റിയാദ്: റാസ് തനൂറ ടെർമിനലിൽ നിന്നുള്ള എണ്ണ കയറ്റുമതി പുനരാരംഭിച്ച് സൗദി അരാംകോ. ഗൾഫ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ നാല് മാസത്തോളമായി തനൂറ ടെർമിനലിൽ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ട് കിടക്കുകയായിരുന്നു. മാർച്ച് മാസത്തിന്റെ തുടക്കത്തിലായിരുന്നു ഗൾഫ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതും ഇവിടുത്തെ കയറ്റുമതി തടസ്സപ്പെട്ടതും.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ ഷിപ്പിംഗ് വിവരങ്ങൾ പ്രകാരം, സൗദി ഷിപ്പിംഗ് കമ്പനിയായ 'ബഹ്രി'യുടെ രണ്ട് എണ്ണക്കപ്പലുകൾ വെള്ളിയാഴ്ച ടെർമിനലിൽ നിന്ന് എണ്ണ ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. മൂന്നാമതൊരു കപ്പൽ തീരക്കടലിൽ കാത്തു കിടക്കുന്നുമുണ്ട്. ഇതിൽ ഓരോ കപ്പലിനും 20 ദശലക്ഷം ബാരൽ എണ്ണ വരെ വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ഇടക്കാല കരാറിനെ തുടർന്ന് മേഖലയിലെ സംഘർഷങ്ങൾക്ക് അയവ് വരികയും ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്തതോടെയാണ് എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ വഴിയൊരുങ്ങിയത്.
സൗദി അറേബ്യയുടെ കിഴക്കൻ ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് തനൂറ രാജ്യത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമാണ്. പ്രതിസന്ധിക്ക് മുൻപ് പ്രതിദിനം 50 ദശലക്ഷത്തിലധികം ബാരൽ അസംസ്കൃത എണ്ണയാണ് ഈ പോർട്ട് കൈകാര്യം ചെയ്തിരുന്നത്. കൂടാതെ പ്രതിദിനം 5,50,000 ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള സൗദിയിലെ ഏറ്റവും വലിയ റിഫൈനറിയും ഇവിടെയാണുള്ളത്.
മാർച്ച് 8-നാണ് ഇവിടെ നിന്നുള്ള അവസാന എണ്ണക്കപ്പൽ ചൈനയിലേക്ക് പുറപ്പെട്ടത്. തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി തങ്ങളുടെ കയറ്റുമതി ചെങ്കടൽ തീരത്തുള്ള യാൻബു ടെർമിനലിലേക്ക് മാറ്റിയിരുന്നു. ഈ തടസ്സം കാരണം ഫെബ്രുവരിയിൽ പ്രതിദിനം 70 ദശലക്ഷം ബാരലായിരുന്ന സൗദിയുടെ കയറ്റുമതി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ശരാശരി 40 ദശലക്ഷം ബാരലായി കുറയുകയും ചെയ്തു.
കയറ്റുമതി പുനരാരംഭിച്ചെങ്കിലും ഗൾഫ് മേഖലയിലെ കപ്പൽ സർവീസുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല. ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ഒരു ചരക്കുകപ്പലിന് നേരെ വ്യാഴാഴ്ച ആക്രമണമുണ്ടായതായി സംശയം ഉയർന്നതിനെ തുടർന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഈ മേഖലയിലെ തങ്ങളുടെ നാവിക അകമ്പടി സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കപ്പലിന് നേരെ ഇറാൻ സേനയാണ് വെടിയുതിർത്തതെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചപ്പോൾ, നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് മാത്രമേ സുരക്ഷിത പാത ഉറപ്പ് നൽകാൻ സാധിക്കൂ എന്നാണ് ഇറാൻ അധികൃതർ വ്യക്തമാക്കുന്നത്.
പുതിയ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ വിതരണം സാധാരണ നിലയിലാകുന്നു എന്ന വാർത്തകളെ തുടർന്ന് ആഗോള വിപണിയിൽ വെള്ളിയാഴ്ച എണ്ണവില ബാരലിന് 1 ഡോളറിലധികം കുറഞ്ഞു. സൗദിക്ക് പുറമെ ഇറാഖ്, ഖത്തർ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) എന്നീ രാജ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എണ്ണ കയറ്റുമതി വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് ലഭിച്ചതോടെ ഇറാനും കയറ്റുമതി വേഗത്തിലാക്കി.
Content Highlights: Saudi Aramco has resumed crude oil exports from the Ras Tanura port after a four-month suspension. The restart of shipments from one of the world's largest oil export terminals is expected to strengthen Saudi Arabia's export capacity and support stability in global crude oil supplies amid evolving energy market conditions.