നഷ്ടക്കച്ചവടമാകുമോ സ്വർണം? വീടുകളിലെ സ്വർണം പുറത്തെടുത്ത്‌ ജനങ്ങൾ; വില കുറയുമെന്ന ഭീതിയിൽ വിറ്റ് കാശാക്കുന്നു

സ്വർണവിലയിൽ ഇടിവ് സംഭവിക്കുമെന്ന പേടി മൂലം വീടുകളിലെ സ്വർണം പുറത്തെടുത്ത്‌ ജനങ്ങൾ

രാജ്യത്ത് സ്വർണവിലയിൽ ഇടിവ് സംഭവിക്കുമെന്ന പേടി മൂലം വീടുകളിലെ സ്വർണം പുറത്തെടുത്ത്‌ ജനങ്ങൾ. പലരും സ്വർണം വിറ്റ് കാശാക്കുന്നു. ഏപ്രിൽ - ജൂൺ പാദത്തിൽ മാത്രം ഇത്തരത്തിൽ സ്വർണം വിറ്റവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഉപയോക്താക്കൾ ഏകദേശം 50 ടണ്ണോളം സ്വർണം ഏപ്രിൽ-ജൂൺ കാലയളവിൽ വിറ്റു എന്നാണ് ഇന്ത്യ ബുള്ളിയോൺ ആൻഡ് ജ്യുവല്ലേഴ്‌സ് അസോസിയേഷൻ പറയുന്നത്. കഴിഞ്ഞ വർഷത്തെ കണക്കപേക്ഷിച്ച് 43% വർധനവാണ് വില്പനയിൽ ഉണ്ടായിരിക്കുന്നത്. 10 ഗ്രാം സ്വർണത്തിന് 1,20,000 രൂപ വരെ വില കുറഞ്ഞേക്കും എന്നാണ് വിലയിരുത്തൽ. ഇതോടെയാണ് വീടുകളിലെ സ്വർണം പണമാക്കാൻ പല കുടുംബങ്ങളും മുതിർന്നത്.

2026ന്റെ തുടക്കത്തിൽ 10 ഗ്രാം സ്വർണത്തിന് 1,80,000 രൂപ വരെ എത്തിയിരുന്നു. ഇപ്പോളത് 1,40,000 ആയി വരെ കുറഞ്ഞു. വില ഇനിയും ഇടിഞ്ഞ് 1,20,000 എന്നതിലേക്ക് എത്തിയേക്കും എന്നാണ് കരുതപ്പെടുന്നത്. ഇതോടെയാണ് വില ഇടിയുന്നതിന് മുൻപുതന്നെ ഇപ്പോഴുള്ള വില പിടിക്കാൻ കുടുംബങ്ങൾ മുതിർന്നത്.

ഈ ട്രെൻഡ് ഇന്ത്യയിലെ സ്വർണ റീസൈക്ലിങ് വ്യവസായത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട്. സ്വർണത്തെ ആളുകൾ സുരക്ഷിതമായ നിക്ഷേപമായാണ് കാണുന്നതെന്നും പണമുണ്ടാക്കാനുള്ള ഒരുപാധിയാണ് അതെന്നും വ്യവസായ പ്രമുഖർ പറയുന്നു. സ്വർണ്ണം വാങ്ങുന്ന കമ്പനികളും സന്തോഷത്തിലാണ്. രാജ്യവ്യാപകമായി 100-ലധികം ഗോൾഡ് പോയിന്റുകളുള്ള മുത്തൂറ്റ് എക്‌സിമിന്റെ ശൃംഖലയിലുടനീളം പഴയ സ്വർണ്ണത്തിന്റെ അളവിൽ 40% വർധനവ് ഉണ്ടായതായി റിപ്പോർട്ട് ചെയ്തു.

അതേസമയം, അന്താരാഷ്ട്ര വിപണിയിലെ വിലിയിടിവ് കാരണം സ്വർണവില കുറഞ്ഞെങ്കിലും ഇതിനിടയിൽ കേന്ദ്ര സർക്കാർ എടുത്ത ഒരു തീരുമാനം സാധാരണക്കാർക്ക് വലിയൊരു ലാഭം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെ, രാജ്യത്തേക്കുള്ള സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനായി സർക്കാർ കസ്റ്റംസ് ഡ്യൂട്ടി 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു. അതായത് 9% അധിക നികുതിയാണ് വർധിപ്പിച്ചത്.

ഈ നികുതി വർദ്ധനവ് ഉണ്ടായിരുന്നില്ല എങ്കിൽ നിലവിലെ വിപണി വിലയിൽ നിന്നും 10 ഗ്രാമിന് ഏകദേശം 11,500 രൂപയുടെ കുറവ് കൂടി ഉണ്ടാകുമായിരുന്നു. അതായത് പവന് ഏകദേശം 9,000 രൂപയോളം. ഇത് ചില്ലറ വിപണിയെ നേരിട്ട് ബാധിക്കുന്ന നികുതി അല്ലെങ്കിലും മൊത്ത ഇറക്കുമതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന നികുതി ഏറ്റക്കുറച്ചിലുകൾ ചില്ലറ വിപണിയേയും പരോക്ഷമായി ബാധിക്കും. അങ്ങനെയാണെങ്കിൽ കേരളത്തിൽ ഇന്ന് ഒരു പവന്റെ വില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയേനെ എന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണി സാധാരണക്കാരന് അനുകൂലമായിട്ടും സർക്കാർ നികുതി കൂട്ടിയതു മൂലമാണ് പവൻ വില ഒരു ലക്ഷത്തിന് താഴേക്ക് പോകാതെ നിൽക്കുന്നത്.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഈ തീരുമാനം വളരെ നിർണായകമായിരുന്നു. ഇന്ത്യ സ്വന്തമായി സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യമല്ല. നമ്മുടെ ആവശ്യത്തിനുള്ള സ്വർണം മുഴുവൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതിനായി കോടിക്കണക്കിന് യു.എസ് ഡോളറാണ് ഇന്ത്യയ്ക്ക് നൽകേണ്ടി വരുന്നത്.

പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്ന സാഹചര്യത്തിൽ, ഇന്ധനം ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് വൻതോതിൽ ഡോളർ ആവശ്യമായിരുന്നു. സ്വർണത്തിന് നികുതി കൂട്ടിയതോടെ അതിന്റെ ഇറക്കുമതി കുറയുകയും, അതിലൂടെ ലാഭിച്ച ഡോളർ രാജ്യത്തിന് ഏറ്റവും അത്യാവശ്യമായ ഇന്ധന ഇറക്കുമതിക്കായി ഉപയോഗിക്കാൻ സാധിക്കുകയും ചെയ്തു. രാജ്യത്തുനിന്നും വൻതോതിൽ ഡോളർ പുറത്തേക്ക് ഒഴുകുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ സാധ്യതയുണ്ട്. രൂപ ദുർബലമായാൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മറ്റെല്ലാ സാധനങ്ങൾക്കും വില കൂടും. സ്വർണ ഇറക്കുമതി നിയന്ത്രിച്ചതിലൂടെ ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയാനും രൂപയുടെ മൂല്യം സ്ഥിരതയോടെ നിലനിർത്താനും സർക്കാരിന് കഴിഞ്ഞു.

Content Highlights: Fear of a potential fall in gold prices has prompted many people across India to sell their household gold. Reports indicate a significant increase in gold sales during the April–June quarter, reflecting changing market sentiment and investor concerns over future price movements.

To advertise here,contact us