ഫുട്ബോള് ലോകകപ്പിലെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ഫിഫ.ഇത്തവണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 871 മില്യൺ ഡോളറാണ് (ഏകദേശം 7,260 കോടി രൂപ) ആകെ സമ്മാനത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ തുടക്കത്തിൽ 727 മില്യൺ ഡോളറാണ് ഫിഫ ആകെ തുകയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് ടീമുകളുടെ പങ്കാളിത്ത തുകയും മുന്നൊരുക്കങ്ങൾക്കുള്ള ഫീസും വർദ്ധിപ്പിച്ചതോടെയാണ് സമ്മാനത്തുക റെക്കോർഡ് നിലയിലേക്ക് ഉയർന്നത്.
2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിലെ സമ്മാനത്തുകയേക്കാൾ 50 ശതമാനത്തിലധികം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ ആകെ തുകയെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്മാനങ്ങളായും (Performance-based), അല്ലാതെ ടീമുകൾക്ക് നൽകുന്ന സാമ്പത്തിക സഹായങ്ങളായും (Non performance-based) രണ്ടായി തിരിച്ചാണ് ഫിഫ വിഭജിക്കുന്നത്.
പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്മാനത്തുകയ്ക്കായി മാത്രം ആകെ തുകയിൽ നിന്ന് 671 മില്യൺ ഡോളർ (ഏകദേശം 5,593 കോടി രൂപ) മാറ്റിവെച്ചിട്ടുണ്ട്. ടൂർണമെന്റിൽ ഓരോ ടീമും മുന്നേറുന്നതനുസരിച്ച് അവർക്ക് ലഭിക്കുന്ന തുകയും വർദ്ധിക്കും. ഫിഫയുടെ പുതിയ പ്രഖ്യാപന പ്രകാരം ലോകകപ്പ് കിരീടം നേടുന്ന ജേതാക്കൾക്ക് 50 മില്യൺ ഡോളറാണ് (ഏകദേശം 417 കോടി രൂപ) സമ്മാനമായി ലഭിക്കുക.
രണ്ടാം സ്ഥാനം നേടുന്ന റണ്ണേഴ്സ് അപ്പിന് 33 മില്യൺ ഡോളറും (ഏകദേശം 275 കോടി രൂപ), മൂന്നാം സ്ഥാനക്കാർക്ക് 29 മില്യൺ ഡോളറും (ഏകദേശം 241 കോടി രൂപ), നാലാം സ്ഥാനത്തെത്തുന്ന ടീമിന് 27 മില്യൺ ഡോളറും (ഏകദേശം 225 കോടി രൂപ) ലഭിക്കും. ഇതുകൂടാതെ 5 മുതൽ 8 വരെയുള്ള സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് 19 മില്യൺ ഡോളർ വീതവും (ഏകദേശം 158 കോടി രൂപ), 9 മുതൽ 16 വരെയുള്ള സ്ഥാനക്കാർക്ക് 15 മില്യൺ ഡോളർ വീതവും (ഏകദേശം 125 കോടി രൂപ), 17 മുതൽ 32 വരെയുള്ള സ്ഥാനക്കാർക്ക് 11 മില്യൺ ഡോളർ വീതവും (ഏകദേശം 91.7 കോടി രൂപ), 33 മുതൽ 48 വരെയുള്ള സ്ഥാനങ്ങളിൽ പുറത്താകുന്ന ടീമുകൾക്ക് പോലും 10 മില്യൺ ഡോളർ വീതവും (ഏകദേശം 83.3 കോടി രൂപ) പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ സാധിക്കും.
ടൂർണമെന്റിലെ പ്രകടനം എങ്ങനെയായാലും ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും തുല്യമായി വിഭജിച്ചു നൽകുന്നതിനായി ബാക്കി 200 മില്യൺ ഡോളർ (ഏകദേശം 1,667 കോടി രൂപ) ഫിഫ മാറ്റിവെച്ചിട്ടുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും യാത്രാച്ചെലവുകൾക്കും മറ്റ് ഭരണപരമായ കാര്യങ്ങൾക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രെയിനിങ് ക്യാമ്പുകൾക്കും യാത്രാച്ചെലവുകൾക്കുമായി ഓരോ രാജ്യത്തിനും 'പ്രിപ്പറേഷൻ മണി' ആയി 2.5 മില്യൺ ഡോളർ (ഏകദേശം 20.8 കോടി രൂപ) വീതം ലഭിക്കും.
കൂടാതെ, ടീമുകളുടെ ഡെലിഗേഷൻ ചെലവുകൾക്കും വർദ്ധിപ്പിച്ച ടിക്കറ്റ് അലോക്കേഷനുകൾക്കുമായി ഓരോ ടീമിനും 'അഡീഷണൽ ടീം കോൺട്രിബ്യൂഷൻ' ഇനത്തിൽ 1.6 മില്യണിലധികം ഡോളറും (ഏകദേശം 13.3 കോടി രൂപ) ഫിഫ നൽകുന്നുണ്ട്. ചുരുക്കത്തിൽ, ലോകകപ്പിൽ യോഗ്യത നേടുന്നതിലൂടെ ലഭിക്കുന്ന കുറഞ്ഞ തുകയായ 10 മില്യൺ ഡോളറും മറ്റ് അലവൻസുകളും ചേർത്ത് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ ടീമിനും ചുരുങ്ങിയത് 12.5 (ഏകദേശം 104 കോടിയിലധികം രൂപ) മില്യൺ ഡോളർ ഉറപ്പായും ലഭിക്കുമെന്നത് ഇത്തവണത്തെ ലോകകപ്പിന്റെ വലിയ സവിശേഷതയാണ്.
Content Highlights: FIFA has nearly doubled the total prize money for the upcoming World Cup compared with the Qatar edition. Under the revised payout structure, every participating team is guaranteed more than ₹100 crore, even if it is eliminated in the group stage, reflecting FIFA's record investment in the tournament.