ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചെലവ് 70 ഡോളറിനും താഴെ; എന്നിട്ടും രാജ്യത്ത് ഇന്ധനവില കുറയാത്തത് എന്തുകൊണ്ട്?

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വില ശരാശരി ബാരലിന് 68.86 ഡോളറായി കുറഞ്ഞിട്ടുണ്ട്

ന്യൂഡൽഹി: ആഗോള വിപണിയിലെ അനുകൂല സാഹചര്യത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിൽ വലിയ ആശ്വാസം. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളെത്തുടർന്ന് ഈ മാസം ആദ്യം കുതിച്ചുയർന്ന എണ്ണവില, ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് ആഗോള വിപണിയിൽ കുറയാന്‍ തുടങ്ങിയത്. ഇതോടെ വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞതാണ് ഇന്ത്യയ്ക്ക് നേട്ടമായത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂൺ 27-ലെ വിവരമനുസരിച്ച് ഇന്ത്യൻ ക്രൂഡ് ബാസ്‌ക്കറ്റിന്റെ (ഇറക്കുമതി ചെയ്യുന്ന വിവിധ തരം അസംസ്‌കൃത എണ്ണകളുടെ ശരാശരി വില കണക്കാക്കുന്ന സൂചിക) ശരാശരി വില ബാരലിന് 68.86 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുമെന്ന ഭീതി മാറിവന്നതോടെയാണ് വിലക്കുറവ് ഉണ്ടായത്. ഉപഭോഗത്തിനുള്ള എണ്ണയുടെ 90 ശതമാനത്തോളവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലൊരു സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ വിലയിടിവ് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സർക്കാരിന് വലിയ സാമ്പത്തിക ആശ്വാസം നൽകാനും സഹായിക്കും. വിലക്കുറവ് ട്രാൻസ്‌പോർട്ട്, വ്യോമയാനം, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകൾക്കും ഇത് ഗുണകരമായി മാറും.

എന്തുകൊണ്ട് പെട്രോൾ-ഡീസൽ വില കുറയുന്നില്ല?

ക്രൂഡ് ഓയിൽ വിലയിൽ ഇത്രയും വലിയ ഇടിവുണ്ടായിട്ടും രാജ്യത്തെ സാധാരണക്കാർക്ക് പെട്രോൾ, ഡീസൽ വിലക്കുറവിന്റെ ആനുകൂല്യം ഉടനടി ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പ്രധാനമായും ചില കാരണങ്ങളുണ്ട്

എണ്ണക്കമ്പനികളുടെ മുൻകാല നഷ്ടം: മുൻപ് ആഗോള വിപണിയിൽ വില വൻതോതിൽ ഉയർന്നപ്പോൾ രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്കുണ്ടായ നഷ്ടം നികത്താനും തങ്ങളുടെ ലാഭവിഹിതം ശക്തിപ്പെടുത്താനുമാണ് കമ്പനികൾ ഇപ്പോൾ ശ്രമിക്കുന്നത്.

സാമ്പത്തിക ഭദ്രത: റീഡോക്യു (RedoQ) സിഇഒ ദിപാൽ ദത്തയുടെ വിലയിരുത്തൽ അനുസരിച്ച്, ക്രൂഡ് വില 68.86 ഡോളറിലേക്ക് താണിട്ടും റീട്ടെയിൽ വിലയിൽ മാറ്റം വരുത്താത്തത് എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഉടനടി ഇളവുകൾ നൽകുന്നതിനേക്കാൾ സ്വന്തം സാമ്പത്തിക ഭദ്രതയ്ക്ക് മുൻഗണന നൽകുന്നതിനാലാണ്.

വിപണിയിലെ അസ്ഥിരത: ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാൽ, പെട്ടെന്ന് വില കുറയ്ക്കാൻ കമ്പനികൾ മുതിരുന്നില്ല.

മാറേണ്ട സമയം

എണ്ണവിലയിലുണ്ടായ ഈ താൽക്കാലിക കുറവിനെ പുനരുപയോഗ ഊർജ്ജ മേഖലയിലേക്കും ഹരിത സാങ്കേതികവിദ്യകളിലേക്കും ചുവടുവെക്കാനുള്ള മികച്ച അവസരമായി കാണണമെന്നാണ് വേൾഡ് ഓഫ് സർക്കുലർ ഇക്കോണമി സ്ഥാപകനും സിഇഒയുമായ അനൂപ് ഗാർഗ് അഭിപ്രായപ്പെടുന്നത്. എണ്ണവിലയിലെ ഇടിവ് താൽക്കാലിക ആശ്വാസമാണെങ്കിലും, ഭാവിയിലെ കർശനമായ കാർബൺ നിയന്ത്രണങ്ങളെയും കാലാവസ്ഥാ നയങ്ങളെയും മറികടക്കാൻ വ്യവസായ സ്ഥാപനങ്ങൾ കാർബൺ ക്യാപ്‌ചർ ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളിൽ നിക്ഷേപം തുടരണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Content Highlights: Global crude oil import costs have remained below $70 per barrel, but petrol and diesel prices in India have not seen a matching decline. Fuel prices are influenced by several factors, including taxes, refining and marketing costs, exchange rate movements, and the pricing strategies of oil marketing companies, rather than crude oil prices alone.

To advertise here,contact us