റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് എംപിസി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ധനനയ നിലപാട് ന്യൂട്രൽ (Neutral) ആയി തുടരാനും സമിതി തീരുമാനിച്ചു. ഇതോടെ ബാങ്കുകളുടെ വായ്പാ പലിശനിരക്കുകളിൽ ഉടൻ മാറ്റമുണ്ടാകാൻ സാധ്യത കുറവാണ്.
റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ ഭവന, വാഹന, വ്യക്തിഗത വായ്പകൾ ഉൾപ്പെടെ ഫ്ലോട്ടിംഗ് പലിശനിരക്കിലുള്ള വായ്പകളുടെ ഇഎംഐയിൽ (EMI) ഉടൻ വർധനയോ കുറവോ പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ ഇഎംഐ അടച്ചുവരുന്നവർക്കും പുതിയ വായ്പ എടുക്കാൻ പദ്ധതിയിടുന്നവർക്കും ഈ തീരുമാനം ആശ്വാസമാകും.
അതേസമയം, സ്ഥിര നിക്ഷേപ (FD) പലിശനിരക്കുകളിലും ഉടൻ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. റിപ്പോ നിരക്കിൽ മാറ്റമുണ്ടാകുമ്പോഴാണ് ബാങ്കുകൾ സാധാരണയായി നിക്ഷേപ-വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തുന്നത്.
ഇത്തവണ നിരക്ക് അതേപടി നിലനിർത്തിയതിനാൽ നിലവിലെ എഫ്ഡി പലിശനിരക്കുകൾ തുടരുമെന്നാണ് വിപണി വിലയിരുത്തൽ. എന്നാൽ ഓരോ ബാങ്കിന്റെയും ബിസിനസ് തന്ത്രവും ഫണ്ട് ആവശ്യകതയും അനുസരിച്ച് പലിശനിരക്കുകളിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ബാങ്കുകൾക്ക് സ്വാതന്ത്ര്യമുണ്ട്.
ധനനയ പ്രഖ്യാപനപ്രകാരം സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) നിരക്ക് 5.00 ശതമാനമായും,മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് നിരക്കും 5.50 ശതമാനമായും തുടരും.
2026-27 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച 6.7 ശതമാനമാകുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. പണപ്പെരുപ്പം നിയന്ത്രണവിധേയമായിരുന്നാലും ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കാലാവസ്ഥാ ഘടകങ്ങൾ എന്നിവ തുടർന്നും നിരീക്ഷിക്കുമെന്ന് ആർബിഐ വ്യക്തമാക്കി.
Content Highlights: RBI MPC Meeting August 2026 Live Updates: Repo rate unchanged at 5.25%, GDP growth outlook revised up to 6.7%, says governor Sanjay Malhotra