കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചാഞ്ചാട്ടങ്ങൾക്ക് ശേഷം നിലവിൽ വിപണിയിൽ ഒരു പരിധി വരെ സ്ഥിരത കൈവരുന്ന ലക്ഷണങ്ങളാണ് കാണുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 110 രൂപ വർധിച്ച് വില 13,195 രൂപയായി മാറി. അതേസമയം ഉയർന്ന പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ വർദ്ധിച്ച് 14,395 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 10,796 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഒരു പവൻ സ്വർണത്തിന്റെ വില്‍പ്പന വില 1,05,560 രൂപയായും ഉയർന്നു. ഇന്നലെ വൈകുന്നേരം പവന് 1,04,680 രൂപയായിരുന്നു വില. അതായത് ഒറ്റയടിക്ക് 880 രൂപയുടെ വലിയൊരു വർധനവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 25-ന് രാവിലെയായിരുന്നു (പവന് 1,02,760 രൂപ). എന്നാൽ അവിടെ നിന്ന് വിപണി ശക്തമായി തിരിച്ചു കയറുന്നതാണ് ഇപ്പോൾ കാണുന്നത്.
ഈ ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ രേഖപ്പെടുത്തിയ 1,14,560 രൂപയാണ്. നിലവിലെ ഈ നിരക്കനുസരിച്ച് ഉപഭോക്താക്കൾ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി.എസ്.ടിയും ഉൾപ്പടെ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ വിപണിയിൽ ഏകദേശം 1,14,000 രൂപയില്‍ അധികം നല്‍കേണ്ടി വരും.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വലിയ തോതിലുള്ള ചലനങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. യു.എസ്. പണപ്പെരുപ്പ നിരക്കുകൾ പുറത്തുവന്നതിന് പിന്നാലെ പലിശനിരക്ക് വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകൾക്ക് നേരിയ ആശ്വാസമുണ്ടായതോടെ രാജ്യാന്തര തലത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളുണ്ടായി. യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ചെറിയ ഇടിവും മാസാവസാനത്തെ വാങ്ങലുകളും സ്വർണത്തിന് കരുത്തേകിയിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ നയങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളും വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയെ സ്വാധീനിക്കും.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിലെ പുരോഗതിയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ആഗോള വിപണിയിലെ പണപ്പെരുപ്പ ഭീഷണികളെ ഒരു പരിധി വരെ കുറച്ചിട്ടുണ്ട്. എങ്കിലും, ഡോളറിതര നിക്ഷേപങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വലിയ തോതിതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് വിപണിക്ക് ശക്തമായ ഒരു അടിത്തറ നൽകുന്നുണ്ട്. വരും മാസങ്ങളിലും കേന്ദ്ര ബാങ്കുകളുടെ സ്വർണശേഖരം വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന് അനുകൂലമായ ഘടകമായി നിലനിൽക്കുന്നു.
Content Highlights: Gold prices in Kerala rose for the fourth consecutive day, with the price of one pavan climbing to ₹1,05,560. The continued rise follows a recent correction and reflects renewed strength in the bullion market, as global gold prices, currency movements, and investor sentiment continue to influence domestic rates.