ന്യൂഡൽഹി: സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർന്നതോടെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്ത് വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. കസ്റ്റംസ് പരിശോധനകൾ ശക്തമായതോടെ കടത്തുകാർ പുതിയ പല മാർഗ്ഗങ്ങളും തേടാന്‍ തുടങ്ങിയിട്ടുണ്ട്. വിഗ്ഗുകൾക്കുള്ളിൽ ഗോൾഡ് പേസ്റ്റ് ഒളിപ്പിച്ചും, കോഫി ജാറുകളിൽ കാപ്പിപ്പൊടിക്ക് സമാനമായി തരികളാക്കിയ സ്വർണ്ണം നിറച്ചും, പൂർണ്ണമായും സ്വർണ്ണത്തിൽ നിർമ്മിച്ച ബെൽറ്റ് ബക്കിളുകളും ഷർട്ട് ബട്ടണുകളും ധരിച്ചുമൊക്കെയെത്തി അടുത്തിടെയായി പിടിക്കപ്പെട്ടവർ നിരവധിയാണ്.
ഇറക്കുമതി തീരുവയും ജി.എസ്.ടിയും ഉയർന്നതോടെ ഏജന്റുമാർക്കും കടത്തുകാർക്കും ചെലവുകള്‍ കഴിഞ്ഞ് 6 മുതൽ 8 ശതമാനം വരെ ഉയർന്ന ലാഭം ലഭിക്കുന്നതാണ് കള്ളക്കടത്ത് തഴച്ചുവളരാൻ പ്രധാന കാരണം. വരാനിരിക്കുന്ന ദീപാവലി സീസണിൽ ഈ ലാഭവിഹിതം 8 മുതൽ 9 ശതമാനം വരെയായി ഉയരാൻ സാധ്യതയുണ്ടെന്ന് ദുബായിലെ ബുള്ളിയൻ വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരത്തിൽ രാജ്യത്തേക്ക് അനധികൃതമായി എത്തിക്കുന്ന സ്വർണ്ണം പഴയ ആഭരണങ്ങളായോ, പാരമ്പര്യമായി ലഭിച്ചതോ റീഫൈനറി സ്ക്രാപ്പോ ആയി കാണിച്ചും, വ്യാജ ജിഎസ്ടി ബില്ലുകൾ നിർമ്മിച്ച് ബാങ്കിംഗ് ചാനലുകൾ വഴിയും വളരെ എളുപ്പത്തിൽ ഔദ്യോഗിക സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റുകയാണെന്നും മണികണ്ട്രോള് റിപ്പോർട്ട് ചെയ്യുന്നു.
ഇറക്കുമതി തീരുവ ഉയരുന്നത് സ്വർണ്ണക്കടത്ത് കൂട്ടുമെന്ന വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) റിപ്പോർട്ടുകളെ ശരിവെക്കുന്ന രീതിയിലാണ് നിലവിലെ കണക്കുകള്‍. 2026-ൽ മാത്രം ഇന്ത്യയിലേക്കുള്ള അനധികൃത സ്വർണ്ണ ഇറക്കുമതി 100 ടണ്ണിലേക്ക് അടുക്കുമെന്നാണ് റോയിട്ടേഴ്സ് നൽകുന്ന സൂചന. ഔദ്യോഗിക സ്വർണ്ണ ഇറക്കുമതിയിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോഴും വിപണിയിലെ ആവശ്യകത കുറയാതിരിക്കുന്നത് ഈ കള്ളക്കടത്ത് സ്വർണ്ണത്തിന്റെ വരവ് മൂലമാണെന്ന് വിദഗ്ദ്ധരും സമ്മതിക്കുന്നു.
Content Highlights: A report suggests that higher import duties on gold may have unintentionally fuelled a rise in gold smuggling from the UAE to India. The increased price gap between legally imported and smuggled gold is believed to have encouraged illegal trade, prompting renewed debate over the effectiveness of the current import duty structure.