ന്യൂഡൽഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവെച്ചതിന് പിന്നാലെ ഉഭയകക്ഷി വ്യാപാരത്തിൽ പുതിയ നാഴികക്കല്ല്. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും ആദ്യമായി ബിസ്ക്കറ്റ് ഒമാനിലേക്ക് കയറ്റി അയച്ചു. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ചരക്കുനീക്കം സാധ്യമാക്കിയത്.
വാരാണസി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമ്മാതാക്കളായ 'ശ്രീ തിരുപ്പതി ബാലാജി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്' ആണ് 40 മെട്രിക് ടൺ ബിസ്ക്കറ്റ് ഒമാനിലേക്ക് കയറ്റി അയച്ചത്. കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ള സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതി രംഗത്ത് വലിയൊരു വാണിജ്യ സാധ്യതയ്ക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
വാരാണസിയിൽ നിന്ന് പുറപ്പെട്ട ആദ്യ ബിസ്ക്കറ്റ് ശേഖരം കസ്റ്റംസ് ക്ലിയറൻസിനായി കാൺപൂരിലെ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് (ICD) കൊണ്ടുപോകും. അവിടെനിന്നും മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് (JNPT) വഴിയാണ് കപ്പൽമാർഗ്ഗം ഒമാനിലേക്ക് എത്തിക്കുക.
ഈ മേഖലയിൽ നിന്നുള്ള മൂല്യവർദ്ധിത ഭക്ഷ്യോത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന കയറ്റുമതി ശേഷിയുടെ തെളിവാണ് പുതിയ ചരക്കുനീക്കമെന്ന് അപെഡ (APEDA) വ്യക്തമാക്കി. ഒമാൻ വിപണിയിൽ ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങൾക്ക് പ്രിയമേറുന്ന പശ്ചാത്തലത്തിൽ, വരും മാസങ്ങളിൽ കൂടുതൽ ഉത്പന്നങ്ങൾ വാരാണസിയിൽ നിന്ന് കയറ്റി അയക്കാൻ പദ്ധതിയിടുന്നതായും അധികൃതർ അറിയിച്ചു.
അതേസമയം ഭൗമസൂചിക പദവി (GI Tag) ലഭിച്ച അസമിലെ പ്രശസ്തമായ 'തേസ്പൂർ ലിച്ചി' ചരിത്രത്തിലാദ്യമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തതും ഈ മാസമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാർഷിക ഉത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വലിയൊരു നാഴികക്കല്ലാണ് ഇതെന്നും അപെഡ അധികൃതർ അഭിപ്രായപ്പെട്ടു.
ആദ്യ ഘട്ടത്തിൽ ഒരു ടൺ ലിച്ചിയാണ് ദുബായിലേക്ക് അയച്ചിരിക്കുന്നത്.
തദ്ദേശീയമായി വലിയ ഡിമാൻഡ് ഉള്ള ഉത്പന്നമായിരുന്നിട്ടും, കയറ്റുമതി വിപണിയിലേക്ക് ലിച്ചി നൽകിയതിലൂടെ കർഷകർക്ക് ആഭ്യന്തര വിപണിയേക്കാൾ ഏറെ ഉയർന്ന വിലയാണ് ലഭിച്ചത്. ഇത് അസമിലെ കർഷകരുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തേസ്പൂർ എംഎൽഎ പൃഥ്വിരാജ് രവ, അസം കാർഷിക പ്രൊഡക്ഷൻ കമ്മീഷണർ അരുണ രാജോറിയ, അപെഡ ചെയർമാൻ അഭിഷേക് ദേവ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് കയറ്റുമതി ചടങ്ങ് നടന്നത്.
Content Highlights: A 40-tonne shipment of biscuits from Uttar Pradesh has arrived in Oman, marking a new milestone in India-Oman trade. The export highlights the growing demand for Indian food products in Gulf markets and reflects the strengthening commercial relationship between the two countries through increased agricultural and processed food exports.