പെട്രോളിയം റിസര്‍വ് ശൃംഖല വന്‍തോതില്‍ വികസിപ്പിക്കാന്‍ പദ്ധതിയിട്ട് രാജ്യം. ഒഡീഷയിലെ ചാന്ദിഖോള്‍, മധ്യപ്രദേശിലെ ബിന, രാജസ്ഥാനിലെ ബിക്കാനേര്‍, കര്‍ണാടകയിലെ മംഗളൂരു, പാദൂര്‍ എന്നിവിടങ്ങളിലായി അഞ്ച് പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ നേരിട്ട ഇന്ധന പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഈ പദ്ധതികള്‍ പൂര്‍ത്തിയായാല്‍, ഇന്ത്യയുടെ തന്ത്രപ്രധാന ക്രൂഡ് ഓയില്‍ സംഭരണ ശേഷി നിലവിലെ 9.5 ദിവസത്തെ ആവശ്യത്തില്‍ നിന്ന് 40 ദിവസത്തേക്കുള്ള ഉപഭോഗം വരെ എത്തിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ 2026-27 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ചാന്ദിഖോള്‍ പദ്ധതിയുടെ നിര്‍മാണ കരാര്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബിനയിലെയും ബിക്കാനേറിലെയും പദ്ധതികള്‍ക്കായുള്ള വിശദമായ സാധ്യതാ പഠന റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍.
ചാന്ദിഖോളില്‍ ഏകദേശം 40 ലക്ഷം ടണ്‍ സംഭരണശേഷിയാണ് ഉണ്ടാവുക. ബിനയില്‍ 50 ലക്ഷം ടണ്‍, ബിക്കാനേര്‍ 56.25 ലക്ഷം ടണ്‍ എന്നിങ്ങനെയാണ് ആസൂത്രണം ചെയ്യുന്നത്. ബിക്കാനേര്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍, ഉപ്പുപാറകള്‍ കൊണ്ടുള്ള ഗുഹ നിര്‍മ്മിക്കുന്നത് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ട്രാറ്റജിക് ഓയില്‍ സംഭരണ കേന്ദ്രം ആകും. സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, രാജ്യത്തെ എണ്ണ സംഭരണ ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ കുറേക്കാലമായി ചര്‍ച്ചയിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവ കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുകയാണ്.
നിലവിലുള്ള സംഭരണ കേന്ദ്രങ്ങള്‍
ഇന്ത്യയില്‍ ഇപ്പോള്‍ മൂന്ന് സ്ട്രാറ്റജിക് ക്രൂഡ് ഓയില്‍ സംഭരണ കേന്ദ്രങ്ങളുണ്ട്. മംഗളൂരു (15 ലക്ഷം ടണ്‍), പാദൂര്‍ (25 ലക്ഷം ടണ്‍), വിശാഖപട്ടണം (13.3 ലക്ഷം ടണ്‍) എന്നിങ്ങനെയാണത്. ഉപ്പു പാറകള്‍ക്കുള്ളിലെ ഭൂഗര്‍ഭ സംഭരണികളായ ഇവ ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്സ് ലിമിറ്റഡ് ആണ്നിയന്ത്രിക്കുന്നത്. യുദ്ധം, ആഗോള രാഷ്ട്രീയ പ്രതിസന്ധി, ആഗോള വിതരണ തടസ്സങ്ങള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയില്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പുതിയ വികസനങ്ങള്‍
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ മംഗളൂരുവില്‍ 17.5 ലക്ഷം ടണ്‍ ശേഷിയുള്ള പുതിയ ഭൂഗര്‍ഭ സംഭരണ കേന്ദ്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു പൊതുമേഖലാ എണ്ണക്കമ്പനി വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ട്രാറ്റജിക് റിസര്‍വ് ആയിരിക്കും ഇത്. പാദൂര്‍ കേന്ദ്രത്തിന്റെ ശേഷി 25 ലക്ഷം ടണ്‍ കൂടി വര്‍ധിപ്പിക്കുന്ന പദ്ധതി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ എഞ്ചിനിയറിങ് കരാര്‍ കഴിഞ്ഞ വര്‍ഷം മേഘ എഞ്ചിനീയറിംഗ് & ഇന്‍ഫ്രാസ്ട്രക്ചേഴ്സ് നേടിയിരുന്നു.
വികസനത്തിന്റെ പ്രാധാന്യം
പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥ ഇന്ത്യയുടെ എണ്ണവിതരണ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരം, ഓരോ രാജ്യവും കുറഞ്ഞത് 90 ദിവസത്തെ ഇറക്കുമതിക്ക് തുല്യമായ അടിയന്തര എണ്ണ ശേഖരം സൂക്ഷിക്കണം. ഇന്ത്യ നിലവില്‍ ഏകദേശം 9.5 ദിവസത്തെ സംഭരണശേഷിയും ചൈന ഏകദേശം 90 ദിവസത്തേതും ജപ്പാന് ഏകദേശം 200 ദിവസത്തേതും കയ്യില്‍ കരുതണമെന്നാണ് ശുപാര്‍ശ.
ബജറ്റ് വിനിയോഗം
ബജറ്റ് രേഖകള്‍ പ്രകാരം, ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വിനായി അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ചിട്ടില്ല. 2026 സാമ്പത്തിക വര്‍ഷം അനുവദിച്ചത് 5,876 കോടി രൂപയായിരുന്നു. എന്നാല്‍, ചെലവഴിച്ചത് 1,039 കോടി മാത്രമാണ്. 2027 സാമ്പത്തിക വര്‍ഷത്തില്‍ 200 കോടി രൂപ മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചെലവ് കുറഞ്ഞെങ്കിലും, രാജ്യത്തിന്റെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പുതിയ സംഭരണ പദ്ധതികള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ വേഗം നല്‍കുകയാണ്.
Content Highlights: India is set to significantly strengthen its energy security by expanding its Strategic Petroleum Reserve (SPR) with five new storage facilities, a move that could increase the country's emergency crude oil stockpile from 9.5 days to as much as 40 days of consumption