E20 പെട്രോൾ;വാഹനങ്ങൾക്ക് പണി ആകുമെന്ന് മുന്നറിയിപ്പ്; മണിക്കൂറുകൾക്കകം നിലപാട് മാറ്റി SIAM, ആശങ്ക

E20 പെട്രോളിന്റെ ഗുണനിലവാരം കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്

E20 ഉപയോഗിക്കുന്നത് വാഹനങ്ങൾക്ക് കേടുവരുത്തുന്നുവെന്ന ആശങ്കകൾ സംബന്ധിച്ച പല വിധത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.വാഹന നിർമാതാക്കളുടെ സംഘടനയായ SIAM (Society of Indian Automobile Manufacturers) കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് അയച്ച ഒരു കത്ത് പുറത്തുവന്നതോടെ ഇപ്പോൾ വിഷയവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ശക്തമാകുകയാണ്.

കത്തിൽ പരാമർശിച്ച ചില കണക്കുകൾക്ക് കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്നും രാജ്യവ്യാപകമായി കൂടുതൽ വിവരശേഖരണവും അംഗ കമ്പനികളുമായി വിശദമായ ചർച്ചയും നടത്തിയ ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്നും SIAM വ്യക്തമാക്കി.

എന്തായിരുന്നു ആശങ്ക?

ജൂലൈ 28-ന് മന്ത്രാലയത്തിന് അയച്ച കത്തിൽ E20 ഇന്ധനത്തിൽ അമിതമായ ക്ലോറൈഡ് സാന്നിധ്യവും ഈർപ്പത്തിന്റെ (Moisture) അളവും ചില വാഹനഭാഗങ്ങളുടെ തകരാറുകൾക്ക് കാരണമാകുന്നുവെന്ന് SIAM ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ധന ഇൻജക്ടർ, ഫ്യൂവൽ പമ്പ്, EGR വാൽവ് തുടങ്ങി ഇന്ധനവുമായി നേരിട്ട് സമ്പർക്കത്തിലുള്ള ഭാഗങ്ങളിൽ കേടുപാടുകളും തുരുമ്പും വർധിക്കുന്നതായി കമ്പനികൾ റിപ്പോർട്ട് ചെയ്തതായും കത്തിൽ പരാമർശിച്ചിരുന്നു.

SIAM പറയുന്നത്

മാധ്യമങ്ങളിൽ കത്തിലെ ഭാഗങ്ങൾ മാത്രം പുറത്തുവന്നതോടെ തെറ്റിദ്ധാരണ പരന്നുവെന്നാണ് SIAMന്റെ വിശദീകരണം. കത്ത് വിവിധ സാങ്കേതിക ഏജൻസികളും ഓയിൽ മാർക്കറ്റിംഗ് കമ്പനികളും വാഹന നിർമാതാക്കളും തമ്മിലുള്ള പതിവ് സാങ്കേതിക ആശയവിനിമയത്തിന്റെ ഭാഗം മാത്രമായിരുന്നുവെന്നും സംഘടന വ്യക്തമാക്കി.

ഇന്ധന ഗുണനിലവാരം ഉറപ്പാക്കാൻ നിലവിൽ 150-ലധികം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനാ സംവിധാനം നിലവിലുണ്ടെന്നും, എഥനോളിലെ ക്ലോറൈഡ്/സൾഫർ അളവ് 3 ppm-ൽ താഴെയാക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും SIAM അറിയിച്ചു. E20 പദ്ധതിക്ക് സംഘടനയുടെ പിന്തുണ തുടരുമെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും SIAM ആവർത്തിച്ചു.

കേന്ദ്ര സർക്കാരിന്റെ വിശദീകരണം

E20 പെട്രോളിന്റെ ഗുണനിലവാരം കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്. രാജ്യത്തെ ഏകദേശം 87,000-ത്തിലധികം പെട്രോൾ പമ്പുകളിൽ അധിക പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, മഴയ്ക്ക് ശേഷമുള്ള പരിശോധനകളും പതിവായി നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ക്ലോറൈഡ് മലിനീകരണത്തിനായി നടത്തിയ ആയിരക്കണക്കിന് പരിശോധനകളിൽ രണ്ട് കേസുകൾ മാത്രമാണ് കണ്ടെത്തിയതെന്നും, അവിടങ്ങളിൽ നിന്ന് ഇന്ധനവിൽപ്പന ഉടൻ നിർത്തിവച്ച് നടപടിയെടുത്തതായും സർക്കാർ വ്യക്തമാക്കി. അതിനാൽ ഇത് രാജ്യവ്യാപകമായ പ്രശ്നമാണെന്നതിന് തെളിവില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

വാഹന ഉടമകൾക്ക് ആശങ്കപ്പെടണോ?

നിലവിലെ സാഹചര്യത്തിൽ E20 ഇന്ധനം വാഹനങ്ങൾക്ക് വ്യാപകമായി കേടുപാടുകൾ സൃഷ്ടിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ല. SIAM തന്നെ മുൻ കത്തിലെ കണക്കുകൾക്ക് കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്ന് വ്യക്തമാക്കി കത്ത് പിൻവലിച്ചിട്ടുണ്ട്. അതേസമയം, ഇന്ധനത്തിന്റെ ഗുണനിലവാരം കർശനമായി ഉറപ്പാക്കുകയും സംഭരണ-വിതരണ സംവിധാനങ്ങളിലെ മലിനീകരണം തടയുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഈ വിവാദം വീണ്ടും ചൂണ്ടിക്കാട്ടുകയാണ്.

അതുകൊണ്ട് E20 ഇന്ധനം ഉപയോഗിക്കുന്ന വാഹന ഉടമകൾ നിലവിലെ സർക്കാർ നിർദേശങ്ങളും വാഹന നിർമാതാക്കളുടെ ശുപാർശകളും പാലിച്ച് ഇന്ധനം നിറയ്ക്കുന്നതാണ് ഉചിതം. വാഹനത്തിൽ അസാധാരണമായ പ്രവർത്തനമോ തകരാറുകളോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃത സർവീസ് സെന്ററുമായി ബന്ധപ്പെടുന്നതും നല്ലതാണ്.Content Highlights: SIAM withdraws earlier letter to Govt that had flagged chloride-related concerns with E20

To advertise here,contact us