സുരക്ഷയ്ക്ക് ഇന്ത്യയുടെ മാസ്റ്റർപ്ലാൻ; ചൈന-പാക്-ബംഗ്ലാദേശ് അതിർത്തികളിൽ വരുന്നു 45,000 കോടിയുടെ റെയിൽ പദ്ധതി

18-24 മാസത്തിനകം പുത്തൻ ട്രാക്കുകൾ, പ്ലാറ്റ്ഫോമുകൾ, പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയവയാണ് സജ്ജമാക്കുക

രാജ്യത്തിന്റെ അതിർത്തി മേഖലകളിലെ ഗതാഗതവും പ്രതിരോധ സജ്ജീകരണവും കൂടുതൽ ശക്തിപ്പെടുത്താൻ 45,000 കോടി രൂപ ചെലവിൽ പുതിയ റെയിൽവേ വികസന പദ്ധതിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളോട് ചേർന്ന പ്രദേശങ്ങളിൽ പുതിയ റെയിൽപാതകളും നിലവിലുള്ള പാതകളുടെ നവീകരണവും ഉൾപ്പെടുന്ന പദ്ധതിക്കാണ് രൂപം നൽകുന്നത്.

പദ്ധതിയുടെ ഭാഗമായി ജമ്മു-കശ്മീർ, ലഡാക്ക്, അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ത്രിപുര, മിസോറം തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലെ റെയിൽ ബന്ധം ശക്തിപ്പെടുത്താനാണ് ലക്ഷ്യം. സൈനിക വിന്യാസം വേഗത്തിലാക്കുന്നതിനും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും ഈ പദ്ധതിക്ക് നിർണായക പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.

18-24 മാസത്തിനകം പുത്തൻ ട്രാക്കുകൾ, പ്ലാറ്റ്ഫോമുകൾ, പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയവയാണ് സജ്ജമാക്കുക. അസം, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ബംഗാൾ, രാജസ്ഥാൻ‌, പഞ്ചാബ് അതിർത്തികളിലെ ശൃംഖലയാണ് ശക്തിപ്പെടുത്തുന്നത്. അടുത്ത രണ്ടുവർഷത്തേക്കുള്ള ഇന്ത്യയുടെ മൊത്തം റെയിൽവേ വിപുലീകരണ പദ്ധതിയിൽ 22 ശതമാനവും അതിർത്തികളുമായി ബന്ധപ്പെട്ടതാണെന്ന് ഇതു സംബന്ധിച്ച ബ്ലൂംബെർഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പ്രതിരോധ ആവശ്യങ്ങൾ മാത്രമല്ല, അതിർത്തി മേഖലകളിലെ സാമ്പത്തിക വികസനം, വ്യാപാരം, വിനോദസഞ്ചാരം, ചരക്ക് ഗതാഗതം എന്നിവയ്ക്കും പുതിയ റെയിൽ ശൃംഖല വലിയ ഉണർവ് നൽകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. നിലവിൽ റെയിൽ സൗകര്യം പരിമിതമായ നിരവധി തന്ത്രപ്രധാന മേഖലകളെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനും പദ്ധതി സഹായിക്കും.

റെയിൽവേ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും ചേർന്നാണ് പദ്ധതിയുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. സുരക്ഷാ പ്രാധാന്യവും സാമ്പത്തിക സാധ്യതയും അടിസ്ഥാനമാക്കി വിവിധ പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കും. ഇന്ത്യയുടെ അതിർത്തി അടിസ്ഥാനസൗകര്യ വികസനത്തിലെ ഏറ്റവും വലിയ റെയിൽ നിക്ഷേപ പദ്ധതികളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights: India plans Rs 45,000 crore railway push along China, Pakistan and Bangladesh borders

To advertise here,contact us