കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തിപ്പെടുത്താൻ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. നടപ്പുസാമ്പത്തിക വർഷമായ 2026-27-ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ന്യൂനപക്ഷ ഓഹരി പങ്കാളിത്തമുള്ള കമ്പനികളിൽ നിന്നുമായി ഏകദേശം 80,000 കോടി വരെ ഡിവിഡൻഡ് ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ കണക്ക് യാഥാർഥ്യമായാൽ ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ഡിവിഡൻഡ് വരുമാനമാകും.
കേന്ദ്ര ബജറ്റിൽ ഈ വിഭാഗത്തിൽ നിന്ന് 75,000 കോടി വരുമാനമാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ എണ്ണ-വാതകം, കൽക്കരി, വൈദ്യുതി, ഖനനം, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ പൊതുമേഖലാ കമ്പനികളുടെ മികച്ച സാമ്പത്തിക പ്രകടനം കാരണം യഥാർത്ഥ വരുമാനം ബജറ്റ് കണക്കിനെ മറികടക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷമായ 2025-26-ൽ കേന്ദ്രത്തിന് ഈ സ്ഥാപനങ്ങളിൽ നിന്ന് 78,438.07 കോടി ഡിവിഡൻഡ് ലഭിച്ചിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ഡിവിഡൻഡ് വരുമാനം തുടർച്ചയായി ഉയരുകയാണ്. ഇത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭക്ഷമതയും പ്രവർത്തന മികവും വർധിച്ചതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.സർക്കാർ കണക്കുകൾ പ്രകാരം
എണ്ണ-വാതകം, കൽക്കരി, വൈദ്യുതി, ഖനനം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ പൊതുമേഖലാ കമ്പനികളിൽ നിന്നാണ് ഈ വർഷവും ഏറ്റവും കൂടുതൽ ഡിവിഡൻഡ് ലഭിക്കുമെന്നാണ് പ്രതീക്ഷ. മികച്ച ലാഭവും പ്രവർത്തനക്ഷമതയും നിലനിർത്തുന്ന കമ്പനികൾ മൂലധന നിക്ഷേപ പദ്ധതികൾ തുടരുന്നതിനൊപ്പം സ്ഥിരമായ ഡിവിഡൻഡ് നൽകണമെന്ന നയമാണ് സർക്കാർ പിന്തുടരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ കുറഞ്ഞത് 30 ശതമാനമോ, അല്ലെങ്കിൽ സ്ഥാപനത്തിന്റെ ശുദ്ധ ആസ്തിയുടെ (Net Worth) 5 ശതമാനമോ – ഇതിൽ ഏതാണ് കൂടുതൽ, അത് ഡിവിഡൻഡായി നൽകാൻ ശ്രമിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം. എന്നാൽ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഭാവി നിക്ഷേപ പദ്ധതികളും പരിഗണിച്ചാണ് അന്തിമ തീരുമാനം എടുക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ഡിവിഡൻഡ് കേന്ദ്ര സർക്കാരിന്റെ നികുതിയേതര (Non-Tax) വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ്. ഈ വരുമാനം വർധിക്കുന്നതിലൂടെ സർക്കാരിന് വികസന പദ്ധതികൾക്കും അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾക്കും ധനസഹായം കണ്ടെത്തുന്നത് എളുപ്പമാകുകയും ധനക്കമ്മി നിയന്ത്രിക്കാനും സഹായകരമാകുകയും ചെയ്യും.
നടപ്പുസാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഡിവിഡൻഡ് ലഭ്യത ഏകദേശം 2,025 കോടി മാത്രമാണ്. എന്നിരുന്നാലും പ്രധാന പൊതുമേഖലാ കമ്പനികൾ ഇടക്കാലവും അന്തിമവുമായ ഡിവിഡൻഡുകൾ പ്രഖ്യാപിക്കുന്നതോടെ വർഷത്തിന്റെ തുടർന്നുള്ള മാസങ്ങളിൽ വരുമാനം ഗണ്യമായി ഉയരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Content Highlights: Centre Targets Record ₹80,000 Crore Dividend from Non-Financial CPSEs