മഞ്ഞ് വീഴ്ച്ച, വെള്ളപ്പൊക്കം; പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് പ്രതിസന്ധിയായി കാലാവസ്ഥാ വ്യതിയാനം

നിര്‍ദിഷ്ട സോളാര്‍, കാറ്റാടി, ജലവൈദ്യുത പദ്ധതികള്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി ഉയര്‍ന്ന അല്ലെങ്കില്‍ അതീവ ഗുരുതരമായ അപകടസാധ്യത നേരിടുന്നു

ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ മേഖല കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. 2030 അവസാനത്തോടെ ഏകദേശം 4.7 ലക്ഷം കോടി രൂപ മൂല്യമുള്ള ഊര്‍ജ ആസ്തികള്‍ക്ക് നാശനഷ്ട ഭീഷണിയുണ്ടെന്നുമാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

239 ഗിഗാവാട്ട് ശേഷിയുള്ള നിര്‍ദിഷ്ട സോളാര്‍, കാറ്റാടി, ജലവൈദ്യുത പദ്ധതികള്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി ഉയര്‍ന്ന അല്ലെങ്കില്‍ അതീവ ഗുരുതരമായ അപകടസാധ്യത നേരിടുന്നു. ഇത് ആകെ പദ്ധതികളുടെ ഏകദേശം 90% വരും. ചുഴലിക്കാറ്റ്, കാട്ടുതീ, അതിശക്തമായ വെള്ളപ്പൊക്കങ്ങള്‍, മഞ്ഞ് വീഴ്ച്ച തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങള്‍ പ്രധാന ഭീഷണിയാവും.

സാമ്പത്തിക പ്രത്യാഘാതം

ഇത് നേരിട്ട് കമ്പനികളുടെ സാമ്പത്തിക നിലയെ ബാധിച്ചേക്കും. സോളാര്‍ പാനലുകളുടെ കാര്യക്ഷമത കുറയുമ്പോള്‍ വരുമാനം കുറയും. കാറ്റാടി ടര്‍ബൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അറ്റകുറ്റപ്പണിക്കുള്ള ചെലവും വൈദ്യുതി ഉല്‍പാദന നഷ്ടവും ഒരുപോലെ നേരിടേണ്ടി വരും.

സോളാര്‍ പദ്ധതികള്‍ക്ക് കൂടുതല്‍ അപകടം

പഠനത്തില്‍ വിലയിരുത്തിയ 871 പദ്ധതികളില്‍ ഏകദേശം 70% സോളാര്‍ പദ്ധതികളാണ്. സോളാര്‍ വികസനത്തിന്റെ പ്രധാന കേന്ദ്രങ്ങളായ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച്ച വലിയ ഭീഷണിയാണ്. മഞ്ഞുകട്ടകള്‍ മൂലം പാനലുകള്‍ തകരുക മാത്രമല്ല, സൂക്ഷ്മ വിള്ളലുകള്‍ ഉണ്ടാക്കി ദീര്‍ഘകാല ഉല്‍പാദനക്ഷമത കുറയ്ക്കാനും സാധ്യതയുണ്ട്. വരണ്ട പ്രദേശങ്ങളില്‍ സോളാര്‍ പാനലുകളില്‍ പൊടിപടലങ്ങള്‍ അടിഞ്ഞുകൂടുന്നതും പ്രതിസന്ധിയാവും. ഇത് വൈദ്യുതി ഉല്‍പാദനം കുറയ്ക്കുന്നു. പാനലുകള്‍ വൃത്തിയാക്കാന്‍ കൂടുതല്‍ വെള്ളവും ചെലവും ആവശ്യമായി വരുന്നു.

കാലാവസ്ഥാ അപകടസാധ്യതകളെ നേരിടാനുള്ള പദ്ധതികളും പ്രതിരോധ സംവിധാനങ്ങളും തെളിയിക്കാന്‍ കഴിയുന്ന കമ്പനികള്‍ക്കാണ് ഭാവിയില്‍ ധനസഹായം ലഭിക്കാന്‍ കൂടുതല്‍ സാധ്യത. കാലാവസ്ഥാ പ്രതിരോധ നടപടികള്‍ക്കായി ഏകദേശം 4.6 ബില്യണ്‍ ഡോളര്‍ മുന്‍കൂട്ടി നിക്ഷേപിച്ചാല്‍, പ്രതീക്ഷിക്കുന്ന നഷ്ടം 55 ബില്യണ്‍ ഡോളറില്‍ നിന്ന് 27 ബില്യണ്‍ ഡോളറായി കുറയ്ക്കാന്‍ കഴിയും.

2035 ഓടെ ഇന്ത്യയുടെ വൈദ്യുതി ഉല്‍പാദന ശേഷിയിലെ 60 ശതമാനവും പുനരുപയോഗ ഊര്‍ജ മേഖലയില്‍ നിന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. എന്നാല്‍ കൂടുതല്‍ സോളാര്‍ പാനലുകളും കാറ്റാടികളും സ്ഥാപിക്കുന്നത് മാത്രം മതിയാകില്ല. അവ അതിശക്തമായ കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Content Highlights: A new study by Zurich Insurance warns that nearly 90% of India’s planned renewable energy capacity faces high climate-related risks from extreme weather events such as floods, wildfires, tornadoes, and hailstorms. Without stronger resilience measures, around $55 billion worth of renewable energy assets could be exposed to damage by the end of the decade, posing a major challenge to India’s clean energy transition goals

To advertise here,contact us