മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആന്‍ഡ് അജീവിക മിഷന് - ഗാമീണ്‍ അതായത് 'വിബി-ജി റാം ജി' പദ്ധതി സർക്കാറുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയേക്കും. പുതിയ നിയമപ്രകാരം ഏറ്റവും കുറഞ്ഞ ദിവസക്കൂലി 300 രൂപയായി ഉയർത്തിയതോടെ, രാജ്യത്തെ സംസ്ഥാനങ്ങളുടെ ആകെ തൊഴിലുറപ്പ് ചെലവ് 21 ശതമാനം വർധിച്ച് 86,271 കോടി രൂപയായി ഉയരും. തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൂറ് ശതമാനം ചെലവ് വഹിച്ചിരുന്നിടത്ത് ഇനി മുതല്‍ 60 ശതമാനം മാത്രമേ നല്‍കൂ എന്ന കേന്ദ്ര നയമാണ് സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായി മാറിയത്.
പദ്ധതി നടപ്പിലാക്കുന്നതിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. പുതിയ ഫണ്ട് പങ്കിടൽ രീതിയും കർശനമായ നിബന്ധനകളും കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്നത്. പുതിയ നിയമം മൂലം തമിഴ്നാടിന് മാത്രം 5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
പദ്ധതിയുടെ നിബന്ധനകളിൽ ഇളവ് നൽകണമെന്നും, മഹാത്മാഗാന്ധിയുടെ പേര് പദ്ധതിക്ക് നിലനിർത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിനോടകം തന്നെ കത്തും അയച്ചിട്ടുണ്ട്. സാമ്പത്തിക ഭാരം കാരണം തമിഴ്നാട് തങ്ങളുടെ ബജറ്റ് വിഹിതം 16.4 ശതമാനവും ആന്ധ്രാപ്രദേശ് 9.1 ശതമാനവും വെട്ടിക്കുറച്ചു. അതേസമയം കേരളവും (4,150 കോടി രൂപ) കർണാടകയും തുക കൂട്ടാതെ പഴയപടി തന്നെ നിലനിർത്തിയിരിക്കുകയാണ്.
മറുഭാഗത്ത്, മഹാരാഷ്ട്രയാണ് രാജ്യത്ത് പദ്ധതിക്കായി ഏറ്റവും കൂടുതൽ തുക (21,208 കോടി രൂപ) ഈ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇത് രാജ്യത്തെ ആകെ തുകയുടെ നാലിലൊന്നോളം വരും. പശ്ചിമ ബംഗാൾ തങ്ങളുടെ വിഹിതം അഞ്ചിരട്ടിയാക്കി വർധിപ്പിച്ചപ്പോൾ, ഒഡീഷ തുക ഇരട്ടിയാക്കി മാറ്റി. ഛത്തീസ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും തുക വൻതോതിൽ കൂട്ടിയിട്ടുണ്ട്. എന്നാൽ ഉത്തരേന്ത്യയിൽ മധ്യപ്രദേശും ബിഹാറും തുക വെട്ടിക്കുറച്ചതായും ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നു.
Content Highlights: Kerala has urged the Central government to provide relief after the revised MGNREGA wage structure increased the financial burden on states. Chief Minister Pinarayi Vijayan has written to the Centre seeking relaxation, arguing that the changes could affect the effective implementation of the rural employment guarantee scheme.