സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന ഫലം കണ്ടു; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപ

മെയ് 13 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള കാലയളവിലാണ് സ്വര്‍ണ ഇറക്കുമതിയിലൂടെ 10,040 കോടി രൂപയുടെ വരുമാനം ലഭിച്ചത്. ഇതിന് പുറമെ വെള്ളി ഇറക്കുമതിയില്‍ നിന്ന് 328 കോടി രൂപയും പ്ലാറ്റിനം ഇറക്കുമതിയില്‍ നിന്ന് 95 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചു.

സ്വര്‍ണ്ണ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ മൂന്ന് മാസത്തിനിടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപയുടെ അധിക വരുമാനം. മെയ് 13ന് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സ്വര്‍ണത്തില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്.

മെയ് 13 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള കാലയളവിലാണ് സ്വര്‍ണ ഇറക്കുമതിയിലൂടെ 10,040 കോടി രൂപയുടെ വരുമാനം ലഭിച്ചത്. ഇതിന് പുറമെ വെള്ളി ഇറക്കുമതിയില്‍ നിന്ന് 328 കോടി രൂപയും പ്ലാറ്റിനം ഇറക്കുമതിയില്‍ നിന്ന് 95 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചു. ഇതോടെ ഈ കാലയളവില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിയില്‍ നിന്നുള്ള ആകെ വരുമാനം 10,463 കോടി രൂപയായി.

കേന്ദ്രത്തിന്റെ കസ്റ്റംസ് വരുമാനത്തില്‍ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിക്കുള്ള നികുതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. മെയ്-ജൂണ്‍ മാസങ്ങളില്‍ കേന്ദ്രത്തിന്റെ ആകെ കസ്റ്റംസ് തീരുവ വരുമാനം 40,317 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 42 ശതമാനം വര്‍ധനയാണ്.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇരട്ടിയാക്കി

മെയ് 13ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കേന്ദ്രം ഉയര്‍ത്തിയത്. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് ഒരു ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായും വര്‍ധിപ്പിച്ചു. ഇതോടെ ഇവയുടെ ആകെ ഇറക്കുമതി തീരുവ 15 ശതമാനമായി. പ്ലാറ്റിനത്തിന്റെ ഇറക്കുമതി തീരുവയും 6.4 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമായി ഉയര്‍ത്തി. സ്വര്‍ണം, വെള്ളി എന്നിവയുടെ ആഭരണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചെറിയ ഘടകങ്ങളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനമായും പ്ലാറ്റിനം ഘടകങ്ങളുടേത് 5.4 ശതമാനമായും വര്‍ധിപ്പിച്ചു.

ആഭരണങ്ങളുടെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനും ഉറപ്പിച്ചുനിര്‍ത്താനും ഉപയോഗിക്കുന്ന കൊളുത്തുകള്‍, ക്ലാസ്പുകള്‍, ക്ലാംപുകള്‍, പിന്നുകള്‍, സ്‌ക്രൂകള്‍ തുടങ്ങിയ ചെറിയ ഘടകങ്ങളെയാണ് 'ഫൈന്‍ഡിംഗ്‌സ്' എന്ന് വിളിക്കുന്നത്. അടിസ്ഥാന കസ്റ്റംസ് തീരുവയ്ക്കും AIDCക്കും പുറമെ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിക്ക് മൂന്ന് ശതമാനം ഇന്റഗ്രേറ്റഡ് ജിഎസ്ടി കൂടി ബാധകമാണ്.

സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന

ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഉല്‍പ്പന്നങ്ങളിലൊന്നാണ് സ്വര്‍ണം. 2025-26ല്‍ രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതിയുടെ മൂല്യം 72 ബില്യണ്‍ ഡോളറായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ധന. 2026 ജനുവരിയില്‍ ആദ്യമായി ഇന്ത്യക്കാര്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ കൂടുതല്‍ തുക ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 11.01 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനമാണ് വര്‍ധനയാണിത്. അതേസമയം, വെള്ളി ഇറക്കുമതി 43 ശതമാനം കുറഞ്ഞ് 547 ദശലക്ഷം ഡോളറായി.

രൂപയുടെ മൂല്യത്തകര്‍ച്ചയും പശ്ചിമേഷ്യന്‍ സംഘര്‍ഷവും

രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ഒരു ഡോളറിന് 100 രൂപയെന്ന നിലയിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവയില്‍ വലിയ വര്‍ധന വരുത്തിയത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായിരുന്നു.

ഹോര്‍മുസ് കടലിടുക്ക് പോലുള്ള പ്രധാന ജലപാതകളുടെ ഗതാഗതത്തെ സംഘര്‍ഷ സാഹചര്യം ബാധിച്ചത് ആഗോള ഊര്‍ജവില ഉയരാനും വിതരണ-വ്യാപാര ശൃംഖലകളില്‍ തടസ്സമുണ്ടാകാനും ഇടയാക്കി. വിദേശ നിക്ഷേപകരില്‍ ആശങ്ക വര്‍ധിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള നിക്ഷേപ പിന്‍വലിക്കലും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

മെയ് മാസത്തിന്റെ മധ്യത്തോടെ ഒരു ഡോളറിന് 97 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. ഇന്ധന ഉപഭോഗം, അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍, സ്വര്‍ണ്ണം വാങ്ങല്‍ എന്നിവ ഒരു വര്‍ഷത്തേക്ക് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. രാജ്യത്തിന്റെ വിദേശനാണയ ശേഖരം സംരക്ഷിക്കുന്നതിനും ഇറക്കുമതി ചെലവ് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.

Content Highlight: Gold import duty hike helps the Centre collect Rs 10,040 crore additional revenue within three months, boosting customs collections from precious metal imports

To advertise here,contact us