കഴിഞ്ഞ ദിവസങ്ങളിലെ വൻ ഇടിവുകള്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ വർധിച്ച് 12,980 രൂപയായതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,03,840 രൂപയിലെത്തി. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. രാവിലത്തെ ഇടിവിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന വർധനവോടെ പവന്റെ വില 1,03,640 രൂപയിലേക്ക് എത്തിയിരുന്നു. അതേസമയം ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെ രാവിലെയായിരുന്നു - പവന് 1,02,760 രൂപ.
ജൂൺ ഒന്നിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,14,560 രൂപയുമായി ഒത്തുനോക്കുമ്പോൾ നിലവിൽ ഒരു പവന് 10,720 രൂപയോളം കുറവാണ് വിപണിയിലുള്ളത് എന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,160 രൂപയും 18 കാരറ്റിന് 10,620 രൂപയുമാണ് വില. ജിഎസ്ടിയും (3%) ഏകദേശം 5 ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ വിപണിയിൽ ഏകദേശം 1,12,303 രൂപയോളമായിരിക്കും ഇന്നത്തെ ചെലവ്.
ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവിലയിൽ പ്രതിഫലിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളുമാണ് സ്വർണവില താഴേക്ക് പോകാൻ പ്രധാന കാരണമായത്.
എന്നാൽ വില വൻതോതിൽ ഇടിഞ്ഞതിനെ തുടർന്ന് ആഗോള തലത്തിൽ നിക്ഷേപകർ വീണ്ടും കുറഞ്ഞ വിലയിൽ സ്വർണം വാങ്ങിക്കൂട്ടാൻ (low-level buying) തുടങ്ങിയതോടെയാണ് വിപണിയിൽ ഇന്ന് നേരിയ തോതിലുള്ള ഈ തിരിച്ചുവരവ് പ്രകടമായിരിക്കുന്നത്. വരും ദിവസങ്ങളിലെ യുഎസ് സാമ്പത്തിക ഡാറ്റകളും പണപ്പെരുപ്പ നിരക്കുകളും അനുസരിച്ചായിരിക്കും അന്താരാഷ്ട്ര വിപണിയിലെ സ്വർണത്തിന്റെ മുന്നോട്ടുള്ള പ്രയാണം.
Content Highlights: Gold prices rebounded today after witnessing steep declines in recent sessions, temporarily ending expectations of a fall to ₹1 lakh per pavan. The recovery reflects renewed strength in the bullion market, with investors closely tracking global gold prices, US economic signals, and currency movements for the next direction in prices.