റഷ്യൻ എണ്ണയ്ക്ക് ഡിസ്കൗണ്ട് ഇല്ല; സൗദിയേയും യുഎഇയേയും ആശ്രയിച്ച് ഇന്ത്യ, ഇറക്കുമതി ബിൽ റെക്കോർഡിൽ

ആഗോള എണ്ണവിലയിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന സാഹചര്യമാണുള്ളത്

റഷ്യൻ ക്രൂഡിന് ലഭിച്ചിരുന്ന വലിയ വിലക്കിഴിവ് ഗണ്യമായി കുറഞ്ഞതും പശ്ചിമേഷ്യയിലെ സംഘർഷം സൃഷ്ടിച്ച വിതരണ അനിശ്ചിതത്വവും ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുത്തനെ ഉയർത്തി. ഇതോടെ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതി ബിൽ ഏകദേശം 50 ബില്യൺ ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി.

റഷ്യൻ ക്രൂഡിന് ലഭിച്ചിരുന്ന വിലക്കിഴിവ് കുറഞ്ഞതോടെ ഇന്ത്യൻ റിഫൈനറികൾ വീണ്ടും ഗൾഫ് വിതരണക്കാരെ ആശ്രയിക്കേണ്ട സാഹചര്യം രൂപപ്പെട്ടു. ഇതിൽ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ പങ്കാളികളായ സൗദി അറേബ്യയും യു.എ.ഇയും കൂടുതൽ നിർണായകമായി. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിതരണ ശൃംഖലയിലെ അനിശ്ചിതത്വം വർധിച്ചതോടെ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണയുടെ ലഭ്യത, ഗതാഗത ചെലവ്, ഇൻഷുറൻസ് ചെലവ് എന്നിവയും സമ്മർദത്തിലായി. ഇതിന്റെ പ്രതിഫലനം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവിലും വ്യക്തമായി പ്രകടമായി.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ആശ്രിതത്വം 88.7 ശതമാനമായി ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 88.3 ശതമാനമായിരുന്നു. രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ ഭൂരിഭാഗവും വിദേശ വിപണികളെ ആശ്രയിക്കുന്നതിനാൽ ആഗോള എണ്ണവിലയിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന സാഹചര്യമാണുള്ളത്.

പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് മുമ്പ് ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്‌കറ്റിന്റെ വില 2026 ഫെബ്രുവരിയിൽ ബാരലിന് 69 ഡോളർ ആയിരുന്നു. എന്നാൽ സംഘർഷം രൂക്ഷമായതോടെ 2026 മാർച്ചിൽ ഇത് 136.68 ഡോളർ വരെ ഉയർന്നു. തുടർന്ന് ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിപണി ഘടകങ്ങളും അനുസരിച്ച് എണ്ണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുകയാണ്.

കെയർഎഡ്ജിന്റെ പുതിയ മാർക്കറ്റ് റൗണ്ടപ്പ് റിപ്പോർട്ട് പ്രകാരം, 2026 ജൂണിൽ ആഗോള പെട്രോളിയം, ലിക്വിഡ് ഫ്യൂവൽ ഉൽപാദനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രതിദിനം ഏകദേശം 1 കോടി ബാരൽ (10 മില്യൺ ബാരൽ) കുറഞ്ഞു. പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഉൽപാദന നഷ്ടങ്ങളാണ് ഇതിന് പ്രധാന കാരണം.

എന്നാൽ വിതരണ സാഹചര്യം ക്രമേണ മെച്ചപ്പെടുമെന്നും 2027 ജനുവരിയോടെ ആഗോള എണ്ണ വിപണി അധിക വിതരണ നിലയിലേക്ക് മാറുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. 2026-27 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ എണ്ണ വിപണി വീണ്ടും അധിക ഉൽപാദന (oversupply) നിലയിലെത്താൻ സാധ്യതയുണ്ടെന്നും പറയുന്നു.

വടക്കേ അമേരിക്കയിലും ആഫ്രിക്കയിലും സജീവ റിഗുകളുടെ എണ്ണം വർധിക്കുന്നത് ഭാവിയിലെ ഉൽപാദന വർധനയ്ക്ക് സൂചന നൽകുന്നു.

ഇറക്കുമതി ചെയ്ത എണ്ണയുടെ അളവിൽ വലിയ വർധനയില്ലെങ്കിലും, ഓരോ ബാരലിനും നൽകേണ്ടിവന്ന ഉയർന്ന വിലയാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് വർധിക്കാൻ പ്രധാന കാരണം.

ഉയർന്ന എണ്ണവില പണപ്പെരുപ്പം, വ്യാപാരക്കമ്മി, ധനക്കമ്മി എന്നിവയിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഊർജസുരക്ഷ ഉറപ്പാക്കാൻ ബദൽ വിതരണ സ്രോതസ്സുകൾ ശക്തിപ്പെടുത്തുന്നതിനും തന്ത്രപ്രധാന എണ്ണശേഖരം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ ഇന്ത്യ തുടരുകയാണ്.

അതേസമയം, ആഗോള എണ്ണ വിപണി മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. വിതരണ ശൃംഖലകളിലെ മാറ്റങ്ങൾ, ഉൽപാദന വർധന, ആവശ്യകതയിലെ വ്യതിയാനം എന്നിവ തുടർന്നും നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Content Highlights: West Asia conflict: India’s Q1 FY27 crude oil import bill hits all-time high of $50 billion

To advertise here,contact us