മൂന്ന് ദിവസം ഇപിഎഫ്ഒ പോർട്ടൽ കിട്ടില്ല: ജൂൺ 30 വരെ ഷട്ട്ഡൗൺ പ്രഖ്യാപിച്ചു; ഈ സേവനങ്ങള്‍ തടസ്സപ്പെടും

പുതിയ സംവിധാനം വരുന്നതോടെ പേപ്പർ ജോലികൾ ഒഴിവാക്കി തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനാകും

3 min read|26 Jun 2026, 01:02 pm

ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് ക്ലെയിമുകൾ ഫയൽ ചെയ്യാൻ പദ്ധതിയിടുന്നവർക്ക് മൂന്ന് ദിവസം കാത്തിരിക്കേണ്ടി വരും. ഡാറ്റാബേസ് ഏകീകരണവും സോഫ്റ്റ്‌വെയർ അപ്ഗ്രേഡേഷനും നടക്കുന്നതിനാല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) തങ്ങളുടെ ഓൺലൈൻ ക്ലെയിം പോർട്ടൽ മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി ഷട്ട്ഡൗൺ ചെയ്തു. 26 ന് അർദ്ധരാത്രി 12 മണി മുതൽ ആരംഭിച്ച ഈ ഷട്ട്ഡൗൺ 29ന് രാത്രി 23:59 മണി വരെ തുടരുമെന്ന് ഇപിഎഫ്ഒയുടെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. തുടർന്ന് ജൂൺ 30 അർദ്ധരാത്രി 12 മണി മുതൽ ഓൺലൈൻ സേവനങ്ങൾ പുനരാരംഭിക്കും.

ക്ലെയിം പ്രോസസ്സിംഗ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, സുരക്ഷ ശക്തമാക്കുന്നതിനും, വരിക്കാർക്കും തൊഴിലുടമകൾക്കും മികച്ച സേവനം നൽകുന്നതിനുമുള്ള ആസൂത്രിത നവീകരണത്തിന്റെ ഭാഗമായാണ് താൽക്കാലിക ഷട്ട്ഡൗൺ. മെയിന്റനൻസ് നടക്കുന്ന കാലയളവിൽ മെമ്പർ പോർട്ടൽ എംപ്ലോയർ പോർട്ടൽ, ഉമാങ് ആപ്പ് എന്നിവ ലഭ്യമാകില്ല. പിഎഫ് ക്ലെയിം സമർപ്പിക്കലും അവയുടെ പ്രോസസ്സിംഗും, ഇസിആർ ഫയലിംഗ്, പുതിയ ജീവനക്കാർക്കുള്ള യുഎഎൻ ലിങ്കിംഗ്, ഇ-പാസ്‌ബുക്ക് പരിശോധിക്കൽ തുടങ്ങിയ സേവനങ്ങളിലും തടസ്സം നേരിടും.

മെയിന്റനൻസ് കാലയളവില്‍ നേരത്തെ സമർപ്പിച്ച ക്ലെയിമുകൾ റദ്ദാക്കുകയോ നിരസിക്കുകയോ ചെയ്യില്ലെന്നും, എന്നാൽ അവ പ്രോസസ്സ് ചെയ്യുന്നതിൽ കാലതാമസം നേരിടുമെന്നും സിസ്റ്റം വീണ്ടും സജ്ജമാകുന്നതോടെ ഇവ പുനരാരംഭിക്കുമെന്നും ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് അടിയന്തര സഹായം ആവശ്യമുള്ള വരിക്കാർക്ക് 14470 എന്ന നമ്പറിൽ ഇപിഎഫ്ഒ കോൾ സെന്ററുമായി ബന്ധപ്പെടാം.

ഇപിഎഫ്ഒ 3.0

ഈ താൽക്കാലിക ഷട്ട്ഡൗൺ 'ഇപിഎഫ്ഒ 3.0' (EPFO 3.0) പദ്ധതിയുമായി ബന്ധപ്പെട്ടതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിന്റെ ഭാഗമാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ.യുപിഐ അധിഷ്ഠിത പിഎഫ് പിൻവലിക്കൽ സംവിധാനത്തിന്റെ പരീക്ഷണങ്ങൾ പൂർത്തിയായതായും ഇത് ഉടൻ ലഭ്യമാകുമെന്നും തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പുതിയ സംവിധാനം വരുന്നതോടെ പേപ്പർ ജോലികൾ ഒഴിവാക്കി തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും, എടിഎം മാതൃകയിലുള്ള പിൻവലിക്കലുകളും പേപ്പർരഹിത ക്ലെയിം പ്രോസസ്സിംഗും സാധ്യമാകും. ഇതിനാവശ്യമായ ബാക്ക്-എൻഡ് ഇൻഫ്രാസ്ട്രക്ചർ നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ സങ്കീർണ്ണമായ വെരിഫിക്കേഷൻ നടപടികൾ ഒഴിവാക്കി പ്രക്രിയകൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുകയാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.

ശ്രദ്ധിക്കാന്‍

അടിയന്തരമല്ലാത്ത ഇപിഎഫ് ഇടപാടുകൾ ഉള്ളവർ ജൂൺ 30-ന് ശേഷം മാത്രം അതിനായി ശ്രമിക്കുക. അടിയന്തിരമായി പണം പിൻവലിക്കാനോ ട്രാൻസ്ഫർ ചെയ്യാനോ ആഗ്രഹിക്കുന്നവർ അതനുസരിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. സിസ്റ്റം പൂർണ്ണ സജ്ജമായതിന് ശേഷം എസ്എംഎസ്, മിസ്ഡ് കോൾ സേവനങ്ങൾ വഴിയോ ഉമാങ് ആപ്പ് വഴിയോ വരിക്കാർക്ക് തങ്ങളുടെ ഇപിഎഫ് ബാലൻസും പലിശ വിവരങ്ങളും പരിശോധിക്കാവുന്നതാണ്.

Content Highlights: The Employees' Provident Fund Organisation (EPFO) has announced that its online portal will remain unavailable for three days until June 30 due to scheduled maintenance. During the shutdown, several digital services, including member and employer-related facilities, will be temporarily inaccessible until the system is restored.

To advertise here,contact us