ഗൾഫ് മേഖലയിൽ യുദ്ധഭീതിയും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും വർധിച്ചതോടെ ഇന്ത്യ വീണ്ടും റഷ്യൻ എണ്ണയിലേക്ക് ചുവടുറപ്പിക്കുന്നു. ജൂൺ മാസത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി സർവകാല റെക്കോർഡിലെത്തി. വിലക്കുറവും വിതരണസുരക്ഷയും മുൻനിർത്തിയുള്ള ഇന്ത്യയുടെ ഊർജ തന്ത്രമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ചരക്ക് വിപണി വിശകലന സ്ഥാപനമായ Kpler-ന്റെ കണക്കുകൾ പ്രകാരം, ജൂണിൽ ഇന്ത്യ പ്രതിദിനം 2.6 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്തു. മേയിൽ ഇത് ഏകദേശം 1.9 ദശലക്ഷം ബാരലായിരുന്നു. ഒരു മാസത്തിനിടെ ഏകദേശം 37 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ജൂണിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 4.93 ദശലക്ഷം ബാരലായി ഉയർന്നു. അതിൽ പകുതിയിലേറെയും റഷ്യയിൽ നിന്നുള്ള എണ്ണയാണ്.
ഇസ്രായേൽ-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായി. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തടസപ്പെടുമെന്ന ഭീതിയാണ് ഇന്ത്യൻ റിഫൈനറികളെ കൂടുതൽ സുരക്ഷിതമായ വിതരണ മാർഗങ്ങൾ തേടാൻ പ്രേരിപ്പിച്ചത്. അതേസമയം, പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും വിലക്കുറവിൽ റഷ്യൻ ക്രൂഡ് ലഭ്യമായത് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് വലിയ നേട്ടമായി. കുറഞ്ഞ വിലയിൽ കൂടുതൽ എണ്ണ ലഭിച്ചതിലൂടെ റീഫൈനിങ് കമ്പനികളുടെ ചെലവും നിയന്ത്രിക്കാനായി.
സ്വകാര്യ റിഫൈനറികളായ റിലയൻസ് ഇൻഡസ്ട്രീസ് , നായര് എനർജി എന്നിവയാണ് റഷ്യൻ ക്രൂഡിന്റെ പ്രധാന വാങ്ങലുകാർ. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കമ്പനികളും റഷ്യയിൽ നിന്നുള്ള വാങ്ങൽ വർധിപ്പിച്ചിട്ടുണ്ട്. വിലക്കുറവുള്ള യുരൽസ് ഗ്രേഡ് ക്രൂഡിനാണ് പ്രധാനമായും ആവശ്യക്കാർ.
2022-ൽ റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണയുടെ വാങ്ങൽ കുറച്ചപ്പോൾ, ഇന്ത്യ ആ അവസരം മുതലെടുത്ത് വിലക്കുറവിൽ വലിയ തോതിൽ ക്രൂഡ് വാങ്ങാൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് വിതരണ രാജ്യമായി മാറി. ഇപ്പോൾ ഗൾഫ് മേഖലയിലെ അനിശ്ചിതത്വം വീണ്ടും ഉയർന്നതോടെ, റഷ്യൻ എണ്ണ ഇന്ത്യയുടെ ഊർജ സുരക്ഷയിൽ കൂടുതൽ നിർണായക പങ്കുവഹിക്കുന്നതായി ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വീണ്ടും ഉയരാൻ സാധ്യതയുണ്ട്. എന്നാൽ റഷ്യൻ ക്രൂഡ് വിലക്കുറവിൽ ലഭിക്കുന്നത് തുടർന്നാൽ ഇന്ത്യയുടെ വാങ്ങൽ ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. ആഗോള എണ്ണവില, റഷ്യയ്ക്കെതിരായ ഉപരോധങ്ങൾ, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യം എന്നിവയാണ് വരും മാസങ്ങളിലെ ഇന്ത്യയുടെ ഇറക്കുമതി തന്ത്രം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.
Content Highlights: India Imports Record 2.6 Million BPD of Russian Oil in June: What's Driving the Surge?