ഇന്ത്യൻ പൗരന്മാർക്ക് അനുവദിക്കുന്ന ബിസിനസ് വിസ നടപടികൾ ചൈന കൂടുതൽ കർശനമാക്കിയതായി റിപ്പോർട്ട്. ഇതോടെ ചൈനയിൽ പ്രവർത്തിക്കുന്നതോ അവിടെയുള്ള വിതരണ ശൃംഖലയെ ആശ്രയിക്കുന്നതോ ആയ നിരവധി ഇന്ത്യൻ കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, വിസ അനുവദിക്കുന്നതിൽ കൂടുതൽ പരിശോധനകളും അധിക രേഖകളും ആവശ്യപ്പെടുന്നതും അപേക്ഷാ നടപടികൾക്ക് കൂടുതൽ സമയം എടുക്കുന്നതുമാണ് കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇതുമൂലം ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, ബിസിനസ് പ്രതിനിധികൾ എന്നിവർക്ക് ചൈനയിലേക്കുള്ള യാത്ര വൈകുകയാണ്.
നിർമാണം, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, മെഷിനറി തുടങ്ങിയ മേഖലകളെ നടപടി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ചൈനീസ് വിതരണക്കാരുമായി കരാറുകൾ, ഫാക്ടറി പരിശോധനകൾ, യന്ത്രങ്ങളുടെ ഇൻസ്റ്റലേഷൻ, ഗുണനിലവാര പരിശോധന എന്നിവയ്ക്കായി ഇന്ത്യൻ ഉദ്യോഗസ്ഥർ നേരിട്ട് എത്തേണ്ട സാഹചര്യം പല കമ്പനികൾക്കും ഉണ്ടാകാറുണ്ട്.
വിസ നിയന്ത്രണം ശക്തമായതോടെ വിതരണ ശൃംഖലയിൽ കാലതാമസവും ഉൽപാദന ചെലവ് വർധിക്കുന്നതിനുള്ള സാധ്യതയും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഈ നടപടികൾ ഉൽപാദന പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നതാണ് വ്യവസായ മേഖലയുടെ പ്രധാന ആശങ്ക.
Content Highlights: China Tightens Business Visa Rules for Indians, Disrupting Manufacturing