എക്കാലവും യുഎഇയും സൗദിയും മാത്രം പോരാ; എണ്ണയിൽ തന്ത്രം മാറ്റാൻ ഒരുങ്ങി ഇന്ത്യ

വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണ ലഭ്യമാക്കാൻ കഴിയുന്ന ആഗോള ട്രേഡിങ്ങ് കമ്പനികളുമായുള്ള വിതരണ കരാറുകളും സ്പോട്ട് മാർക്കറ്റ് വാങ്ങലുകളും വർധിപ്പിക്കും

ഇറാൻ യുദ്ധം സൃഷ്ടിച്ച വിതരണ പ്രതിസന്ധിക്ക് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ .രാജ്യത്തിന്റെ ഊർജസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾ ദീർഘകാല കരാറുകളേക്കാൾ സ്പോട്ട് മാർക്കറ്റിൽ നിന്നുള്ള വാങ്ങൽ വർധിപ്പിക്കുന്നതും പുതിയ വിതരണ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതുമാണ് പരിഗണിക്കുന്നത്.

നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. പ്രതിദിനം ശരാശരി 50 ലക്ഷം ബാരൽ എണ്ണയാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. ഇതിൽ വലിയൊരു പങ്ക് സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത് തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. ഇറാൻ യുദ്ധകാലത്ത് വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ഇന്ധനക്ഷാമവും വിലക്കയറ്റവും റിഫൈനറികൾക്ക് സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നിരുന്നു. ഇതാണ് എണ്ണ വാങ്ങൽ നയത്തിൽ വലിയ മാറ്റത്തിന് കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ റിഫൈനറികൾ പശ്ചിമേഷ്യൻ ഉൽപാദകരുമായുള്ള ദീർഘകാല കരാറുകളുടെ വിഹിതം കുറയ്ക്കാനാണ് ആലോചിക്കുന്നത്. പകരം വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണ ലഭ്യമാക്കാൻ കഴിയുന്ന ആഗോള ട്രേഡിങ്ങ് കമ്പനികളുമായുള്ള വിതരണ കരാറുകളും സ്പോട്ട് മാർക്കറ്റ് വാങ്ങലുകളും വർധിപ്പിക്കും. ഇതിലൂടെ ഏതെങ്കിലും ഒരു മേഖലയിൽ പ്രതിസന്ധിയുണ്ടായാലും വിതരണത്തിൽ വലിയ തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

റഷ്യൻ എണ്ണ വാങ്ങുന്നതിന് ലഭിച്ച അമേരിക്കൻ ഇളവുകൾ ഇന്ത്യയ്ക്ക് അടുത്തകാലത്ത് ആശ്വാസമായിരുന്നുവെങ്കിലും, അത് സ്ഥിരമായ പരിഹാരമല്ലെന്നാണ് സർക്കാർ വിലയിരുത്തുന്നത്. അതിനാൽ ഗയാന, ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുതിയ ക്രൂഡ് ഓയിൽ വിതരണ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് നീക്കം. വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെ ഭാവിയിൽ സമാന പ്രതിസന്ധികൾ ഉണ്ടായാലും ആഘാതം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇറാൻ യുദ്ധത്തിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തിൽ പശ്ചിമേഷ്യയിൽ നിന്ന് എൽപിജിയും ക്രൂഡ് ഓയിലും തടസ്സമില്ലാതെ എത്തിക്കാൻ ഇന്ത്യ നയതന്ത്രതലത്തിൽ അടിയന്തര ഇടപെടലുകൾ നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോകാൻ ഇറാനുമായി ആശയവിനിമയം നടത്തിയതോടൊപ്പം, ഗൾഫ് രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായും കേന്ദ്ര സർക്കാർ നിരന്തരം ബന്ധപ്പെട്ടു.

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎഇയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയും സന്ദർശിച്ചപ്പോൾ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഖത്തറിലെത്തി ഇന്ധന വിതരണ സുരക്ഷ ഉറപ്പാക്കാൻ ചർച്ചകൾ നടത്തി.രാജ്യത്തിന്റെ ഊർജസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി തന്ത്രപ്രധാന എണ്ണ ശേഖരവും വിപുലീകരിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. കൂടാതെ, ആഗോള വിപണിയിൽ നേരിട്ട് ഇടപാടുകൾ നടത്താൻ ഇന്ത്യൻ ഓയിൽ വിറ്റോൾ ഗ്രൂപ്പുമായി ചേർന്ന് പ്രത്യേക ട്രേഡിങ്ങ് ഡെസ്ക് രൂപീകരിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ എണ്ണ വാങ്ങൽ സംവിധാനത്തെ കൂടുതൽ ആധുനികവും കാര്യക്ഷമവുമാക്കുമെന്നാണ് വിലയിരുത്തൽ.

Content Highlights: India is planning to reduce its dependence on Middle East crude oil after supply disruptions caused by the Iran war. The government is looking to diversify imports, increase spot market purchases, and strengthen energy security.

To advertise here,contact us