സംസ്ഥാനത്ത് മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,220 രൂപയിലും 24 കാരറ്റ് സ്വർണം ഗ്രാമിന് 14,422 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടക്കുന്നത്. 1,05,760 രൂപയാണ് ഇന്ന് ഒരു പവന് 22 കാരറ്റ് സ്വർണത്തിന്റെ അടിസ്ഥാന വില. അതായത് ഈ മാസത്തിലെ ആദ്യ മൂന്ന് ദിനങ്ങളിലും ഒരേ വിലയിലാണ് വ്യാപാരം നടക്കുന്നത്.
ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ അടിസ്ഥാന വില 1,05,760 രൂപയാണെങ്കിലും, ഉപഭോക്താക്കൾ ആഭരണമായി വാങ്ങുമ്പോൾ ചെലവ് വീണ്ടും വർധിക്കും. ശരാശരി 5% പണിക്കുറ്റവും (5,288 രൂപ), 3% ജി.എസ്.ടിയും (3,331 രൂപ) ചേർക്കുമ്പോൾ ഒരു പവൻ ആഭരണത്തിന് ഏകദേശം 1,14,379 രൂപയോളമാകും. ഇതിന് പുറമെ ചെറിയൊരു തുക ഹാള്‍മാർക്കിങ് ചാർജ് കൂടി ചേരുന്നതാണ് ഫൈനല്‍ തുക. ഡിസൈനുകൾക്ക് അനുസരിച്ച് പണിക്കൂലിയില്‍ മാറ്റം വരാമെന്നതിനാൽ അന്തിമ ബിൽ തുകയിൽ വീണ്ടും വ്യത്യാസമുണ്ടാകാം.
ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് നിലവിൽ സ്വർണവില ഈ നിരക്കിൽ തുടരാൻ പ്രധാന കാരണം. അന്താരാഷ്ട്ര തലത്തിലെ ഭൂരാഷ്ട്രീയ സംഘർഷങ്ങൾ, യു.എസ്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് നയങ്ങൾ, യു.എസ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ വിപണിയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.
ഇതിനുപുറമേ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും പ്രാദേശിക വിപണിയിലും സ്വർണനിരക്ക് വർധിച്ചു നിൽക്കാൻ കാരണമാകുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 4,055 മുതൽ 4,075 യു.എസ്. ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
Content Highlights: Gold prices have remained unchanged for three consecutive days, indicating a temporary pause after recent fluctuations. Market participants are closely monitoring international bullion prices, currency movements, central bank policies, and geopolitical developments, which are expected to determine the next direction for gold prices.