൂടെ വഴി കണ്ടെത്താനും സാധിക്കും. പമ്പിന്റെ ഫോൺ നമ്പറും ലഭ്യമായ ഇന്ധനത്തിന്റെ വിലയും പ്ലാറ്റ്ഫോമിൽ കാണാൻ കഴിയും.
E0 Finder-ന്റെ പ്രത്യേകത, ഉപയോഗിക്കാൻ അക്കൗണ്ട് സൃഷ്ടിക്കുകയോ ഫോൺ നമ്പർ നൽകി OTP വെരിഫിക്കേഷൻ നടത്തുകയോ ആവശ്യമില്ല എന്നതാണ്. വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. 2026 ഏപ്രിൽ മുതൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ E20 ഇന്ധനം വ്യാപകമായി ലഭ്യമാകുന്ന സാഹചര്യത്തിലാണ് എഥനോൾ രഹിത ഇന്ധനം കണ്ടെത്താനുള്ള താൽപര്യവും വർധിച്ചത്. E20 എന്നത് 20 ശതമാനം വരെ എഥനോൾ കലർന്ന പെട്രോളാണ്. ഇതിന് പകരം എഥനോൾ ഇല്ലാത്ത ഇന്ധനം തേടുന്ന വാഹന ഉടമകൾക്ക് പുതിയ ഫൈൻഡർ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
എന്നാൽ E0 Fuel Finder-ൽ കാണുന്ന പമ്പിൽ ഇന്ധനം അപ്പോൾ തന്നെ സ്റ്റോക്കുണ്ടെന്ന് ഉറപ്പില്ല. ഔട്ട്ലെറ്റുകളുടെ വിവരങ്ങൾ എണ്ണക്കമ്പനികളുടെ ഔദ്യോഗിക ലൊക്കേറ്ററുകളിൽ നിന്നാണ് ശേഖരിക്കുന്നത്; അതിനാൽ പമ്പിലെത്തുന്നതിന് മുമ്പ് ലഭ്യത നേരിട്ട് സ്ഥിരീകരിക്കണമെന്ന് പ്ലാറ്റ്ഫോം തന്നെ നിർദേശിക്കുന്നു.
e0fuel.in എന്ന വെബ്സൈറ്റിലൂടെയാണ് E0 പെട്രോൾ ലഭിക്കുന്ന പമ്പുകൾ കണ്ടെത്താൻ കഴിയുന്നത്. സമീപത്തെ പമ്പുകൾ മാപ്പിൽ പരിശോധിക്കാനും ഇന്ധന ഗ്രേഡ് സംബന്ധിച്ച വിവരങ്ങൾ കാണാനും സാധിക്കും.
E20-ന് പകരം എഥനോൾ രഹിത ഇന്ധനം തേടുന്ന വാഹന ഉടമകൾക്ക് എവിടെ കിട്ടും എന്ന ചോദ്യത്തിന് ഒറ്റ പ്ലാറ്റ്ഫോമിലൂടെ മറുപടി നൽകുകയാണ് E0 Fuel Finder.
Content Highlights: India's Chief Economic Adviser V Anantha Nageswaran has suggested bringing back E10 petrol amid widespread complaints that E20 fuel could cause problems for vehicles. The recommendation has raised questions about the Centre's E20 petrol policy and the future of ethanol blending in India's automotive fuel sector.