വ്യാജ സ്വർണാഭരണങ്ങളിൽ വ്യാജ ഹാൾമാർക്ക് മുദ്രയും; തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടി വേണം: ജ്വല്ലറി ഉടമകള്‍

സ്വർണാഭരണമെന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ചപ്പോഴാണു വ്യാജ ഹാൾമാർക്കിങ് സംബന്ധിച്ച സംശയം ഉയർന്നത്

കോഴിക്കോട് ∙ പ്രമുഖ ജ്വല്ലറികളുടെ സ്വർണാഭരണങ്ങളിലെ എച്ച്‌യുഐഡിയും ലോഗോയും മുക്കുപണ്ടങ്ങളിൽ പതിപ്പിച്ചു തട്ടിപ്പു നടത്തുന്നതു വ്യാപകമാകുന്നു. ജ്വല്ലറി അധികൃതർ നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസ് ഇതിനകം ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളടക്കം കണ്ണികളായുള്ള സംഘം മറ്റിടങ്ങളിലും സമാനരീതിയിൽ തട്ടിപ്പു നടത്തിയതായാണു സൂചന.

താമരശ്ശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ, സ്വർണാഭരണമെന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ചപ്പോഴാണു വ്യാജ ഹാൾമാർക്കിങ് സംബന്ധിച്ച സംശയം ഉയർന്നത്. ധനകാര്യസ്ഥാപനം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മലബാർ ഗോൾഡ് അധികൃതർ കോഴിക്കോട് സ്വദേശി എം.നൗഷാദ്, താമരശ്ശേരി സ്വദേശി ഗിരിജ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണു താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 29ന് രാവിലെ 10 മണിയോടെയാണു സംഭവം.

പണയം വയ്ക്കാനെത്തിയ സ്ത്രീ ഗിരിജയെന്നാണു പേരു പറഞ്ഞത്. 2 ദിവസം മുൻപു വാങ്ങിയ ആഭരണമാണെന്ന് ഇവർ പറഞ്ഞതോടെയാണു ധനകാര്യ സ്ഥാപന ജീവനക്കാർക്കു സംശയം ജനിച്ചത്. ധനകാര്യ സ്ഥാപന ഉടമ വളകൾ കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കിയതോടെ, സ്വർണമല്ലെന്നു വ്യക്തമായി. വളകൾ തനിക്കു സമ്മാനമായി കിട്ടിയതാണെന്നായിരുന്നു ഗിരിജയുടെ വിശദീകരണം. തട്ടിപ്പു പുറത്തായെന്നു വ്യക്തമായതോടെ, ഗിരിജ കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.

മലബാർ ഗോൾഡിന്റെ കോഴിക്കോട്ടെ ഷോറൂമിൽ നിന്ന് നൗഷാദ് ഈമാസം 28ന് 3 സ്വർണ വളകൾ വാങ്ങിയിരുന്നു. ഇതിൽ ഒന്നിലെ എച്ച്‌യുഐഡിയും ലോഗോയും പതിപ്പിച്ച മുക്കുപണ്ടത്തിന്റെ ഒരു വളയും ലോഗോ പതിപ്പിച്ച മുക്കുപണ്ടത്തിന്റെ 2 വളകളുമാണു ഗിരിജ പണയം വയ്ക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറയുന്നു. തട്ടിപ്പു സംഘത്തിൽപെട്ട സബീർ എന്നയാൾ കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിലായിരുന്നു. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എപി ഷൗക്കത്തലി വ്യക്തമാക്കി.

Content Highlights: Jewellery traders have called for stringent action against those involved in selling fake gold jewellery with counterfeit hallmark and HUID markings. They warn that such fraud not only cheats customers but also damages the credibility of genuine jewellers, urging authorities to strengthen enforcement and verification mechanisms.

To advertise here,contact us