ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെക് പ്ലസ്'. 2023 മുതൽ നടപ്പിലാക്കിവന്ന ഉൽപ്പാദന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ മുതൽ പ്രതിദിനം 1,88,000 ബാരൽ എണ്ണ അധികമായി വിപണിയിലെത്തിക്കാനാണ് ധാരണ. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാഖിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങൾ ഈ തീരുമാനത്തെ പിന്തുണച്ചു.
എണ്ണ ആവശ്യങ്ങൾക്കായി പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ആശ്വാസകരമായ വാർത്തയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് കുറയുന്നത് രാജ്യത്തെ നാണയപ്പെരുപ്പം നിയന്ത്രിക്കാനും സാമ്പത്തിക ഭദ്രത വർധിപ്പിച്ച് ആഭ്യന്തര വളർച്ചയ്ക്ക് വേഗം കൂട്ടാനും സഹായിക്കും. ഓപെക് പ്ലസ് ഉൽപ്പാദന ലക്ഷ്യം ഉയർത്തിയെങ്കിലും ആഗോള വിപണിയിൽ പെട്ടെന്ന് എണ്ണ ലഭ്യത ഉറപ്പാകുമോ എന്നതിൽ സാമ്പത്തിക വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങളും ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ 20 ശതമാനത്തോളം നടക്കുന്ന ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങളും ഇതിന് പ്രധാന വെല്ലുവിളിയാണ്. കൂടാതെ, യുക്രെയ്ൻ ആക്രമണങ്ങളെത്തുടർന്ന് റഷ്യൻ ഊർജ്ജ മേഖലയിലുണ്ടായ തകർച്ച കാരണം അവർക്ക് നിശ്ചയിച്ച ക്വോട്ടയേക്കാൾ കുറഞ്ഞ അളവിലാണ് (പ്രതിദിനം 90 ലക്ഷം ബാരൽ) നിലവിൽ ഉൽപ്പാദനം നടക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ യുഎഇ ഓപെക് കൂട്ടായ്മ വിട്ടുപോയതും വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.
സെപ്റ്റംബറിലെ ഈ വർധനവിന് ശേഷം ഈ വർഷത്തിന്റെ അവസാന പാദത്തിൽ ഉൽപ്പാദനം നിലവിലെ അളവിൽ തന്നെ നിലനിർത്താനാണ് സാധ്യത. സമീപകാലത്തെ അന്താരാഷ്ട്ര വിപണി പരിശോധിച്ചാൽ, ഉൽപ്പാദനത്തിലും വിതരണത്തിലും നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളിലൂടെയാണ് ക്രൂഡ് ഓയിൽ മേഖല കടന്നുപോകുന്നത്. ആഗോളതലത്തിൽ എണ്ണയുടെ ആവശ്യകതയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും മിഡിൽ ഈസ്റ്റിലെയും കിഴക്കൻ യൂറോപ്പിലെയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിലനിലവാരത്തിൽ തുടർച്ചയായ അസ്ഥിരത സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ, ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളിലുണ്ടാകുന്ന സാമ്പത്തിക മന്ദഗതിയുടെ സൂചനകൾ എണ്ണ ഉപഭോഗത്തെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. പരമ്പരാഗത എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദന അളവിൽ വരുത്തുന്ന മാറ്റങ്ങളും, യു.എസ് ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ലഭ്യതയും തമ്മിലുള്ള സന്തുലിതാവസ്ഥയിലാണ് നിലവിൽ ആഗോള എണ്ണവിപണി മുന്നോട്ട് പോകുന്നത്.
Content Highlights: Saudi Arabia and Kuwait have taken an important decision in the crude oil sector that could benefit India. The move is expected to support stable crude oil supplies, reduce concerns over supply disruptions, and provide a positive outlook for one of the world's largest oil-importing nations amid evolving global energy market conditions.