രാജ്യത്ത് വീടുകളിലും സ്ഥാപനങ്ങളിലുമായി ഉപയോഗിക്കാതെ കിടക്കുന്ന വൻതോതിലുള്ള സ്വർണം സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനായി കേന്ദ്ര സർക്കാർ ഗോൾഡ് മൊണിറ്റൈസേഷൻ സ്കീം പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ സാധ്യത. പുതിയ പദ്ധതിയിൽ ഇതാദ്യമായി ആഭരണ വ്യാപാരികളെയും പ്രധാന പങ്കാളികളാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിലൂടെ പൊതുജനങ്ങൾക്ക് പദ്ധതി കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാനും വിശ്വാസ്യത വർധിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ ഏകദേശം 30,000 ടൺ സ്വർണം വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഈ സ്വർണം സാമ്പത്തിക പ്രവർത്തനങ്ങളിലേക്ക് എത്തിക്കാനായാൽ വിദേശത്ത് നിന്ന് സ്വർണം ഇറക്കുമതി ചെയ്യേണ്ടതിന്റെ ആവശ്യകത കുറയുകയും രാജ്യത്തിന്റെ വിദേശനാണ്യച്ചെലവ് കുറയ്ക്കാനും സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
2015-ൽ ആരംഭിച്ച ഗോൾഡ് മൊണിറ്റൈസേഷൻ സ്കീമിന് പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. നടപടിക്രമങ്ങളിലെ സങ്കീർണത, കുറഞ്ഞ പലിശനിരക്ക്, പൊതുജന അവബോധക്കുറവ് എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്. പിന്നീട് 2025-ൽ പദ്ധതിയുടെ ചില ഘടകങ്ങൾ സർക്കാർ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ആഭരണ വ്യാപാരികളെ ഉൾപ്പെടുത്തി പദ്ധതി കൂടുതൽ ലളിതവും ജനസൗഹൃദവുമാക്കാനാണ് ശ്രമം. ഇതിലൂടെ സ്വർണ നിക്ഷേപം വർധിപ്പിക്കാനും ആഭ്യന്തര സ്വർണ ലഭ്യത മെച്ചപ്പെടുത്താനും സ്വർണ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പുതിയ മാതൃകയിൽ ജ്വല്ലറി വ്യാപാരികളെ ഉൾപ്പെടുത്തുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ വിശ്വാസം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സാധാരണയായി ആളുകൾ സ്വർണം വാങ്ങുന്നതും വിൽക്കുന്നതും പഴയ സ്വർണം മാറ്റുന്നതും പരിചയമുള്ള ജ്വല്ലറികളിലൂടെയാണ്. അതിനാൽ അവരുടെ പങ്കാളിത്തം പദ്ധതിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും കൂടുതൽ ആളുകളെ ആകർഷിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. സർക്കാർ ഇപ്പോൾ വിവിധ നിർദേശങ്ങൾ വിലയിരുത്തുന്ന ഘട്ടത്തിലാണ്. അന്തിമ രൂപരേഖ തയ്യാറാക്കിയ ശേഷമായിരിക്കും പുതുക്കിയ പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുക.
Content Highlights: New Gold Monetisation Scheme in the works: How government aims to reduce dependence on imported gold