E20 പെട്രോളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കിടെ കേന്ദ്രസർക്കാരിന് പിന്തുണയുമായി വാഹന, ഊർജ മേഖലയിലെ വിദഗ്ധർ. വാഹനങ്ങൾക്ക് E20 പെട്രോൾ മൂലം കേടുപാടുകൾ ഉണ്ടാകുമെന്നത് ശരിയല്ലെന്നും റേസിംഗ് കാറുകളിൽ വരെ എഥനോൾ പെട്രോൾ ഉപയോഗിക്കാമെന്നും വിദഗ്ധർ പറഞ്ഞു. വർഷങ്ങളുടെ ശാസ്ത്രീയ പരിശോധനകൾക്കും മറ്റും ശേഷമാണ് എഥനോൾ പെട്രോൾ പുറത്തിറങ്ങുന്നത് എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
വാർത്താ സമ്മേളനത്തിലാണ് വിദഗ്ധർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. എഞ്ചിനീയർസ് ഇന്ത്യ ലിമിറ്റഡ് സിഎംഡി വാതിക ശുക്ല എന്നിവരും ബജാജ് ഓട്ടോ സർക്കിൾ ഹെഡ് മൻപ്രീത്ത് സിങ്, ടിവിഎസ്, ടൊയോട്ട, മാരുതി സുസുകി, ഹ്യൂണ്ടായ് കമ്പനികളുടെ പ്രതിനിധികളുമാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല എഥനോൾ കലർന്ന പെട്രോൾ എന്നും വർഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് അവ ഉണ്ടായത് എന്നും വാതിക ശുക്ല പറഞ്ഞു. ഡിസംബർ 2025ൽ തന്നെ ഇന്ത്യ അതിന്റെ E20 ടാർഗറ്റ് നേടി. നിരവധി പരിശോധനകൾക്ക് ശേഷമാണ് എഥനോൾ പെട്രോൾ പുറത്തിറക്കിയത്. കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് എഥനോൾ പെട്രോൾ കൊണ്ടുവന്നത്. കാനഡ, പാരഗ്വായ് തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ E20 പെട്രോളിലേക്ക് മാറിക്കഴിഞ്ഞു എന്നും വാതിക ശുക്ല പറഞ്ഞു.
ടൊയോട്ടയുടെ വിക്രം ഗുലാത്തി E20 പെട്രോളിനെ മികച്ചതെന്നാണ് വിശേഷിപ്പിച്ചത്. കർശനമായ ചട്ടക്കൂടുകളിൽ നിന്നാണ് വാഹന മേഖല പ്രവർത്തിക്കുന്നത്. ഫോർമുല വൺ കാറുകളിൽ വരെ എഥനോൾ പെട്രോൾ ഉപയോഗിക്കാം. പശ്ചിമേഷ്യൻ പ്രതിസന്ധി കണ്ണ് തുറപ്പിക്കുന്നതാണെന്നും നമ്മുടെ ന്യൂനതകൾ മനസിലാക്കി തന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
E20 പെട്രോളുമായി ബന്ധപ്പെട്ട ഒരു ആശങ്കയും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് പദ്ധതി ചെയ്യുന്നത് എന്നുമാണ് മാരുതി സുസുകി പ്രതിനിധി, മുൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ ബി അശോക് എന്നിവരുടെ അഭിപ്രായം. എഥനോൾ പെട്രോൾ ഇന്ധന ടാങ്കിനും എൻജിനും ഭീഷണിയാണെന്ന് ആരും എവിടെയും കണ്ടെത്തിയിട്ടില്ല. ശാസ്ത്രീയമായ അടിത്തറയും അങ്ങനെയൊരു വാദത്തിനില്ല. വിവാദങ്ങളും വിമർശനങ്ങളും ഊതിപ്പെടുപ്പിച്ചതാണെന്നും അവർ പറഞ്ഞു.
E20 പെട്രോളിനെതിരായ പ്രചാരണങ്ങൾ ശക്തി പ്രാപിച്ചതിന് പിന്നാലെയാണ് വിദഗ്ധർ വാർത്താസമ്മേളനം വിളിച്ചത്. നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യാജപ്രചാരണങ്ങൾക്കെതിരെ വിശദമായ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഒരു ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാൻ 10,000 ലിറ്റർ വെള്ളം ഉപയോഗിക്കുമെന്ന അവകാശവാദം മന്ത്രാലയം തള്ളിയിരുന്നു. രാജ്യത്തിന്റെ മൊത്തം ആവശ്യങ്ങൾ കഴിഞ്ഞ ശേഷം ബാക്കി വന്ന അരിയാണ് എഥനോൾ ഉത്പാദനത്തിന് വേണ്ടി മാറ്റിവെയ്ക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. ഒരുലിറ്റർ എഥനോളിന് വേണ്ടത് 3-5 ലിറ്റർ വരെ വെള്ളമാണ് എന്നും മന്ത്രാലയം പറഞ്ഞിരുന്നു.
വണ്ടിയുടെ എൻജിൻ, പെട്രോൾ ടാങ്ക് തുടങ്ങിയവയെ എഥനോൾ പെട്രോൾ ബാധിക്കില്ല എന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ പഠനങ്ങൾ, അന്താരാഷ്ട്ര അനുഭവങ്ങൾ, നിയന്ത്രണ സുരക്ഷാ നടപടികൾ എന്നിവയുടെ പിന്തുണയോടെയാണ് E20 പ്രോഗ്രാം പ്രവർത്തിക്കുന്നത്. 2003ലാണ് പദ്ധതി ആദ്യം കൊണ്ടുവരുന്നത് എന്നും മന്ത്രാലയം പറഞ്ഞു.
Content Highlights: Automobile and energy experts have backed the Central Government amid criticism over E20 petrol, stating that ethanol-blended fuel does not damage compatible vehicles. They said the fuel has undergone years of scientific testing and is even used in racing cars, highlighting its safety, environmental benefits, and role in India's clean energy transition.