ഇന്ത്യയില്‍ ദുര്‍ബലമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണും എല്‍ നിനോ പ്രതിഭാസവും ഭക്ഷ്യവിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക. ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ പൊതുവിലക്കയറ്റം കുറയുന്ന സാഹചര്യത്തില്‍ ഇത് വീണ്ടും പ്രതിസന്ധിയാവും. ഇന്ത്യയുടെ വാര്‍ഷിക മഴയുടെ ഏകദേശം 70% ലഭിക്കുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലൂടെയാണ്. ഏകദേശം 300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്ക് മണ്‍സൂണ്‍ നിര്‍ണായകമാണ്. മഴ കുറയുന്നത് കാര്‍ഷിക ഉല്‍പ്പാദനം, ഭക്ഷ്യവില, ഗ്രാമീണ ഉപഭോഗം, സമ്പദ്വ്യവസ്ഥ എന്നിവയെ ബാധിക്കും.
ആര്‍ബിഐയുടെ ആശങ്ക
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, വിവിധ സംസ്ഥാനങ്ങളിലെ മഴയുടെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവില്‍ റിപ്പോ നിരക്ക് 5.25% ആയി തുടരുന്നെങ്കിലും വിലക്കയറ്റം വര്‍ധിച്ചാല്‍ പലിശനിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
മഴക്കുറവിന്റെ പ്രത്യാഘാതം
രാജ്യത്ത് മഴയില്‍ 10% കുറവ് വന്നാല്‍ ഉപഭോക്തൃ വിലക്കയറ്റം ഏകദേശം 1 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 22 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മൊത്തം മഴ സാധാരണയേക്കാള്‍ 43% കുറവായിരുന്നു. ഗ്രാമീണ മേഖലയിലാണ് പ്രതിസന്ധിയുടെ ആദ്യ സൂചനകള്‍ കണ്ടു തുടങ്ങുന്നത്.
വളം വാങ്ങല്‍ കുറയുകയും ട്രാക്ടര്‍ ബുക്കിംഗ് വൈകുകയും ചെയ്യുന്നത് അതുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളെ ബാധിക്കും. കൃഷിയിലെ ലാഭത്തില്‍ നിന്നുള്ള ഉപഭോഗങ്ങള്‍ കുറയുകയും ഇത് വ്യാപാരികളുടെ ഉത്സവകാല സ്റ്റോക്ക് ശേഖരണം കുറയ്ക്കുകയും ചെയ്യും. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയെയും ഇത് ബാധിക്കും. അത്തരത്തില്‍ ഗ്രാമീണ ഉപഭോഗം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കും.
സര്‍ക്കാരിന്റെ കണക്കുകളില്‍ ഗോതമ്പും അരിയും ഉള്‍പ്പെടെയുള്ള ധാന്യശേഖരം ഉണ്ടെങ്കിലും ഇത് പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ കുറവ് നികത്താന്‍ സ്റ്റോക്ക് മതിയാകില്ല. ഇന്ത്യ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് വലിയ തോതില്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ ആ പ്രദേശങ്ങളേയും എല്‍ നിനോ ബാധിച്ചാല്‍ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്.
വിലക്കയറ്റം എപ്പോള്‍?
ഒക്ടോബറോടെ വിലക്കയറ്റം 5.5% വരെ എത്താമെന്നാണ് വിദഗ്ദര്‍ സൂചന നല്‍കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ആര്‍ബിഐ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
കേന്ദ്ര സര്‍ക്കാര്‍, മഴക്കുറവിന് സാധ്യതയുള്ള 315 ജില്ലകള്‍ തിരിച്ചറിഞ്ഞ് അതില്‍ 111 ജില്ലകള്‍ അതീവ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍, കൃഷിരീതി മാറ്റം, ജലസംരക്ഷണം, അടിയന്തര സഹായം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. 2023ല്‍ മഴ വൈകിയതിനെ തുടര്‍ന്ന്, ആഭ്യന്തര വില നിയന്ത്രിക്കാന്‍ ഇന്ത്യ അരി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ തന്നെ അരി വ്യാപാരത്തെ അത് കാര്യമായി ബാധിച്ചു. എന്നാല്‍ ഇത്തവണ ഇതുവരെ അത്തരമൊരു തീരുമാനം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: A weak monsoon and the developing El Niño could drive food inflation higher in India, putting pressure on the rural economy and influencing the RBI's future interest rate decisions